ബിഗ് ബോസ്സ് സീസണ്‍ 6; ചെന്നൈയിലേക്ക് പറന്ന് രസ്മിന്‍ ഭായി; മറ്റ് മത്സരാര്‍ത്ഥികളുടെ പട്ടിക

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തരംഗമായി മാറിയ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ്‍ 6 മാര്‍ച്ച് 10 ന് ആരംഭിക്കും. മോഹന്‍ലാല്‍ അവതാരകനാകുന്ന പരിപാടിയില്‍ ഇക്കുറി മാറ്റുരയ്ക്കുന്നതാരൊക്കെ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. കൊച്ചി സെന്റ് തെരേസാസ് കോളജിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപിക രസ്മിന്‍ ഭായിയാണ് മത്സരാര്‍ത്ഥികളില്‍ ഒരാള്‍. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി രസ്മിന്‍ ചെന്നൈയില്‍ എത്തിക്കഴിഞ്ഞു. അവതാരക, റൈഡര്‍, സീ കേഡറ്റ് എന്നീ നിലകളിലും ശ്രദ്ധേയയാണ് രസ്മിന്‍ ഭായി.

സിനിമ-സീരിയല്‍ താരം യമുന റാണിയാണ് ഈ സീസണിലെ മറ്റൊരു മത്സരാര്‍ത്ഥി. ടെലിസീരിയലുകളിലെ നെഗറ്റീവ് റോളുകളിലൂടെ ശ്രദ്ധേയയായ അഭിനേത്രിയാണ് യമുന. കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ്. ‘ചന്ദനമഴ’ എന്ന ടെലിവിഷന്‍ സീരിയലിലെ യമുനയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സെലിബ്രിറ്റി ഫിറ്റ്‌നസ്സ് ട്രെയിനറായ ജിന്റോയാണ് മറ്റൊരു മത്സരാര്‍ത്ഥി എന്നാണ് അറിയുന്നത്. ഫിറ്റ്‌നസ്സ് മോഡലായ ജീവ നമ്പ്യാരുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പ്രശസ്ത യൂട്യൂബര്‍ ആയ സിജോ ജോസും ബിഗ് ബോസ് സീസണ്‍ 6ലെ മത്സരാര്‍ത്ഥികളില്‍ ഒരാളായി ഉണ്ടാകും എന്നാണ് വിവരം. അനുരാഗ ഗാനംപോലെ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ജസീല പര്‍വീന്‍ ആണ് മറ്റൊരു മത്സരാര്‍ത്ഥിയായി എത്തുന്നത്. 2019 ല്‍ പുറത്തിറങ്ങിയ ‘തേനും വയമ്പും’ എന്ന സീരിയലിലൂടെയാണ് അഭിനയ യാത്ര ആരംഭിച്ചത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജീവ് പരമേശ്വരനാണ് ബിഗ് ബോസ് സീസണ്‍ 6ലെ മറ്റൊരു മത്സരാര്‍ത്ഥി. പ്രശസ്ത നടനും മുന്‍ മോഡലുമായ രാജീവ് നിരവധി മലയാളം സിനിമകളിലും സംഗീത ആല്‍ബങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മലയാളം ടെലിവിഷന്‍ സീരിയലുകളില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശസ്തയായ അഭിനേത്രിയായ അപ്‌സരയാണ് മറ്റൊരു മത്സരാര്‍ത്ഥി. സാന്ത്വനം എന്ന സീരിയലിലെ ജയന്തി എന്ന പ്രതിനായികയായാണ് അപ്‌സര ഇപ്പോള്‍ അഭിനയിക്കുന്നത്. മാധ്യമപ്രവര്‍ത്തക രാധിക നായര്‍ ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ബിഗ് ബോസിന്റെ മുന്‍ സീസണുകളിലായി ചെന്നൈയിലെയും മുംബൈയിലെയും ബിഗ് ബോസ് ഹൗസില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള ആളാണ് രാധിക. ബിഹൈന്‍ഡ്‌വുഡ്സ് യൂട്യൂബ് ചാനലിലെ അവതാരക പൂജ കൃഷ്ണയുടേതാണ് പുറത്തുവരുന്ന മറ്റൊരു പേര്. ജാംഗോ സ്പേസിലും പൂജ ജോലി ചെയ്തിട്ടുണ്ട്.

മല്ലു ജെഡി എന്നറിയപ്പെടുന്ന മുകേഷ് നായര്‍ എന്ന ഫുഡ് വ്‌ളോഗര്‍ ആണ് മറ്റൊരു മത്സരാര്‍ത്ഥി എന്നാണ് റിപ്പോര്‍ട്ട്. വ്‌ളോഗിങ് കമ്മ്യൂണിറ്റിയിലെ പ്രശസ്തമായ വ്യക്തിത്വമാണ് മുകേഷ് നായര്‍. മോഡലും റൈഡറുമായ അനിഷ നായര്‍(റൈഡര്‍ ഗേള്‍), തട്ടീം മുട്ടീം എന്ന സീരിയലിലെ മുടിയന്‍ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ഋഷി എസ് കുമാര്‍, നര്‍ത്തകി നയന ജോസാന്‍, ബ്യൂട്ടി വ്‌ളോഗര്‍ ജാസ്മിന്‍ ജാഫര്‍, നടിയും ഡോക്ടറുമായ ഷിനു ശ്യാമളന്‍, അസം സ്വദേശിയായ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി ദാസ്, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള മോഡലായ അമയ പ്രസാദ്, ഗായകന്‍ ഷാഫി കൊല്ലം, ക്രിസ്റ്റി സെബാസ്റ്റ്യന്‍, ജാന്‍- എ- മന്‍ എന്ന സിനിമയിലൂടെ പ്രശസ്തരയായ ശ്രുതി സത്യന്‍, അവതാരകനായ ബിനോയ് വര്‍ഗീസ് എന്നിവരുടേത്താണ് പുറത്തുവരുന്ന മറ്റു പേരുകള്‍.

Logo
X
Top