‘കടക്ക് പുറത്ത്’; ഒടുവില്‍ രതീഷ് ബിഗ് ബോസ് ഹൗസിന് പുറത്തേക്ക്; പവര്‍ ഉപയോഗിക്കുന്നില്ലെന്ന പരാതി തീര്‍ത്തുകൊടുത്ത് ശ്രീരേഖ

ബിഗ് ബോസ് ഹൗസില്‍ എത്തിയതിന്റെ മൂന്നാം ദിവസം പെട്ടിയും പൂട്ടി ഇറങ്ങാന്‍ നിന്ന രതീഷിനെ ഒടുക്കം ശരിക്കും പുറത്താക്കി ശ്രീരേഖ. ആറാം സീസണിലെ മത്സരത്തെ ഉഷാറാക്കിയത് പവര്‍ ഹൗസിന്റെ തീരുമാനമാണ്. രതീഷ് ആദ്യ ദിവസം മുതലേ കണ്ടന്റ് ഉണ്ടാക്കാനും സ്‌ക്രീന്‍ സ്‌പേസ് കിട്ടാനും വേണ്ടി വഴക്കുണ്ടാക്കുകയും ബഹളം വയ്ക്കുകയും മാത്രമാണ് ചെയ്യുന്നതെന്ന് മിക്ക മത്സരാര്‍ത്ഥികളും തുടക്കം മുതല്‍ പരാതിപ്പെട്ടിരുന്നു. മറ്റുള്ളവരെ സംസാരിക്കാന്‍ സമ്മതിക്കാതെ ഇടയ്ക്കു കയറി സംസാരിക്കുന്ന രതീഷിന്റെ സ്വഭാവവും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതോടൊപ്പം പവര്‍ റൂമിലെ മത്സരാര്‍ത്ഥികള്‍ തങ്ങളുടെ പവര്‍ വേണ്ടവിധം ഉപയോഗിക്കുന്നില്ല എന്ന് ബിഗ് ബോസും ആവര്‍ത്തിച്ച് പരാതി ഉന്നയിച്ചിരുന്നു. ഒടുക്കം രതീഷിന് കടിഞ്ഞാണിട്ടുകൊണ്ട് എല്ലാ പരാതികളും ശ്രീരേഖ തീര്‍ത്തുകൊടുത്തു.

വാക്കുതര്‍ക്കങ്ങളും വിയോജിപ്പുകളും ഉണ്ടാകുമ്പോള്‍ മറ്റുള്ളവരെ തങ്ങളുടെ ഭാഗം പോലും പറയാന്‍ രതീഷ് അനുവദിക്കുന്നില്ലെന്നും മത്സരാര്‍ത്ഥികള്‍ അനാവശ്യമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നു എന്ന തോന്നല്‍ പ്രേക്ഷകരില്‍ ജനിപ്പിക്കുന്നുവെന്നുമായിരുന്നു രതീഷിന് നേര്‍ക്കുള്ള ആരോപണം. നാലാം ദിവസമായ ഇന്നലെ ബിഗ് ബോസ് പവര്‍ ഹൗസ് മത്സരാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഉത്തരവുകള്‍ എഴുതാനായി ഒരു ബോര്‍ഡ് നല്‍കിയിരുന്നു. അതില്‍ ആദ്യത്തെ ഉത്തരവ് എഴുതിയത് ശ്രീരേഖയും. രതീഷ് പുറത്തുനില്‍ക്കണം എന്നായിരുന്നു ശ്രീരേഖ പറഞ്ഞത്. പല മത്സരാര്‍ത്ഥികളും അതിനെ എതിര്‍ത്തു. രതീഷ് നല്ല ഗെയ്മര്‍ ആണെന്ന അഭിപ്രായം ചിലര്‍ ഉന്നയിച്ചു. എന്നാല്‍ താന്‍ തന്റെ അധികാരം വിനിയോഗിക്കുന്നു എന്ന നിലപാടില്‍ നിന്നു പിന്മാറാതെ ശ്രീരേഖ ഉറച്ചു നിന്നു. രതീഷാകട്ടെ പുറത്തേക്കുള്ള പോക്ക് തന്റെ വിജയമാണ് എന്ന നരേറ്റീവാണ് സൃഷ്ടിക്കാന്‍ ശ്രമിച്ചത്.

അതിനിടെ ബിഗ് ബോസ് ഹൗസില്‍ മറ്റൊരു പ്രണയം പൊട്ടിവിടരുന്നു എന്ന സംശയമാണ് പ്രേക്ഷകരില്‍. നടന്‍ ഗബ്രിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ജാസ്മിനും തമ്മിലുള്ള സൗഹൃദം പ്രണയത്തിലേക്ക് പോകുന്നതായി പലരും സംശയിക്കുന്നു. മിക്കരാത്രികളും സോഫയില്‍ മാറിയിരുന്നുള്ള ഇരുവരുടെയും സംസാരമാണ് ഇതിന് വഴിയൊരുക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top