15 കാട്ടുപന്നികള്‍ കൂട്ടമായെത്തി ബൈക്ക് ഇടിച്ചിട്ടു; യാത്രക്കാരന് ഗുരുതര പരിക്ക്
തിരുവനന്തപുരം: ആര്യനാട് കാട്ടുപന്നിക്കൂട്ടം ബൈക്കിലിടിച്ച് യുവാവിന് സാരമായി പരിക്കേറ്റു. കഴിഞ്ഞ രാത്രിയാണ് ആര്യനാട് മീനാങ്കല്‍ സ്വദേശി എസ്.അജയനെ പന്നിക്കൂട്ടം ഇടിച്ചിട്ടത്. വലത് കൈയിലെ രണ്ട് വിരലുകള്‍ ഒടിഞ്ഞു. ശരീരമാസകലം പരിക്കുകൾ ഏറ്റിട്ടുണ്ട്. കൂട്ടത്തിൽ പതിനഞ്ചോളം പന്നികള്‍ ഉണ്ടായിരുന്നുവെന്നും അവ ബൈക്ക് ഇടിച്ചിട്ടതോടെ താൻ ഓടിമാറുകയായിരുന്നുവെന്നും അതുകൊണ്ടാണ് ജീവന്‍ രക്ഷപ്പെട്ടതെന്നും അജയന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
വഴുതക്കാട് സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ അജയന്‍ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. നെടുമങ്ങാട് – ആര്യനാട് റോഡില്‍ കുന്നുകടക്ക് അടുത്ത് വച്ചാണ് റോഡിന്‍റെ ഒരുവശത്ത് നിന്ന് കാട്ടുപന്നികള്‍ കൂട്ടമായി എത്തിയത്. ഈ പ്രദേശത്ത് അടുത്തിടയായി പന്നിശല്യം കൂടുതലായതിനാൽ വേഗത കുറച്ചാണ് ബൈക്ക് ഓടിച്ചത്. ജനവാസ മേഖലയായതിനാല്‍ ഇവിടെ ഇങ്ങനെയൊരു ആക്രമണം പ്രതീക്ഷിച്ചില്ലെന്നും അജയന്‍ പറയുന്നു. ബൈക്കില്‍ ഇടിച്ചശേഷം പന്നിക്കൂട്ടം പല ഭാഗത്തേക്കായി ചിതറിയോടിയെന്നും അജയന്‍ പറഞ്ഞു. ബഹളംകേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. കൈയില്‍ ഒരാഴ്ച പ്ലാസ്റ്റര്‍ ഇടേണ്ടിവന്നു. കൈവിരലുകള്‍ ഒടിഞ്ഞത് കൂടാതെ വളഞ്ഞുപോയി. ബൈക്കിന്റെ അവസ്ഥ എന്താണെന്ന് അറിയില്ലെന്നും, പോയിനോക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രദേശങ്ങളിൽ നേരത്തെയും കാട്ടുപന്നികള്‍ കൃഷിയിടങ്ങളില്‍ കയറി വിളകള്‍ നശിപ്പിക്കുന്നതായി പരാതികളുണ്ടായിരുന്നു. എന്നാല്‍ ജനവാസ മേഖലയിലിറങ്ങി റോഡുകളിൽ അപകടങ്ങൾക്ക് വഴിവയ്ക്കാൻ തുടങ്ങിയതോടെ രാത്രിയാത്രകൾ ഒഴിവാക്കേണ്ട സ്ഥിതിയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here