കീഴടങ്ങാൻ സാവകാശം തേടി ബിൽക്കിസ് ബാനുകേസ് പ്രതികൾ; ഹർജി ഉടൻ പരിഗണിക്കണമെന്ന് പ്രതിഭാഗം സുപ്രീംകോടതിയിൽ

ഡൽഹി: ജയിലിലേക്ക് തിരികെ പോകാനുള്ള സമയപരിധി നീട്ടിക്കിട്ടാൻ ബിൽക്കിസ് ബാനു കേസിൽ മൂന്ന് പ്രതികൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കാൻ സുപ്രീംകോടതി. കീഴടങ്ങാനുള്ള സമയം ജനുവരി 21ന് അവസാനിക്കാനിരിക്കെ, അടിയന്തര ലിസ്റ്റിംഗ് വേണമെന്ന് പ്രതികൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി.ചിദംബരേഷ് കോടതിയിൽ ആവശ്യപ്പെട്ടു. ബിൽക്കിസ് ബാനു കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് ബി.വി.നാഗരത്‌ന അധ്യക്ഷനായ ബെഞ്ചിന് ഹർജി പരിഗണിക്കാനുള്ള അനുവാദം നൽകണമെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ഇതിനായി ബെഞ്ച് പുനഃസംഘടിപ്പിക്കാൻ ചീഫ് ജസ്റ്റിസിൽ നിന്ന് ഉത്തരവുകൾ തേടാൻ രജിസ്ട്രിക്ക് നിർദ്ദേശം നൽകി.

അതേസമയം മറ്റ് പ്രതികളും ഈ ദിവസങ്ങളിൽ സമയപരിധി നീട്ടാനുള്ള അപേക്ഷ സമർപ്പിക്കുമെന്ന് മറ്റൊരു അഭിഭാഷകൻ ബെഞ്ചിനെ അറിയിച്ചു. അപേക്ഷകൾ ക്രമത്തിലാണെങ്കിൽ അവ ഒരുമിച്ച് ലിസ്റ്റ് ചെയ്യുമെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. 2002-ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിൽ ഒന്നിലധികം കൊലപാതകങ്ങൾക്കും കൂട്ടബലാത്സംഗത്തിനും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളിൽ ഉൾപ്പെടുന്ന ഗോവിന്ദ്ഭായ് നായി, മിതേഷ് ചിമൻലാൽ ഭട്ട്, രമേഷ് രൂപഭായ് ചന്ദന എന്നിവരാണ് ഇതുവരെ അപേക്ഷ സമർപ്പിച്ചത്.

ബില്‍ക്കിസ് ബാനു കേസിലെ പതിനൊന്ന് പ്രതികളെ ഗുജറാത്ത്‌ സര്‍ക്കാര്‍ മോചിപ്പിച്ച വിധി കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി റദ്ദാക്കിയത്. വിധി വന്ന് രണ്ടാഴ്ചക്കകം തിരികെ ജയിലിലേക്ക് പോകണം എന്നാണ് ഉത്തരവ്. കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് കാലാവധി തീരുന്നതിന് മുന്‍പ് ശിക്ഷാ ഇളവ് നല്‍കിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലായിരുന്നു വിധി.

2002ലെ ഗുജറാത്ത് കലാപത്തിനിടെ നടന്ന കൂട്ടബലാല്‍സംഗത്തില്‍ മുംബൈയിലെ സി.ബി.ഐ കോടതിയാണ്‌ 2009ല്‍ പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയെന്നും വിട്ടയക്കണമെന്നും പ്രതികളില്‍ ഒരാള്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കോടതി ഗുജറാത്ത് സര്‍ക്കാരിനെ നിയോഗിച്ചു. ഇതിനു പിന്നാലെയാണ് 2022ല്‍ പതിനൊന്ന് പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top