പൊട്ടിക്കരഞ്ഞ് നോറ; ‘എനിക്ക് വീട്ടില്‍ പോണം ബിഗ് ബോസ്’; ജാസ്മിനുമായി പൊരിഞ്ഞ വഴക്ക്; ‘എന്തിനാണ് വ്യക്തിവൈരാഗ്യം തീര്‍ക്കുന്നത്?’
ബിഗ് ബോസ് മലയാളം സീസണ്‍ 6 നാലാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. പതിവു പോലെ ഇന്നും വഴക്കു തന്നെയായിരുന്നു ബിഗ് ബോസ് ഹൗസില്‍. ഇക്കുറി ജാസ്മിനും നോറയും തമ്മിലായിരുന്നു വാക്കേറ്റം. തുടക്കം മുതലേ ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മുഖാമുഖം ഏറ്റമുട്ടുന്നത് ഇന്നാണ്. ബിഗ് ബോസ് കൊടുത്തൊരു ടാസ്‌കിന് പിന്നാലെയായിരുന്നു പൊട്ടിത്തെറി. ഓരോ മത്സാര്‍ത്ഥിക്കും ഹൗസില്‍ സംരക്ഷിക്കേണ്ടയാള്‍, ലക്ഷ്യംവച്ച് പുറത്താക്കേണ്ടയാള്‍, അവഗണിച്ചു കളയേണ്ടയാള്‍ എന്നിങ്ങനെ മൂന്നുപേരെ തിരഞ്ഞെടുക്കാനായിരുന്നു ടാസ്‌ക്. ജാസ്മിനും നോറയും പരസ്പരം ഇഗ്നോര്‍ സ്റ്റിക്കറുകളാണ് നല്‍കിയത്.
ജാസ്മിന് ഇഗ്നോര്‍ സ്റ്റിക്കര്‍ നല്‍കുമ്പോള്‍ നോറ പറഞ്ഞ കാര്യങ്ങളാണ് ജാസ്മിനെ ചൊടിപ്പിച്ചത്. താന്‍ കാരണം ജാസ്മിന്‍ ഹൗസില്‍ ഇന്‍സെക്യൂരിറ്റി അനുഭവിക്കുന്നുവെന്നും തനിക്ക് ജാസ്മിനെ ഇഷ്ടമല്ലെന്നും നോറ പറഞ്ഞു. ടാസ്‌കിന്റെ ഭാഗമായി നോറ തന്നോട് വ്യക്തി വിദ്വേഷം തീര്‍ക്കുകയാണ് എന്നാണ് ജാസ്മിന്‍ ആരോപിച്ചത്. നോറ പലരോടും തന്നെക്കുറിച്ച് കുറ്റം പറഞ്ഞ് നടക്കുമ്പോഴും താന്‍ അതൊക്കെ അവഗണിച്ചെന്നും എന്നാല്‍ ഇനി വെറുതെ വിടില്ലെന്നും ജാസ്മിന്‍ പറഞ്ഞു. എന്ത് കുറ്റമാണ് താന്‍ ജാസ്മിനെക്കുറിച്ച് പറഞ്ഞതെന്നും ആരോടൊക്കെയാണ് പറഞ്ഞതെന്നും തെളിയിക്കാന്‍ നോറയും ആവശ്യപ്പെട്ടു. നോറ തങ്ങളോട് ജാസ്മിന്റെ പേര് പരാമര്‍ശിച്ചതായി ഋഷിയും റസ്മിനും പറഞ്ഞു.
വഴക്ക് മുറുകുന്നതിനിടെ ബിഗ് ബോസ് ഹൗസില്‍ എത്തുന്നതിനു മുമ്പ് ജാസ്മിന്‍ തന്നെ ഫോണ്‍ വിളിച്ച കാര്യം നോറ എടുത്തിട്ടും. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന മുന്നാക്കയാണ് നോറയുടെ നമ്പര്‍ തനിക്ക് തന്നതെന്ന് ജാസ്മിന്‍ പറഞ്ഞു. എന്നാല്‍ എന്താണ് സംസാരിച്ചതെന്ന് ഇരുവരും പറഞ്ഞില്ല. വഴക്കിനു ശേഷം ബാത്ത്‌റൂം ഏരിയയില്‍ എത്തിയ നോറയോട് ജാസ്മിന്‍ വീണ്ടും സംസാരിക്കാന്‍ പോയി. താന്‍ വളരെ ക്ഷമയോടെയാണ് ഇപ്പോള്‍ സംസാരിക്കുന്നതെന്നും നോറയ്ക്ക് എന്തിനാണ് തന്നോട് ഇത്രയും ദേഷ്യമെന്നും ജാസ്മിന്‍ ചോദിച്ചു. ഇത്രയും കാലം താന്‍ എല്ലാം അവഗണിച്ചുവെന്നും ഇപ്പോള്‍ ഇത് അസഹനീയമായി തുടങ്ങിയെന്നും ജാസ്മിന്‍ വ്യക്തമാക്കി.
ഇതിനെല്ലാം ശേഷമാണ് നോറ ക്യാമറയുടെ മുന്നില്‍ പോയി തന്നെ പറഞ്ഞുവിടണമെന്ന് ബിഗ് ബോസിനോട് ആവശ്യപ്പെട്ടത്. ഇത് വൈകാരികമായി എടുക്കുന്ന തീരുമാനമല്ലെന്നും പറഞ്ഞു. തുടര്‍ന്ന് ബിഗ് ബോസ് നോറയെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. അവിടെ വച്ച് നോറ പൊട്ടിക്കരയുകയാണുണ്ടായത്. ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിന്റെ സൈഡ് ഡോര്‍ തുറന്നത് നോറയ്ക്ക് പുറത്തേക്ക് പോകാനാണോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here