ശ്രീതുവിന്‌റെ അമ്മയ്ക്ക് ശക്തമായ താക്കീത് നല്‍കി ബിഗ് ബോസ്; ‘ശ്രീജ നിങ്ങള്‍ എന്താണീ കാണിക്കുന്നത്?’; കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു

ബിഗ് ബോസ് മലയാളം 6 ല്‍ ജാസ്മിന്‍-ഗബ്രി കോമ്പിനേഷന് ശേഷം ഉയര്‍ന്നുവന്ന മറ്റൊരു കൂട്ടുകെട്ടാണ് ശ്രീതു-അര്‍ജുന്‍ എന്നിവരുടേത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്ന് പ്രേക്ഷകര്‍ക്കിടയിലും സംശയമുണ്ട്. സഹമത്സരാര്‍ഥികള്‍ ഈ പേര് പറഞ്ഞ് ഇവരെ ഇടയ്ക്ക് കളിയാക്കാറുമുണ്ട്. എന്നാല്‍ ഈയാഴ്ച ഫാമിലി വീക്ക് തുടങ്ങിയതോടെയാണ് കാര്യങ്ങളിൽ ചില ട്വിസ്റ്റുകള്‍ സംഭവിച്ചത്.

ഫാമിലി വീക്കിലെ രണ്ടാം ദിവസം ബിഗ് ബോസ് ഹൗസിലെത്തിയത് അര്‍ജുന്റെയും ശ്രീതുവിന്റെയും അമ്മമാരും സഹോദരങ്ങളുമാണ്. ശ്രീതുവിന്റെ അമ്മ ശ്രീജ അര്‍ജുനോട് സംസാരിക്കാതെ ഒഴിഞ്ഞുമാറുന്നുണ്ട്. മാത്രമല്ല ശ്രീതുവിനോട് ഒറ്റയ്ക്ക് സംസാരിക്കുന്ന സമയത്ത് അര്‍ജുന്‍-ശ്രീതു കോമ്പിനേഷന്‍ ഇഷ്ടമല്ല എന്ന കാര്യത്തിലും അമ്മ സൂചന നല്‍കി.

“നിനക്ക് ഉറക്കമില്ല കേട്ടോ. ഞാൻ ഇരുപത്തി നാല് മണിക്കൂറും ബി​ഗ് ബോസ് കാണുന്നുണ്ട്. അതുകൊണ്ട് എനിക്ക് ക്ഷീണമൊക്കെ വരും. പക്ഷേ ലൈറ്റ് ഓഫാക്കിയാൽ നിനക്ക് ഉറങ്ങാമല്ലോ. അപ്പോൾ നിനക്ക് രാവിലെ ഫ്രഷ് ആയിട്ട് എഴുന്നേൽക്കാം. നന്നായിട്ട് കളിക്കുന്നുണ്ട്. പക്ഷേ കുറച്ചുകൂടി നന്നായി വിസിബിൾ ആക്. നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ. മനസിനുള്ളിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പറയ്. നിനക്ക് എന്തെല്ലാം സ്കിൽസ് ഉണ്ട്. അതൊക്കെ ചെയ്യ്. സംസാരിക്കേണ്ടിടത്തൊക്കെ നന്നായി സംസാരിക്ക്. തമിഴെങ്കിൽ തമിഴ് അടിച്ച് വിട്,” എന്നാണ് അമ്മ പറഞ്ഞത്. ഈ സമയത്താണ് ബിഗ് ബോസ് ഇടപെട്ടത്. ബിഗ് ബോസ് ശ്രീജയെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു.

“ശ്രീജ നിങ്ങള്‍ എന്താണ് ഈ കാണിക്കുന്നത്. നിങ്ങള്‍ ആത്മവിശ്വാസം കൊടുക്കാനല്ലേ വന്നത് ആത്മവിശ്വാസം കളയാനാണോ, നിങ്ങള്‍ പറഞ്ഞുകൊടുക്കുന്നതെല്ലാം നെഗറ്റീവായ കാര്യങ്ങളാണ്,” എന്നാണ് ബിഗ് ബോസ് പറയുന്നത്. കത്ത് വായിക്കാന്‍ വിളിപ്പിച്ചതാണെന്ന് മറ്റ് മത്സരാര്‍ത്ഥികളോട് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞാണ് ശ്രീതുവിന്റെ അമ്മയെ ബിഗ് ബോസ് പുറത്തേക്ക് തിരിച്ചയച്ചത്. അതേസമയം അര്‍ജുന്റെ അമ്മയും സഹോദരിയും ശ്രീതുവിനോട് വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയത്. ശ്രീതു-അര്‍ജുന്‍ കോമ്പോ നല്ലതാണെന്നും ശ്രീതു വളരെ ക്യൂട്ടായ കുട്ടിയാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top