ഒടുവില്‍ നോറ പുറത്തേക്ക്; ആരോടും യാത്ര പറയാതെ പടിയിറക്കം; ഫൈനല്‍ ഫൈവില്‍ എത്താന്‍ ശ്രീതുവിനെക്കാള്‍ യോഗ്യത നോറയ്‌ക്കെന്ന് പ്രേക്ഷകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാന ആഴ്ചയിലേക്ക് കടക്കുകയാണ്. ഫൈനല്‍ അടുക്കും തോറും ഒന്നോ അതില്‍ കൂടുതല്‍ ആളുകൾ എവിക്ഷനിലൂടെ പുറത്തു പോകാന്‍ സാധ്യതയുണ്ട്. ഈ വാരാന്ത്യ എപ്പിസോഡില്‍ ആദ്യം പുറത്തു പോകുന്നത് നോറയാണ്. കഴിഞ്ഞയാഴ്ച സീക്രട്ട് റൂമില്‍ പോയി തിരിച്ചെത്തിയതിന് ശേഷമാണ് നോറ ഈയാഴ്ച പുറത്തു പോകുന്നത് എന്നത് ശ്രദ്ധേയമാണ്. ടിക്കറ്റ് ടു ഫിനാലെ സ്വന്തമാക്കിയ അഭിഷേക് ശ്രീകുമാര്‍ ഒഴികെ ബാക്കിയെല്ലാ മത്സരാര്‍ത്ഥികളും നോമിനേഷനില്‍ വന്ന ആഴ്ച കൂടിയായിരുന്നു കടന്നു പോയത്.
ഇക്കുറി ഷോയുടെ അവതാരകനായ മോഹന്‍ലാല്‍ തന്നെയാണ് പുറത്തു പോകുന്നവരുടെ പേരുകള്‍ പ്രഖ്യാപിച്ചത്. മോഹന്‍ലാലിന്റെ ഫ്‌ളോറില്‍ എവിക്ട്, സേവ്, റിസള്‍ട്ട് പെന്‍ഡിങ് എന്നിങ്ങനെ മൂന്ന് കള്ളികളുള്ള ബോര്‍ഡും മത്സരാര്‍ത്ഥികളുടെ ഫോട്ടോകളുമാണ് ഉണ്ടായിരുന്നത്. അര്‍ജുന്‍, ജിന്റോ എന്നിവര്‍ ആദ്യം തന്നെ സേവ് ആയി. ജാസ്മിന്‍, സിജോ, ഋഷി എന്നിവരുടെ ഫോട്ടോ റിസള്‍ട്ട് പെന്റിങ് എന്ന കോളത്തിലാണ് മോഹന്‍ലാല്‍ എടുത്തുവച്ചത്. അവശേഷിച്ചത് ശ്രീതുവും നോറയുമായിരുന്നു. ഒടുവില്‍ നോറയുടെ ഫോട്ടോ എടുത്ത് മോഹന്‍ലാല്‍ എവിക്ട് എന്ന കോളത്തിലേക്ക് മാറ്റി.
ആരോടും കാര്യമായ യാത്രപറച്ചിലുകള്‍ക്ക് നില്‍ക്കാതെയാണ് നോറ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയത്. തുടക്കം മുതല്‍ വീട്ടില്‍ ഏറ്റുമുട്ടിയിരുന്ന ജാസ്മിന്‍ നോറക്കരികിലെത്തി നോറയെ കെട്ടിപ്പിടിച്ചു. ഫ്‌ളോറില്‍ എത്തിയ നോറയോട്, എന്തുകൊണ്ട് ആരോടും യാത്ര പറഞ്ഞില്ല എന്നു ചോദിച്ചപ്പോള്‍, കരയാതിരിക്കാനാണ് എന്നായിരുന്നു നോറയുടെ മറുപടി. അതേസമയം, നോറയല്ല ശ്രീതുവായിരുന്നു പുറത്തു പോകേണ്ടിയിരുന്നത് എന്നാണ് പ്രേക്ഷകരില്‍ വലിയൊരു വിഭാഗം അഭിപ്രായം പറയുന്നത്. ആദ്യം മുതലേ ശ്രീതുവിന്റേത് സേഫ് ഗെയിമായിരുന്നുവെന്നും നോറ മാത്രമാണ് ബിഗ് ബോസ് വീട്ടില്‍ ഒറ്റയ്ക്ക് നിന്ന് കളിച്ചയാളെന്നും പ്രേക്ഷകര്‍ പറയുന്നു. ജാസ്മിന്‍, ഋഷി, സിജോ എന്നിവരുടെ വിധി ഇന്നറിയാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here