ബിഗ് ബോസ് വീട്ടിൽ മഞ്ഞ കാര്‍ഡുമായി മോഹന്‍ലാല്‍; അഭിഷേകിന് ഇത് അവസാന താക്കീത്, ഇനി ‘കടക്ക് പുറത്ത്’; കളറായി വീക്കെന്‍ഡ് എപ്പിസോഡ്

ബിഗ് ബോസ് പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് വീക്കെന്‍ഡ് എപ്പിസോഡിനാണ്. കാരണം അന്നാണ് അവതാരകനായ മോഹന്‍ലാല്‍ എത്തുന്നത്. മിക്ക ആഴ്ചകളിലും പല മത്സരാര്‍ത്ഥികള്‍ക്കും മോഹന്‍ലാലിന്റെ വായില്‍ നിന്ന് കണക്കിന് കേള്‍ക്കാറുമുണ്ട്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ എത്തിയതിനു ശേഷമുള്ള ആദ്യ വാരാന്ത്യ എപ്പിസോഡ് ആണ് ഇന്നത്തേത്. ഇന്ന് മോഹന്‍ലാല്‍ എത്തിത് കയ്യിലൊരു മഞ്ഞ കാര്‍ഡുമായാണ്.

അഭിഷേക് ശ്രീകുമാര്‍ എന്ന മത്സരാര്‍ത്ഥിക്കു നേരെയാണ് മോഹന്‍ലാല്‍ മഞ്ഞ കാര്‍ഡ് ഉയര്‍ത്തിയത്. അഭിഷേക് ട്രാന്‍സ് കമ്യൂണിറ്റിക്ക് എതിരെ സംസാരിച്ച കാര്യത്തെ കുറിച്ചാണ് മോഹന്‍ലാല്‍ പറഞ്ഞത്. അക്കാര്യം ചോദ്യം ചെയ്യേണ്ട കാര്യമാണെന്നും ഇനി ആവര്‍ത്തിച്ചാല്‍ ചുവപ്പു കാര്‍ഡ് കാണിച്ച് അഭിഷേകിനെ പുറത്താക്കുമെന്നും മോഹന്‍ലാല്‍ മുന്നറിയിപ്പ് നല്‍കി. അഭിഷേകിന് ശിക്ഷയെന്നോണം രണ്ടാഴ്ച ഡയറക്ട് നോമിനേഷനില്‍ വരുമെന്നും അതിനാല്‍ തന്നെ പവര്‍ ടീമിന്റെ ഭാഗമാകാന്‍ കഴിയില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയ്‌ക്കെതിരെ അഭിഷേക് വന്ന ദിവസം തന്നെ നടത്തിയ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മുന്‍ ബിഗ് ബോസ് താരങ്ങളായ റിയാസ് സലിം, ദിയ സന, നാദിറ മെഹ്‌റിന്‍ എന്നിങ്ങനെ നിരവധി പേര്‍ അഭിഷേകിനെ ഷോയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ത്ഥിയായ സായ് കൃഷ്ണയ്ക്കും മോഹന്‍ലാലിന്റെ മുന്നറിയിപ്പ് കിട്ടി. വന്ന ദിവസം തന്നെ ജാസ്മിനോട് പുറത്തു നടന്ന കാര്യങ്ങള്‍ പങ്കുവച്ചതാണ് സായ് കൃഷ്ണയ്ക്ക് പണിയായത്. ഇത് തന്റെ ഗെയിമിന്റെ ഭാഗമായിരുന്നുവെന്നും ജാസ്മിനെ മാനസികമായി തളര്‍ത്താനാണ് അങ്ങനെ ചെയ്തതെന്നും സായ് സമ്മതിച്ചു. ശിക്ഷയായി അടുത്തയാഴ്ച ഡയറക്ട് നോമിനേഷനില്‍ സായ് എത്തും. കൂടാതെ ഹൗസിലെ അംഗങ്ങള്‍ക്കുള്ള ലക്ഷ്വറി പോയിന്റില്‍ നിന്ന് ആയിരം പോയിന്റ് കട്ട് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top