ബിഗ് ബോസ് ഹൗസിനോട് യാത്ര പറഞ്ഞ് സാബുമോനും ശ്വേത മേനോനും; കണ്ണീരോടെ മത്സരാര്‍ത്ഥികള്‍; അതിഥികള്‍ ഇങ്ങനെയാകണമെന്ന് പ്രേക്ഷകര്‍
വന്നു, കണ്ടു, കീഴടക്കി. ബിഗ് ബോസ് മലയാളം സീസണ്‍ 6ന്റെ ഒമ്പതാം ആഴ്ചയില്‍ ഹൗസിലേക്ക് അതിഥികളായെത്തിയ ശ്വേത മേനോനും സാബുമോനും ഇന്നത്തെ എപ്പിസോഡില്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നത് ഇങ്ങനെയാണ്. ഒന്നാം സീസണിലെ വിജയിയായ സാബുമോനും മത്സരാര്‍ത്ഥിയായിരുന്ന ശ്വേത മേനോനും ഹൗസില്‍ എത്തുമ്പോള്‍ എന്തെല്ലാം നടക്കും എന്ന ആശങ്കയും ആകാംക്ഷയും പ്രേക്ഷകരില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ തിരിച്ചു പോകുമ്പോള്‍ ആദ്യ സീസണില്‍ വന്നതിനെക്കാള്‍ ആരാധകരെ സമ്പാദിച്ചിരിക്കുന്നു എന്നതാണ് സത്യം.
അടിയും വഴക്കും മാത്രമായി കിടന്നിരുന്ന ഒരു വീടിനെയും അവിടുത്തെ അംഗങ്ങളെയും പക്വതയോടെ കൈകാര്യം ചെയ്യുകയും അവര്‍ക്ക് ആവശ്യമായ സമയത്ത് കൂടെ നില്‍ക്കുകയും ചെയ്താണ് ഇരുവരും മടങ്ങുന്നത്. ബിബി ഹോട്ടല്‍ ടാസ്‌കിന്റെ ഭാഗമായാണ് അതിഥികള്‍ ബിഗ് ബോസ് ഹൗസില്‍ എത്തിയത്. ഇവരുടെ വരവോടെ വീടും മത്സരാര്‍ത്ഥികളും ഉണര്‍ന്നു. ഏല്‍പ്പിച്ച ജോലികള്‍ ഓരോരുത്തരും ഭംഗിയായി ചെയ്തു. അലങ്കോലമായിക്കിടന്ന വീടിന് അടുക്കും ചിട്ടയും വന്നു.
അതേസമയം ജാസ്മിന്‍, ജിന്റോ എന്നീ ശക്തരായ മത്സരാര്‍ത്ഥികള്‍ക്ക് ഇവര്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കി എന്നും ചിലര്‍ പറയുന്നുണ്ട്. കഴിഞ്ഞ സീസണില്‍ ഡോ. രജിത് കുമാറും ഡോ. റോബിന്‍ രാധാകൃഷ്ണനുമായിരുന്നു അതിഥികളായി എത്തിയത്. എന്നാല്‍ ഇരുവരും മത്സരാര്‍ത്ഥികള്‍ക്ക് ആവേശം പകരുന്നതിന് പകരം സ്വന്തം ഇമേജ് ബൂസ്റ്റ് ചെയ്യാന്‍ നോക്കുകയായിരുന്നു എന്ന് വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.
അവിടെയാണ് ഇത്തവണത്തെ അതിഥികള്‍ വേറിട്ട് നിന്നത്. അതിഥികളായി വന്ന് കുടുംബാംഗങ്ങളായാണ് ഇവര്‍ മടങ്ങിയത്. ഇന്നലത്തെ എപ്പിസോഡില്‍ രാത്രി അത്താഴത്തിന് ശേഷം സാബുവും ശ്വേതയും വീട്ടിലെ അംഗങ്ങള്‍ക്ക് ഒരു ക്ലാസ് എടുത്തിരുന്നു. ഈ സെഷന്‍ മത്സരാര്‍ത്ഥികളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടാകും എന്ന് ഉറപ്പാണ്. ഓരോരുത്തരുടെ കരുത്ത് എന്താണ്, ബലഹീനത എന്താണ് എന്ന് പറഞ്ഞ് മനസിലാക്കുന്നതില്‍ ശ്വേത മേനോനും വിജയിച്ചിട്ടുണ്ട് എന്ന് തന്നെ വേണം കരുതാന്‍. ഇതുകൊണ്ടെല്ലാം തന്നെ ബിഗ് ബോസ് വീടിനോട് ഇവര്‍ യാത്ര പറഞ്ഞത് നിറകണ്ണുകളോടെയാണ് മത്സരാര്‍ത്ഥികള്‍ നോക്കി നിന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here