കണ്‍ഫെഷന്‍ റൂമില്‍ പൊട്ടിക്കരഞ്ഞ് ജാസ്മിന്‍; ‘എനിക്ക് ബിഗ് ബോസ് ഹൗസില്‍ ആരെയും കാണണ്ട’; ആശ്വസിപ്പിച്ച് റസ്മിനും അപ്‌സരയും
ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ വൈകാരികമായി പുതിയ വഴിത്തിരിവുകളിലൂടെയാണ് ജാസ്മിന്‍-ഗബ്രി കോമ്പോ കടന്നു പോകുന്നത്. ഞായറാഴ്ച എപ്പിസോഡില്‍ മോഹന്‍ലാല്‍ ഹൗസിലെത്തി ഇക്കാര്യം സംസാരിച്ചിരുന്നു. അതുതന്നെയായിരുന്നു ഹൗസില്‍ ഇന്നത്തെ ചര്‍ച്ചാവിഷയവും. ഗബ്രി ഷോയില്‍ നിന്ന് പുറത്തേക്ക് പോകുകയാണെന്ന് പറഞ്ഞപ്പോള്‍ അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് ജാസ്മിന്‍ പിന്തിരിപ്പിച്ചു. ഗബ്രിയെ ആശ്വസിപ്പിച്ചെങ്കിലും ജാസ്മിന്‍ കൂടുതല്‍ തളര്‍ന്നു പോകുന്നതായാണ് മനസിലാകുന്നത്.
ഇന്ന് മൈക്ക് ധരിക്കാത്തതിന്റെ പേരില്‍ ക്യാപ്റ്റന്‍ ജിന്റോയുമായി തുടങ്ങിയ വഴക്ക് വലിയൊരു കരച്ചിലിലാണ് എത്തിച്ചേര്‍ന്നത്. മൈക്ക് ധരിച്ചിട്ടില്ലെന്ന് ജിന്റോ ചൂണ്ടിക്കാട്ടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. മൈക്ക് ധരിക്കാതെ ജാസ്മിന്‍ ഗബ്രിയോട് സംസാരിക്കുന്നു എന്നതായിരുന്നു ജിന്റോയുടെ ആരോപണം. താന്‍ സംസാരിക്കുന്നില്ലെന്ന് ജാസ്മിനും പറഞ്ഞു. പക്ഷെ മൈക്ക് ധരിക്കണം എന്ന് ജിന്റോ വാശിപിടിച്ചു. ഇരുവരും തര്‍ക്കമായി. ഈ സമയത്ത് തന്നെ ജാസ്മിന് കരച്ചില്‍ ആരംഭിച്ചിരുന്നു.
വൈകാതെ ജാസ്മിനെ കണ്‍ഫെഷന്‍ റൂമിലേക്ക് എത്തിക്കാന്‍ ബിഗ് ബോസ് തന്നെ അപ്‌സരയോടും റസ്മിനോടും ആവശ്യപ്പെട്ടു. കണ്‍ഫെഷന്‍ റൂമിലെത്തിയ ജാസ്മിന്‍ വലിയ മാനസിക സമ്മര്‍ദ്ദത്തിലും ആശയക്കുഴപ്പത്തിലുമായിരുന്നു. തനിക്ക് ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചുപോകേണ്ടെന്നും അവിടുത്തെ ആരെയും തനിക്ക് കാണേണ്ടെന്നും ജാസ്മിന്‍ പറഞ്ഞു. അടുത്ത സുഹൃത്തായ റസ്മിന്‍ ജാസ്മിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഗബ്രിയോ ജാസ്മിനോ പരസ്പരം വിഷമിപ്പിച്ചിട്ടില്ലെന്നും മറ്റ് ചില മത്സരാര്‍ഥികളുടെ വാക്കുകളാണ് ഇരുവര്‍ക്കും വേദനയാകുന്നതെന്നും റസ്മിന്‍ പറഞ്ഞു.
ഒന്നു ഓക്കെയായതിനു ശേഷം കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ഹൗസിലേക്ക് വന്നാല്‍ മതിയെന്ന് ബിഗ് ബോസും ജാസ്മിനോട് പറഞ്ഞു. താനും ഗബ്രിയും തമ്മിലുള്ള അടുപ്പം മറ്റുള്ളവര്‍ എത്തരത്തിലാണ് മനസിലാക്കുന്നതെന്ന സംശയമാണ് ജാസ്മിനെ അലട്ടുന്നത്. ഞായറാഴ്ച എപ്പിസോഡില്‍, ഗബ്രിയുടെ സ്വാധീനം മത്സരാര്‍ഥിയെന്ന തരത്തില്‍ ജാസ്മിനെ പിന്നോട്ട് വലിക്കുന്നുണ്ടോയെന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ഇന്നലെ ഗബ്രി മാനസികമായി തകര്‍ന്ന നിലയിലാണ് കാണപ്പെട്ടത്. ഇന്നത്തെ ദിവസവും മെഡിക്കല്‍ റൂമിലേക്ക് വിളിക്കുന്നതുവരെ ഗബ്രി ആരോടും സാസാരിച്ചിരുന്നില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here