തേങ്ങാ ഉടക്ക് സാമീ… പെട്ടിയും തൂക്കി രതീഷ് വാതില്‍ വരെ; തിരിഞ്ഞു നോക്കാതെ ബിഗ് ബോസ്; കൂവി വിളിച്ച് മറ്റ് മത്സരാര്‍ത്ഥികള്‍
ബിഗ് ബോസ് ഹൗസിലെ മൂന്നാം ദിവസം ഏറെ നാടകീയതകള്‍ നിറഞ്ഞതായിരുന്നു. രണ്ടാം ദിവസം തന്നെ കെട്ടിപ്പിടിച്ച് ഗുഡ് മോണിങ് പറഞ്ഞ ജാന്മണി ദാസിനെതിരെ രതീഷ് ഉന്നയിച്ച ആരോപണങ്ങള്‍ ഇപ്പോള്‍ രതീഷിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്. സുരേഷാണ് അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുന്നത്. രതീഷ് തന്നെ കെട്ടിപ്പിടിച്ച് ഉമ്മവച്ചെന്നും ഇത് സഭ്യമായി തനിക്ക് തോന്നിയില്ലെന്നും സുരേഷ് ആരോപിച്ചു. രതീഷിനെതിരെ നടപടിയെടുക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു. സിജോയും ഋഷിയും അടക്കമുള്ള മത്സരാര്‍ത്ഥികള്‍ സുരേഷിനൊപ്പം നിന്നതോടെ താനിനി ബിഗ് ബോസില്‍ നില്‍ക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് രതീഷ് പെട്ടി പാക്ക് ചെയ്യുന്ന കാഴ്ചയാണുണ്ടായത്.
തന്റെ മേല്‍ എടുത്താല്‍ പൊങ്ങാത്ത ആരോപണമാണ് സുരേഷ് കെട്ടിവച്ചിരിക്കുന്നതും അത് തന്റെ വ്യക്തി ജീവിതത്തെയും കുടുംബ ജീവിതത്തെയും ബാധിക്കുമെന്ന് പറഞ്ഞാണ് രതീഷ് വീട് വിട്ട് ഇറങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ രതീഷിന്റെ ഗെയിം തിരിച്ചറിഞ്ഞ മിക്ക മത്സരാര്‍ത്ഥികളും എതിര്‍ക്കാന്‍ നിന്നില്ല. രതീഷ് രണ്ടുപെട്ടികളുമായി ബിഗ് ബോസ് ഹൗസിന്റെ വാതിലിന് മുന്നില്‍ വന്ന് കാത്തിരുന്നു. ബിഗ് ബോസ് വാതില്‍ തുറക്കുകയോ രതീഷിനെ തിരിഞ്ഞു നോക്കുകയോ ചെയ്തില്ല.
ഉച്ചയൂണിന്റെ സമയത്തും വെള്ളം പോലും കുടിക്കാതെ സോഫയില്‍ മാറിക്കിടന്ന രതീഷിനെ മറ്റ് മത്സരാര്‍ത്ഥികളായ ശ്രീരേഖയും അപ്‌സരയും ഗബ്രിയും വന്നു വിളിച്ചു. രതീഷ് കാരണം തങ്ങളുടെ ലക്ഷ്വറി പോയിന്റുകള്‍ നഷ്ടമാകുമെന്ന് പരാതി പറഞ്ഞു. ഒടുക്കം താന്‍ പോകുന്നില്ലെന്ന് പ്രഖ്യാപിച്ച് രതീഷ് പെട്ടിയും എടുത്ത് അകത്തേക്കു കയറി. ‘ഞാന്‍ പോകുന്നില്ല’ എന്ന് രതീഷ് പറഞ്ഞപ്പോള്‍ മറ്റ് മത്സരാര്‍ത്ഥികള്‍ അത് പ്രതീക്ഷിച്ചിരുന്നു എന്നുവേണം അവരുടെ പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കാന്.
പവര്‍ റൂം ഇനി ആര്‍ക്ക് കൈമാറും എന്നതായിരുന്നു ബിഗ് ബോസിലെ ഇന്നത്തെ പ്രധാനപ്പെട്ട മറ്റൊരു തര്‍ക്കം. ഒടുവില്‍ സംവാദത്തിന്റെ അടിസ്ഥാനത്തില്‍ ഡെന്‍ ടീമിനെയാണ് പവര്‍ റൂമിലേക്ക് കടത്തിവിടാം എന്ന് തീരുമാനിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here