മന്ത്രിയും വകുപ്പുസെക്രട്ടറിയും തോളോടുതോൾ; ഫോട്ടോയെടുത്ത് പ്രസിദ്ധീകരണത്തിന് നൽകി ബിജു പ്രഭാകർ; പരസ്പര ഭിന്നതയെന്ന വാർത്തകളെ അപ്രസക്തമാക്കി കെബി ഗണേഷ്കുമാർ
തിരുവനന്തപുരം: വലിയ പ്രതീക്ഷയോടെയും ചിലതെല്ലാം തീരുമാനിച്ച് ഉറപ്പിച്ചുമാണ് ബിജു പ്രഭാകര്‍ ഐഎഎസ് കെഎസ്ആർടിസിയുടെ തലപ്പത്ത് സിഎംഡി ആയി ചുമതലയേറ്റത്. എങ്ങനേയും ആനവണ്ടിയെ രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള വരവ്. പല തന്ത്രങ്ങളിലൂടെയും കര്‍ശന നിലപാടുകളിലൂടെയും മുമ്പോട്ട് കുതിക്കുകയായിരുന്നു ബിജു പ്രഭാകര്‍. ഇലക്ട്രിക് ബസും സ്വിഫ്റ്റ് എന്ന കമ്പനി രൂപീകരണവും പെട്രോള്‍ പമ്പിലെ വൈവിധ്യവല്‍ക്കരണവുമെല്ലാം ചര്‍ച്ചകളില്‍ നിറഞ്ഞു. വരുമാനം കൂടിയെങ്കിലും നഷ്ടം കുറയ്ക്കാനായില്ല. ഇതിനിടെ ഗതാഗത മന്ത്രി മാറി. ഇലക്ട്രിക് ബസില്‍ ഗതാഗത മന്ത്രിയായ കെബി ഗണേഷ് കുമാറിന്റെ നിലപാട് ബിജു പ്രഭാകറിന്റെ അഭിപ്രായത്തിന് വിരുദ്ധമായി. ഇത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. സ്വരം നന്നായി ഇരിക്കുമ്പോള്‍ തന്നെ ബിജു പ്രഭാകര്‍ കെഎസ്ആർടിസിയിലെ പാട്ടു നിര്‍ത്തി. ഇത് മന്ത്രി ഗണേഷുമായുള്ള ഭിന്നതയായി മാധ്യമങ്ങളില്‍ ചര്‍ച്ചയെത്തി. എന്നാല്‍ ഈ വാര്‍ത്തയ്ക്കൊപ്പമുള്ള ചിത്രം ഈ പ്രചാരണങ്ങളെയെല്ലാം ഇനി അപ്രസക്തമാക്കും. സെക്രട്ടറി റാങ്കിലുള്ള ഐഎഎസുകാരന്റെ തോളില്‍ കൈയ്യിട്ടു നില്‍ക്കുന്ന മന്ത്രി കെബി ഗണേഷ് കുമാര്‍. കേരളത്തിന്റെ രാഷ്ട്രീയ – ഉദ്യോഗസ്ഥ ചരിത്രത്തിലെ അപൂര്‍വ്വതയായി ഈ ചിത്രം മാറും.
തച്ചടി പ്രഭാകരന്‍ എന്ന കോണ്‍ഗ്രസ് നേതാവിന്റെ മകനാണ് ബിജു പ്രഭാകര്‍. കേരളത്തിന്റെ ധനമന്ത്രിയായിരുന്ന തലയെടുപ്പുള്ള രാഷ്ട്രീയക്കാരന്‍. കെബി ഗണേഷ് കുമാറിന്റെ അച്ഛന്‍ ആര്‍ ബാലകൃഷ്ണ പിള്ളയും കേരള രാഷ്ട്രീയത്തിലെ ഗജവീരനാണ്. കേരളാ കോണ്‍ഗ്രസിന്റെ ഉദയത്തിന് കാരണക്കാരനായ രാഷ്ട്രീയക്കാരന്‍. അച്ഛന്റെ വഴിയേ രാഷ്ട്രീയത്തിലെത്തിയ സിനിമാക്കാരനാണ് ഗണേഷ് കുമാര്‍. തച്ചടി പ്രഭാകരന്റെ മകന്‍ തിരഞ്ഞെടുത്തത് ഔദ്യോഗിക വഴിയായിരുന്നു. ഡെപ്യൂട്ടി കളക്ടറായി സര്‍വ്വീസിലെത്തി കണ്‍ഫര്‍ ചെയ്ത് ഐഎഎസ് കിട്ടിയ ബിജു. ഏറെ സുപ്രധാന പദവികള്‍ വഹിച്ച ശേഷമാണ് കെഎസ്ആർടിസിയെ രക്ഷിക്കാനെത്തിയത്. രണ്ട് മുന്‍ മന്ത്രിമാരുടെ മക്കള്‍ ചേര്‍ന്ന് ആനവണ്ടിയെ മുമ്പോട്ട് കൊണ്ടു പോകുമെന്ന് ഏവരും കരുതുമ്പോഴാണ് ഇലക്ട്രിക് ബസ് വിവാദമുണ്ടാകുന്നതും ബിജു സ്വയം പടിയിറങ്ങിയതും.
ഇലക്ട്രിക് ബസ് ലാഭകരമാണെന്നായിരുന്നു ആന്റണി രാജു ഗതാഗതമന്ത്രി ആയിരുന്നപ്പോള്‍ കെഎസ്ആർടിസിയില്‍ നിന്നും പുറത്തുവന്ന റിപ്പോര്‍ട്ട്. പത്ത് രൂപ നല്‍കിയാല്‍ മാത്രം ഒരു റൂട്ടിലെ ബസില്‍ എത്ര ദൂരവും പോകാവുന്ന തിരുവനന്തപുരം സിറ്റി സര്‍വ്വീസ് ജനകീയമായിരുന്നു. എന്നാലിത് നഷ്ടമാണെന്നായിരുന്നു അധികാരത്തില്‍ എത്തിയതിന് പിന്നാലെ ഗണേഷ് കുമാര്‍ പറഞ്ഞത്. ഇതിനിടെ ലാഭക്കണക്കുകളുമായുള്ള കെഎസ്ആർടിസിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നു. ഇതിന് പിന്നില്‍ ഉദ്യോഗസ്ഥ ലോബിയാണെന്ന പ്രചരണമുണ്ടായി. ഇലക്ട്രിക് ബസിനെ പിന്തുണച്ച് സിപിഎം എംഎല്‍എ വികെ പ്രശാന്ത് അടക്കമുള്ളവര്‍ രംഗത്തുവന്നു. ഇതോടെ വിവാദം ആളിക്കത്തുന്നത് ഒഴിവാക്കാനാണ് ബിജു പ്രഭാകർ സ്ഥാനം ഒഴിയാമെന്ന നിലപാട് എടുത്തത്.
ഈ വിവാദം മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലെത്തി. ആദ്യം മന്ത്രി ഗണേഷിനോടാണ് ബിജു സ്ഥാനം ഒഴിയാനുള്ള താല്‍പ്പര്യം അറിയിച്ചത്. വിദേശ പര്യടനം കഴിഞ്ഞു വന്നയുടനായിരുന്നു അത്. എന്നാല ഗതാഗത സെക്രട്ടറിയായും കെഎസ്ആർടിസിയുടെ അമരക്കാരനായും ബിജു തന്നെ മതിയെന്നായിരുന്നു ഗണേഷ് മുഖ്യമന്ത്രിയെ അറിയിച്ചത്. അതുകൊണ്ട് തന്നെ ബിജു പ്രഭാകറിന്റെ വകുപ്പുമാറ്റ ആവശ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനം എടുത്തില്ല. കുറച്ചു ദിവസം അവധിയെടുത്ത ബിജു പ്രഭാകര്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. ചീഫ് സെക്രട്ടറിയെ നേരിട്ട് കണ്ട് വകുപ്പു മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചു. വിവാദ വാര്‍ത്തകള്‍ വന്ന സ്ഥിതിക്ക് തുടരുന്നതിലെ പ്രശ്നങ്ങളും വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് ബിജു പ്രഭാകറിനെ മാറ്റുന്നത്.
അങ്ങനെ മൂന്ന് വര്‍ഷവും എട്ട് മാസവുമായ സേവനത്തിന് ശേഷം കെഎസ്ആര്‍ടിസി സിഎംഡി പദവിയില്‍ നിന്നും, രണ്ടര വര്‍ഷമായി ചുമതല വഹിച്ചിരുന്ന ഗതാഗത സെക്രട്ടറി പദവിയില്‍ നിന്നും ബിജു പ്രഭാകര്‍ ചുമതല ഒഴിഞ്ഞു. പുതിയതായി നിയമനം ലഭിച്ച വ്യവസായ വകുപ്പ് സെക്രട്ടറി പദവിയില്‍ ബുധനാഴ്ച ചുമതലയേല്‍ക്കും. ചുമതല ഒഴിയുന്നതിന് മുന്‍പ് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിന്റെ ചേമ്പറിലെത്തി യാത്ര പറയുകയും ചെയ്തു. ഗതാഗത വകുപ്പിനും കെഎസ്ആര്‍ടിസിക്കും വേണ്ടി കഴിഞ്ഞ കാലയളവില്‍ ബിജു പ്രഭാകര്‍ നല്‍കിയ അഭിമാനകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഈ സൗഹൃദം പുറംലോകത്ത് എത്തിക്കാനായിരുന്നു ബിജു പ്രഭാകറിനെ ചേര്‍ത്തു നിര്‍ത്തിയുള്ള ഗണേഷിന്റെ ചിത്രമെടുക്കല്‍. അത് തീര്‍ത്തും വ്യത്യസ്ത അനുഭവമാകും രാഷ്ട്രീയ കേരളത്തിന്.
സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്നപ്പോള്‍ 2020 ജൂണ്‍ 15 ന് ആണ് ബിജു പ്രഭാകര്‍ കെഎസ്ആര്‍ടിസി സിഎംഡിയുടെ അധിക ചുമതലയേറ്റെടുത്തത്. തുടര്‍ന്നാണ് 2021 ജൂലൈ 7ന് ഗതാഗത സെക്രട്ടറിയുടെ പൂര്‍ണ ചുമതല ഏറ്റെടുത്തത്. കെഎസ്ആർടിസിയിലെ ശമ്പളം കൊടുക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ ഗതാഗത സെക്രട്ടറിയുടെ പിന്തുണ അനിവാര്യതയായിരുന്നു. ഇത് മനസ്സിലാക്കിയാണ് കെഎസ്ആർടിസിയ്ക്കൊപ്പം ഗതാഗത സെക്രട്ടറിയുടെ ചുമതലയും ബിജു പ്രഭാകറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here