പാലാ നഗരസഭയിലെ വിവാദ എയര്‍പോഡ് പോലീസ് സ്റ്റേഷനില്‍ തിരിച്ചെത്തി; മോഷണക്കേസില്‍ സിപിഎം കൗണ്‍സിലറുടെ അറസ്റ്റിനായി മാണി ഗ്രൂപ്പ് സമ്മര്‍ദ്ദം; സിപിഎമ്മില്‍ അതൃപ്തി
പാലാ: നഗരസഭയിലെ എയര്‍പോഡ് മോഷണക്കേസ് സജീവമാക്കാന്‍ മാണി ഗ്രൂപ്പ് ശ്രമം. ആരോപണ വിധേയനായ സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ അറസ്റ്റ് ചെയ്യിപ്പിക്കാനാണ് മാണി ഗ്രൂപ്പിലെ ഒരു വിഭാഗം ശ്രമം ശക്തമാക്കുന്നത്. ബിനുവിനെ അറസ്റ്റിനായി മാണി ഗ്രൂപ്പ് ശ്രമം ശക്തമാക്കിയതോടെ എയര്‍പോഡ് പാല സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരാളാണ് എയർപോഡ് എത്തിച്ചത്.
കാണാതായ എയർപോഡ് ഇത് തന്നെയാണോയെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ശാസ്ത്രീയപരിശോധന പോലീസ് തുടങ്ങിയിട്ടുണ്ട്. എയർപോഡ് കോടതിയിൽ പോലീസ് ഹാജരാക്കിയിട്ടുണ്ട്. അറസ്റ്റ് നീക്കം ശക്തമായതോടെ കേസിലെ എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ബിനു പുളിക്കക്കണ്ടം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയുള്ള മാണി ഗ്രൂപ്പ് നീക്കം സിപിഎമ്മിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്
നഗരസഭാ കൗൺസിൽ ഹാളിൽനിന്ന് കേരള കോൺഗ്രസ് (എം) അംഗം ജോസ് ചീരാംകുഴിയുടെ എയർപോഡാണ് കൗണ്‍സില്‍ യോഗത്തിനിടെ കാണാതായത്. ബിനു പുളിക്കക്കണ്ടം മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ജോസ് പരാതി നല്‍കിയത്. മാര്‍ച്ചില്‍ പാല പോലീസില്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നുണ്ട്. എയര്‍പോഡ് ഇംഗ്ലണ്ടിലാണ് എന്ന് ജോസ് ആരോപിച്ചിരുന്നു.
എയര്‍പോഡ് വിവാദം ഇങ്ങനെ:
കഴിഞ്ഞ ജനുവരിയിലാണ് കേരള കോൺഗ്രസ് (എം) അംഗം ജോസ് ചീരാംകുഴിയുടെ എയർപോഡ് കാണാതായത്. കൗണ്‍സില്‍ യോഗത്തിനിടെയാണ് സംഭവം. സിപിഎം പാർലമെന്ററി പാർട്ടി നേതാവ് ബിനു പുളിക്കക്കണ്ടം മോഷ്ടിച്ചുവെന്നാണ് ജോസ് ആരോപണം ഉന്നയിച്ചത്. ഇതിനെതിരേ ബിനു പുളിക്കക്കണ്ടം രംഗത്തെത്തിതോടെ രാഷ്ട്രീയ വിവാദമായി. ഇടതുമുന്നണിയിൽ കേരള കോൺഗ്രസ് എമ്മും സിപിഎമ്മും തമ്മിലുള്ള തർക്കമായി ഇതുമാറി.
ജോസ് പാല പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ, കേസന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. എയർപോഡ് ലണ്ടനിലുണ്ടെന്ന് സന്ദേശങ്ങളിലൂടെ വ്യക്തമായിരുന്നതായി ജോസ് പോലീസിനോട് പറഞ്ഞിരുന്നു. ഇതിനിടയാണ് ഒരാൾ എയർപോഡുമായി സ്റ്റേഷനില്‍ എത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here