രാജി പ്രായശ്ചിത്തമാകില്ല!! മണിപ്പൂർ കുട്ടിച്ചോറാക്കിയ ഭരണാധികാരി ബീരേൻ സിംഗ് കളംവിടുമ്പോൾ

കഴിഞ്ഞ 22 മാസമായി നിന്നു കത്തുന്ന മണിപ്പൂരിൻ്റ മുഖ്യമന്ത്രി ബീരേൻ സിംഗ് രാജി വെച്ചത് അത്രമേൽ ഗതികെട്ടിട്ട്. വർഗീയ കലാപം കൊണ്ട് പൊറുതിമുട്ടിയ ആ നാട് ചുട്ടു ചാമ്പലായതിൽ ഒരളവോളം കാരണക്കാരൻ ഇയാളായിരുന്നു. ആടുകളെ തമ്മിലടിപ്പിച്ച് രക്തം കുടിക്കുന്ന കുറുക്കൻ്റെ റോളായിരുന്നു ഇയാളുടേത്. 2023 മെയ് മൂന്നിന് ആരംഭിച്ച കലാപം ഇപ്പോഴും അങ്ങിങ്ങ് തുടരുകയാണ്. ഭ്രാന്തുപിടിച്ച ജനക്കൂട്ടം സ്വന്തം പൗരകളായ സ്ത്രീകളെ ബലാത്സംഗം ചെയ്തശേഷം പൊതുവഴിയിലൂടെ നഗ്നരാക്കി നടത്തുന്നത് വരെ മണിപ്പൂരിൻ്റെ നിരത്തുകളിൽ നിന്ന് ലോകം കണ്ടു.
ഹിന്ദുക്കളായ മെയ്തേയ്കളും ക്രിസ്ത്യാനികളായ കുക്കികളും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. ഇരുകൂട്ടർക്കും കോടികളുടെ നാശനഷ്ടങ്ങളുണ്ടായി. കലാപം പൊട്ടിപുറപ്പെട്ട ദിവസങ്ങളിലും മാസങ്ങളിലും അവിടെയൊരു ഭരണകൂടം ഉള്ളതായി പോലും തോന്നലുണ്ടായില്ല. സംഘര്‍ഷങ്ങളില്‍ 260ലേറെ പേര്‍ കൊല്ലപ്പെടുകയും, 60,000ത്തിലധികം പേര്‍ അഭയാർഥികൾ ആക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 4,786 വീടുകളും 356 ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടു. ഇതിൽ 255 എണ്ണം ക്രൈസ്തവ ദേവാലയങ്ങളാണ്.
അനൗദ്യോഗിക കണക്കനുസരിച്ച് ഇതിലധികം കൊലപാതകങ്ങളും ഹീനമായ അക്രമണങ്ങളും നടന്നിട്ടുണ്ട്. കലാപവും കൊളളിവയ്പും ആരംഭിച്ച ഘട്ടം മുതല്‍ ബീരേൻ സിംഗിന്‍റെ നേതൃത്വത്തിലെ സംസ്ഥാന സര്‍ക്കാരും പൊലീസും താഴ്വരയിലെ മെയ്തേയ് സമൂഹത്തിന് അനുകൂലമായി നിലകൊണ്ടതാണ് പ്രശ്‌നത്തെ ഇത്രമാത്രം ആളിക്കത്തിച്ചത് എന്നാണ് ആരോപണം. ഭരണതലത്തിലും ഉദ്യോഗതലത്തിലും മേയ്‌തേയ് ആധിപത്യം കാരണം തങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടുവെന്ന വികാരം കുക്കികളില്‍ ശക്തമാണ്.
സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആയിരങ്ങളാണ് ഭവനരഹിതരായി മാറിയിട്ടുളളത്. മേയ്‌തേയ്കളെ ഷെഡ്യൂള്‍ഡ് ട്രൈബ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് ആള്‍ ട്രൈബല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഓഫ് മണിപ്പൂര്‍ സംഘടിപ്പിച്ച ഗോത്ര ഐക്യദാര്‍ഢ്യ മാര്‍ച്ചാണ് മേയ്‌തേയ്- കുക്കി വംശീയ കലാപത്തിന് തുടക്കമിട്ടത്. അവിടെ വംശീയ കലാപത്തില്‍ ഏര്‍പ്പെട്ടിട്ടുളള പട്ടികവര്‍ഗ വിഭാഗമായ കുക്കികളും പട്ടികവര്‍ഗ ഇതര വിഭാഗമായ മേയ്തേയികളും തമ്മിലുളള സംഘര്‍ഷങ്ങള്‍ നീണ്ട രക്തചൊരിച്ചിലുകള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
മണിപ്പുരിലെ വംശഹത്യകള്‍ക്ക് ഒരു പ്രധാന കാരണക്കാരൻ മുഖ്യമന്ത്രിയായ ബിരേന്‍ സിംഗ് തന്നെയാണ്. കുക്കി വിഭാഗവുമായി ഒരു ചര്‍ച്ചയ്ക്കും മുഖ്യമന്ത്രി തയ്യാറല്ല. മേയ്തേയ് വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ബിരേൻ സിംഗിന്‍റെ പങ്ക് ഈ അക്രമങ്ങളില്‍ ആര്‍ക്കും കാണാന്‍ കഴിയും. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ബിരേൻ സിംഗിൻ്റെ രാജി കൊണ്ടൊന്നും ഈ മുറിവുകൾ ഉണക്കാൻ കഴിയില്ല.
രണ്ട് കൊല്ലം കലാപം നീണ്ട നാട്ടിലേക്ക് ഒന്ന് തിരിഞ്ഞു പോലും നോക്കാത്ത പ്രധാനമന്ത്രി മോദിയുടെ നിലപാടും വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇത്ര കൊടിയ പീഡനങ്ങളും അവയുടെ വേദനകളും അനുഭവിക്കുന്ന ജനതയോട് ഒരു തരത്തിലും അനുഭാവമോ അനുതാപമോ പ്രകടിപ്പിക്കാത്ത ഭരണാധികാരികളുടെ നിസംഗതയാണ് ഏറെ അമ്പരിപ്പിക്കുന്നത്. രാജ്യത്തെമ്പാടും നിന്നും, വിദേശത്ത് നിന്ന് പോലും കലാപത്തിൽ ആശങ്ക ഉയർന്നപ്പോൾ ക്രിയാത്മകമായി ഇടപെടാത്തവരാണ് രാജ്യം ഭരിച്ച മോദിയും, മണിപ്പൂർ ഭരിച്ച ബിരേന്‍ സിംഗും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here