കോടിയേരിയുടെ ഭൗതികശരീരം എകെജിസെന്ററില്‍ എത്തിക്കാന്‍ പാര്‍ട്ടി സമ്മതിച്ചില്ല എന്ന പരാമര്‍ശം വാസ്തവവിരുദ്ധം; അമ്മയുടെ മനോനില പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണെന്ന് ബിനീഷ് കോടിയേരി

തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം പൊതുദര്‍ശനത്തിന് എകെജി സെന്ററില്‍ വെക്കാന്‍ പാര്‍ട്ടി അനുവദിച്ചില്ല എന്ന് അമ്മ വിനോദിനി പറഞ്ഞുവെന്നുള്ള പരാമര്‍ശം വാസ്തവവിരുദ്ധമാണെന്ന് ബിനീഷ് കോടിയേരി. ഇന്നത്തെ എഫ്ബി കുറിപ്പിലാണ് അമ്മയുടെ പരാമര്‍ശം വാസ്തവവിരുദ്ധമാണെന്നും അമ്മയുടെ മനോനില പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണെന്നുമുള്ള ബിനീഷിന്റെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. അമ്മയുടെ പരാമര്‍ശങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്നാരോപിച്ചാണ് ബിനീഷ് രംഗത്ത് വന്നിരിക്കുന്നത്.

വിനോദിനിയുടെ അഭിമുഖത്തിലെ പരാമര്‍ശം വിവാദമാവുകയും തൊട്ടടുത്തുള്ള ദിവസം തിങ്കളാഴ്ച വിനോദിനിയുടെ സഹോദരനും പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ എംഡിയുമായ എസ്.ആര്‍.വിനയകുമാറിനെ തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബില്‍ നിന്നും മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്ത സമയത്താണ് അമ്മയുടെ പരാമര്‍ശങ്ങളെ തള്ളി ബിനീഷ് കോടിയേരിയുടെ എഫ്ബി കുറിപ്പ് വരുന്നത്.

അച്ഛന്റെ മരണശേഷം ഞാനും എന്റെ സഹോദരനും അച്ഛന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാൻ ആവശ്യപ്പെട്ടു എന്നും, അതിനു പാർട്ടി സമ്മതിച്ചില്ല എന്ന് എന്റെ അമ്മ പറഞ്ഞു എന്ന പ്രചാരണം തികച്ചും വാസ്തവവിരുദ്ധവും സത്യത്തിനു നിരക്കാത്തതുമാണ്. അമ്മ പറഞ്ഞ വാക്കുകളെ ദുർവ്യാഖ്യാനം നടത്തി അത്‌ പാർട്ടിക്കെതിരെ ഉപയോഗിക്കുവാനാണ് വലതുപക്ഷ രാഷ്ട്രീയം ശ്രമിക്കുന്നത്.

അച്ഛൻ പോയതിന് ശേഷമുള്ള അമ്മയുടെ മാനസിക അവസ്ഥ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ് , ഇങ്ങനെ ഉള്ള അപവാദ വ്യാഖ്യാനങ്ങളുമായി വന്ന് വീണ്ടും അമ്മയുടെ മനോനില തകർക്കരുത് എന്ന് എല്ലാവരോടും വിനീതമായ അപേക്ഷ.

ഇപ്പോൾ കോടിയേരിക്ക് വേണ്ടി എന്ന് പറഞ്ഞു നടത്തുന്ന ഈ പ്രചാരണങ്ങൾ സിപിഎമ്മിനെയും സിപിഎം നേതൃത്വത്തെയും ബോധപൂർവ്വം പൊതുജനത്തിനു മുൻപിൽ മോശമായി ചിത്രീകരിക്കാനാണ്. ഇതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യർത്ഥിക്കുന്നുവെന്നാണ് ബിനീഷ് കുറിക്കുന്നത്.

ബിനീഷിന്റെ എഫ്ബി കുറിപ്പിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ടവരെ ,

അച്ഛന്റെ മരണശേഷം ഞാനും എന്റെ സഹോദരനും അച്ഛന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാൻ ആവശ്യപ്പെട്ടു എന്നും , അതിനു പാർട്ടി സമ്മതിച്ചില്ല എന്ന് എന്റെ അമ്മ പറഞ്ഞു എന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധവും , സത്യത്തിനു നിരക്കാത്തതുമാണ് .മരണശേഷവും കോടിയേരിക്ക് എതിരെ നടത്തുന്ന ഈ അപവാദ പ്രചാരണങ്ങളെ ജനങ്ങൾ തള്ളി കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യർത്ഥിക്കുന്നു .
അമ്മ പറഞ്ഞ വാക്കുകളെ ദുർ വ്യാഖ്യാനം നടത്തി അത്‌ പാർട്ടിക്കെതിരെ ഉപയോഗിക്കുവാനാണ് വലതുപക്ഷ രാഷ്ട്രീയം ശ്രമിക്കുന്നത് . ഇതിനെ സംബന്ധിച്ചു വളരെ കൃത്യമായി ഞാൻ റിപ്പോർട്ടർ ചാനലിലും , മനോരമ ചാനലിലും നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയതാണ് ..
അച്ഛൻ പോയതിന് ശേഷമുള്ള അമ്മയുടെ മാനസിക അവസ്ഥ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ് , ഇങ്ങനെ ഉള്ള അപവാദ വ്യാഖ്യാ നങ്ങളുമായി വന്ന് വീണ്ടും അമ്മയെ മനോനില തകർക്കരുത് എന്ന് എല്ലാവരോടും വിനീതമായ അപേക്ഷ .
പാർട്ടി നേതാവായിരുന്ന കോടിയേരിയെ ഏതെല്ലാം തരത്തിലാണ് ഇവർ വേട്ടയാടിയത് എന്ന് എല്ലാവരും കണ്ടതാണ് . അങ്ങനെ ഉള്ളവർ എല്ലാം തന്നെ ഇപ്പോൾ കോടിയേരിക്ക് വേണ്ടി എന്ന് പറഞ്ഞു നടത്തുന്ന ഈ പ്രചാരങ്ങൾ സി പി എമ്മിനേയും സിപിഎം നേതൃത്വത്തെയും ബോധപൂർവ്വം പൊതുജനത്തിനു മുൻപിൽ മോശമായി ചിത്രീകരിക്കാനാണ്, ഇതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യർത്ഥിക്കുന്നു .
ബിനീഷ് കോടിയേരി

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top