അര്‍ദ്ധരാത്രി ജയിലിലെത്തി ബില്‍ക്കിസ് ബാനുകേസ് പ്രതികള്‍; കീഴടങ്ങിയത് സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ്
ഗുജറാത്ത്: ബില്‍ക്കിസ് ബാനു കേസിലെ പതിനൊന്ന് പ്രതികളും ഗോധ്ര സബ് ജയിലിൽ കീഴടങ്ങി. ജയിലില്‍ തിരികെ പോകാനുള്ള സമയപരിധി ഇന്നലെ അവസാനിപ്പച്ചത് അനുസരിച്ച്, അര്‍ദ്ധരാത്രിയോടെയാണ് പ്രതികള്‍ ജയിലിൽ എത്തിയത്. സമയപരിധി നീട്ടിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കേസിലെ പതിനൊന്ന് പ്രതികളും സുപ്രീംകോടതിയിൽ ഹര്‍ജി നല്‍കിയെങ്കിലും അനുവദിച്ചില്ല. ഞായറാഴ്ച കീഴടങ്ങണമെന്ന് നിർദേശിച്ചതോടെയാണ് ഇന്നലെ രാത്രി എല്ലാവരും തിരികെയെത്തിയത്. തിമിര ശസ്ത്രക്രിയ, മാതാപിതാക്കളുടെ അസുഖം, കാർഷിക ഉൽപ്പന്നങ്ങളുടെ വിളവെടുപ്പ് എന്നിങ്ങനെ പലവിധ കാരണങ്ങളായിരുന്നു ഹർജികളില്‍ പറഞ്ഞിരുന്നത്.
2002ലെ ഗുജറാത്ത് കലാപത്തിനിടെ നടന്ന കൂട്ടബലാല്‍സംഗത്തില്‍ മുംബൈയിലെ സി.ബി.ഐ കോടതിയാണ് 2009ല്‍ പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയെന്നും വിട്ടയക്കണമെന്നും പ്രതികളില്‍ ഒരാള്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കോടതി ഗുജറാത്ത് സര്‍ക്കാരിനെ നിയോഗിച്ചു. ഇതിനു പിന്നാലെയാണ് 2022ല്‍ പതിനൊന്ന് പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്.
കാലാവധി തീരുന്നതിന് മുന്‍പ് ശിക്ഷായിളവ് നല്‍കിയതിനെ ചോദ്യംചെയ്തുകൊണ്ട് ബില്‍ക്കിസ് ബാനു അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ച കോടതി, പ്രതികളെ വിട്ടയച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. പ്രതികൾ കോടതിയെ കബളിപ്പിച്ചുവെന്നും കോടതി നിരീക്ഷണം ഉണ്ടായിരുന്നു. വിധി വന്ന് രണ്ടാഴ്ചക്കകം തിരികെ ജയിലിലേക്ക് പോകണം എന്നായിരുന്നു ഉത്തരവ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here