‘ഛര്‍ദ്ദി കോരിയാല്‍ 10 രൂപ കിട്ടും’, ഒമ്പതാം ക്ലാസിൽ ബാറില്‍ ജോലിക്കു പോയ കഥ പറഞ്ഞ് ജിൻ്റോ; കണ്ണീരണിഞ്ഞ് ബിഗ് ബോസ് ഹൗസ്

മത്സരാര്‍ത്ഥികളുടെ ജീവിത കഥകളും ഓര്‍മകളും കഠിനകാലങ്ങളും പങ്കുവയ്ക്കുന്ന സെഗ്മെന്‌റ് എല്ലാ ബിഗ് ബോസിലുമുണ്ട്. ആറാം സീസണിലും പതിവുതെറ്റിക്കാതെ ഓര്‍മകള്‍ എന്ന പേരോടെ ബിഗ് ബോസ് ആ സെഗ്മെന്റ് ആരംഭിച്ചു. ഓരോ മത്സരാര്‍ത്ഥികളും മറ്റ് മത്സരാര്‍ത്ഥിയെ അഭിമുഖം ചെയ്യുന്ന ശൈലിയിലാണ്. സെഗ്മെന്റില്‍ ആദ്യമായി തന്റെ ജീവിതകഥ പങ്കുവച്ചത് സെലിബ്രിറ്റി ട്രെയിനറായ ജിന്റോ ആയിരുന്നു. അവതാരകനായി എത്തിയത് സിജോയും.

ജിന്റോ തന്റെ ഇന്നത്തെ ജീവിതത്തെക്കുറിച്ച് പറഞ്ഞാണ് ഇന്നലെകളിലേക്ക് പോയത്. ഇന്ന് താനൊരു സെലിബ്രിറ്റി പേഴ്‌സണല്‍ ട്രെയിനറും ഇന്റര്‍നാഷണല്‍ ബോഡി ബില്‍ഡറും നിരവധി അവാര്‍ഡുകള്‍ നേടിയ വ്യക്തിയുമാണ്. എന്നാല്‍ ഇതൊന്നും അല്ലാത്ത, ദാരിദ്ര്യത്തിന്റെ ഒരു ഭൂതകാലം തനിക്കുണ്ടായിരുന്നു എന്നാണ് ജിന്റോ പറഞ്ഞത്.

‘എന്റെ അപ്പന്‍ കൂലിപ്പണിക്കാരനായിരുന്നു. അമ്മയും എന്തെങ്കിലുമൊക്കെ പണിക്കു പോയിരുന്നു. ഞങ്ങള്‍ മൂന്ന് മക്കളാണ്. ഞാനാണ് മൂത്തയാള്‍. ആറാം ക്ലാസ് മുതല്‍ എന്ത് ജോലി ചെയ്യാന്‍ പറ്റും എന്നതായിരുന്നു എന്റെ ചിന്ത. ലൂബിക്ക ഉപ്പിലിട്ട് വിറ്റും പള്ളിപ്പറമ്പിലെ കപ്പലണ്ടി വിറ്റും നോക്കി. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ രണ്ടുമാസത്തെ അവധിക്കാലത്ത് തൃശൂരിലെ ഒരു ബാറില്‍ ജോലിക്കു കയറി. പാത്രം കഴുകലായിരുന്നു ജോലി. ആളുകള്‍ ഛര്‍ദ്ദിച്ചതു കോരിയാല്‍ പത്തുരൂപ കിട്ടും. അന്ന് പത്തുപേര്‍ ഛര്‍ദ്ദിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. കാരണം നൂറുരൂപ കിട്ടുമല്ലോ. ഒരറപ്പും ഇല്ലാതെ ഞാന്‍ ആ ജോലി ചെയ്തിട്ടുണ്ട്. വീട്ടില്‍ വന്ന് അമ്മയോട് മാത്രം ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ അമ്മ നെഞ്ചത്തടിച്ചു നിലവിളിച്ചിട്ടുണ്ട്. പക്ഷെ ജീവിതത്തില്‍ വളരണം എന്നാഗ്രഹിച്ച ആളാണ് ഞാന്‍. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ കരാട്ടെ ക്ലാസില്‍ പോയിരുന്നു. രണ്ട് മാസം ഫീസ് കൊടുക്കുമ്പോള്‍ പിന്നെ പോകാന്‍ പറ്റില്ല. അവിടെ ഉള്ളൊരു ഓഡിറ്റോറിയത്തില്‍ അടിച്ച് വാരും. അങ്ങനെ സാറ് വന്ന് പഠിപ്പിക്കും. ഒമ്പതാം ക്ലാസില്‍ വച്ച് ബ്ലാക് ബെല്‍റ്റ് എടുത്തു.’

ജിന്റോയുടെ ജീവിത കഥ കേട്ടിരുന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി. ജീവിതത്തിലെ ഏറ്റവും വലിയ ശക്തി തന്റെ അമ്മയാണെന്ന് ജിന്റോ പറഞ്ഞു.

“നിങ്ങള്‍ എന്നോട് ചോദിച്ചില്ലേ നോമിനേഷനില്‍ വന്നപ്പോള്‍ എന്തിനാണ് അങ്ങനെ പ്രതികരിച്ചത് എന്ന്. അമ്മ എല്ലാ ദിവസവും ബിഗ് ബോസ് കാണും. ശ്വാസകോശത്തില്‍ അസുഖം ഉള്ള ആളാണ് അമ്മ. ഡോക്ടര്‍മാര്‍ പറഞ്ഞത് കൂടുതല്‍ ചികിത്സകള്‍ വേണ്ട, ഗുളിക കൊടുത്താല്‍ മതി എന്നാണെന്നാ. അമ്മ പെട്ടെന്ന് മരിക്കുമെന്ന്. പക്ഷേ എനിക്കത് പറ്റില്ല. അമ്മയ്ക്ക് വേണ്ടി ഒരുമാസം ചെലവാക്കുന്ന കാശിന് കണക്കില്ല. ഞങ്ങളെ അങ്ങനെ നോക്കിയതാണ് അമ്മ. അപ്പോള്‍ അമ്മ കാണും നോമിനേഷന്‍. അതാണ് അങ്ങനെ പ്രതികരിച്ചത്. അല്ലാതെ ഞാന്‍ കേറിപ്പോരില്ല എന്ന് വിചാരിച്ചിട്ടല്ല.”

നോമിനേഷനില്‍ വന്നപ്പോള്‍ ദേഷ്യത്തോടെയായിരുന്നു ജിന്റോയുടെ പ്രതികരണം. ബിഗ് ബോസ് ഹൗസില്‍ നല്ല ചായ കിട്ടിയില്ലെന്നും പറഞ്ഞ് വഴക്കുണ്ടാക്കാന്‍ ശ്രമിച്ച ജിന്റോ സ്‌ക്രീന്‍സ്‌പേസിന് വേണ്ടി ബഹളം വയ്ക്കുന്നുവെന്നായിരുന്നു അന്ന് മറ്റ് മത്സരാര്‍ത്ഥികള്‍ പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top