ക്ലബ്ബ് പാര്‍ട്ടികള്‍ക്ക് 2000 കോടിയുടെ കൊക്കെയ്ൻ; നടന്നത് തലസ്ഥാനത്തെ എറ്റവും വലിയ മയക്കുമരുന്ന് വേട്ട


രാജ്യതലസ്ഥാനത്ത് നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട. 2000 കോടി രൂപ വിലമതിക്കുന്ന 500 കിലോ കൊക്കെയ്നാണ് ഇന്ന് ഡൽഹി പോലീസ് പിടികൂടിയത്. നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിൻ്റെ വൻ ശേഖരമാണ് ഇന്ന് കണ്ടെത്തിയത്.

വിവിധ കേസുകളിലായി പിടിയിലായവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദക്ഷിണ ഡൽഹിയിൽ ഇന്ന് പോലീസ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത കൊക്കെയ്ന് ക്ലബ്ബുകളിലെ മയക്കുമരുന്നു പാർട്ടികളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് പോലീസ് പറഞ്ഞു. ഡൽഹിയിൽ ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇന്ന് നടന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. തിലക് നഗർ പ്രദേശത്ത് നിന്ന് 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്‌നുമായി രണ്ട് അഫ്ഗാൻ പൗരന്മാരെ പിടികൂടിയിരുന്നു. ഹാഷിമി മുഹമ്മദ് വാരിസ്, അബ്ദുൾ നയിബ് എന്നിവരാണ് അറസ്റ്റിലായത്. വാരിസ് 2020 ജനുവരി മുതൽ അഭയാർത്ഥിയായാണ് ഇന്ത്യയിൽ താമസിക്കുന്നത്. ഇയാൾ വികാസ്പുരിയിലെ ഒരു രാസവസ്തുക്കള്‍ വിൽക്കുന്ന കടയിൽ സഹായിയായി ജോലി ചെയ്തിരുന്നു. അവിടെ വച്ചാണ് അബ്ദുൾ നയിബിനെ പരിചയപ്പെടുന്നത്.

നയിബ് 2020 ജനുവരിയിൽ പിതാവിനൊപ്പം അഭയാർത്ഥിയായി ഇന്ത്യയിലെത്തി. ഇയാളുടെ അച്ഛൻ ഒഴികെയുള്ള മറ്റ് എല്ലാ കുടുംബാംഗങ്ങളും അഫ്ഗാനിസ്ഥാനിലാണ് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു. ആഡംബര ജീവിതത്തിനായി കൂടുതൽ പണം സമ്പാദിക്കാൻ കഴിയും എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് വാരിസ് നയിബിനെ മയക്കുമരുന്ന് കടത്തലിലേക്ക് എത്തിച്ചത്.

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 24 കോടി രൂപ വിലമതിക്കുന്ന 1660 ഗ്രാം കൊക്കെയ്ൻ കഴിഞ്ഞ ദിവസം ഡൽഹി കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ദുബായിൽ നിന്നും എത്തിയ ലൈബിരിയ സ്വദേശിയെ സംഭവത്തിൽ അറസ്റ്റു ചെയ്തിരുന്നു. ഈ വർഷമാദ്യം, മണിപ്പൂർ, അസാം അടക്കം നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ നിന്നും ഡൽഹിയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന നാല് പേരെയും പിടികൂടിയിരുന്നു. ദക്ഷിണ ഡൽഹിയിലെ ക്ലബ്ബുകൾക്ക് വിതരണം ചെയ്യാനാണ് ഇവരും മയക്കുമരുന്ന് എത്തിച്ചിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top