‘ഒരു പെണ്ണിന്റെ കൈപിടിച്ചിരുന്ന് ക്യാമറ സ്‌പേസ് ഉണ്ടാക്കേണ്ട കാര്യമില്ല’; ഫേക്ക് എന്ന് വിളിച്ച ഗബ്രിയോട് ഉറഞ്ഞുതുള്ളി ജാന്മണി

ബിഗ് ബോസ് മലയാളം ആറാം സീസണെ ഡ്രാമ സീസണ്‍ എന്ന് വിളിക്കേണ്ട സ്ഥിതിയാണ്. എന്നും എന്തെങ്കിലും ഡ്രാമ ഉറപ്പാണ്. ഇന്നത്തേത് ജാന്മണി വകയായിരുന്നു. എല്ലാദിവസവും വീട്ടിലെ അംഗങ്ങള്‍ക്ക് ബിഗ് ബോസ് ഒരു മോര്‍ണിങ് ആക്ടിവിറ്റി നല്‍കാറുണ്ട്. ഇന്നും നല്‍കി. ക്യാമറ സ്‌പേസിന് വേണ്ടി ഡ്രാമ കാണിക്കുന്നതാര് എന്നതായിരുന്നു ഇന്നത്തെ മോര്‍ണിങ് ആക്ടിവിറ്റിയിലെ ചോദ്യം. ജാന്മണി ഉള്‍പ്പെടെയുള്ള പലരും ഗബ്രിയുടെ പേരാണ് പറഞ്ഞത്. എല്ലാ പ്രശ്‌നങ്ങളിലും ആവശ്യമില്ലാതെ ഗബ്രി ഇടപെടും എന്നാണ് ജാന്മണി പറഞ്ഞത്. എന്നാല്‍ ജിന്റോ, ശ്രീതു തുടങ്ങിയവരുടെ പേരാണ് ഗബ്രി പറഞ്ഞത്. കൂടെ ജാന്മണിയുടെ പേരും പറഞ്ഞു.

ജിന്റോയെ കഴിഞ്ഞദിവസത്തെ വഴക്കിനിടെ മണ്ടന്‍ എന്നാണ് ഗബ്രി വിളിച്ചതെങ്കില്‍ ഇന്ന് കോമാളി എന്നാണ് വിശേഷിപ്പിച്ചത്. ഇതോടെ ജിന്റോയെക്കുറിച്ച് ഗബ്രിക്കുള്ള അഭിപ്രായംകൂടിയാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ജിന്റോ ഇത് തമാശമട്ടില്‍ എടുത്ത് വിട്ടുകളഞ്ഞു. ശ്രീതുവിന്റെ മേക്കപ്പിനെക്കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചുമാണ് ഗബ്രി സംസാരിച്ചത്. ജാന്മണിയെക്കുറിച്ച് പറഞ്ഞപ്പോള്‍ ജാന്മണി ഫേക്ക് ആണെന്നായിരുന്നു ജിന്റോ വിശേഷിപ്പിച്ചത്. ജാന്മണി തോന്നുന്നതു പോലെ നിലപാട് മാറ്റുമെന്നും ഓരോ സമയത്തും ഓരോ സ്വഭാവമാണ് കാണിക്കുന്നതെന്നും പറയുകയുണ്ടായി. നാട്ടുകാരെന്തു വിചാരിക്കും എന്ന് കരുതി നന്മയുടെ ഭാഗത്ത് നില്‍ക്കാന്‍ മനപൂര്‍വ്വം ജാന്മണി ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ടെന്നും ഗബ്രി പറഞ്ഞു.

കുറച്ചു സമയത്തിനുശേഷം ഗബ്രിയും ജാസ്മിനും ഇരുന്ന് സംസാരിക്കെ ജാന്മണിയും രസ്മിനും അവര്‍ക്കരികിലെത്തി. ‘ഗബ്രി പവര്‍ റൂം പറഞ്ഞാലേ കേള്‍ക്കു ക്യാപ്റ്റന്‍ പറഞ്ഞാല്‍ കേള്‍ക്കുന്നില്ലെന്ന് ജാന്മണി പരാതി പറഞ്ഞു,’ എന്ന് രസ്മിന്‍ ഗബ്രിയെ അറിയിച്ചു. അവിടുന്നാണ് തര്‍ക്കം തുടങ്ങിയത്. ‘ജാന്മണിക്കൊരു വിചാരമുണ്ട്, ജാന്മണി എന്ത് തോന്നിവാസം കാണിച്ചാലും ആരും പ്രതികരിക്കില്ല എന്ന്. ആ വിചാരം മടക്കിക്കുത്തി മനസില്‍ വച്ചാല്‍ മതി. വ്യക്തിപരമായ പകവച്ചാണ് ജാന്മണി പെരുമാറുന്നത്,’ എന്ന് ഗബ്രി പറഞ്ഞു.

ഇതിനു ശേഷം ജാന്മണിയുടെ മറ്റൊരു രൂപവും ഭാവവുമാണ് പ്രേക്ഷകര്‍ കണ്ടത്. ഒരുപക്ഷെ ഇതിനു മുമ്പ് കാണാത്ത ഭാവം. ഉറഞ്ഞുതുള്ളുകയായിരുന്നു ജാന്മണി. ‘നിനക്ക് എങ്ങനെയാണ് എന്നെ ഫേക്ക് എന്ന് വിളിക്കാന്‍ സാധിച്ചത്? നീയാണ് ഫേക്ക്. ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. നിന്നെപ്പോലെ ഒരു മൂലയില്‍ പോയിരുന്ന് ഒരു പെണ്ണിന്റെ കയ്യുംപിടിച്ചിരുന്ന് ക്യാമറസ്‌പേസ് ഉണ്ടാക്കേണ്ട കാര്യം എനിക്കില്ല,’ എന്നെല്ലാമാണ് ജാന്മണി കരഞ്ഞും ദേഷ്യപ്പെട്ടും പറഞ്ഞത്. ഹിസ്റ്റീരിയ ബാധിച്ചതു പോലെയായിരുന്നു ജാന്മണിയുടെ പെരുമാറ്റം. സഹമത്സരാര്‍ത്ഥികള്‍ ജാന്മണിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഒന്നും നടക്കുന്നില്ലായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top