വിവാദങ്ങളുടേയും ‘ഫാജി’; ‘സർദാർ ഓഫ് സ്പിന്നിന്‍റെ’ ചൂടറിഞ്ഞത് സഹതാരങ്ങള്‍ മുതല്‍ ഭരണാധികാരികൾ വരെ
ആര്‍.രാഹുല്‍
ന്യൂഡൽഹി: ലോകക്രിക്കറ്റില്‍ എന്നും പേരും പെരുമയും കേട്ടതാണ് ഇന്ത്യൻ സ്പിൻ ബോളിംഗ് മികവ്. 1960കളിലും 70കളിലുമാണ് ലോകോത്തര ബാറ്റ്സ്മാൻമാർക്ക് പേടി സ്വപ്നമായി ഇന്ത്യൻ സ്പിൻ മികവ് മാറുന്നത്. ഈ കാലയളവില്‍ ഏരപ്പള്ളി പ്രസന്ന, എസ്. വെങ്കിട്ടരാഘവൻ, ബി. ചന്ദ്രശേഖർ എന്നിവർക്കൊപ്പം ഇന്ത്യൻ ക്രിക്കറ്റിൻ്റെ ജാതകം തന്നെ മാറ്റിമറിച്ചയാളാണ് ബിഷൻ സിങ് ബേദി. ലോകത്തിലെ ഏറ്റവും അപകടകാരിയയ ഇടങ്കയ്യൻ സ്പിന്നർമാരുടെ നിരയിലാണ് ‘ഫാജി’ എന്നറിയപ്പെട്ട ബേദിയുടെ പേര് എഴുതി ചേർത്തിട്ടുള്ളത്.
ഇന്ത്യൻ സ്പിൻ ബോംളിംഗിൻ്റെ സുവർണ്ണകാലമായിരുന്നു ഈ നാൽവർ സംഘം ഒന്നിച്ച് കളിച്ചിരുന്ന കാലം. എന്നാൽ ഇവരിൽ കൂടുതൽ ടെസ്റ്റുകൾ കളിച്ചതും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയതും ബേദിയാണ്. 1966–79 കാലഘട്ടത്തിൽ 67 ടെസ്റ്റുകളിൽ നിന്ന് 266 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിട പറയുമ്പോൾ വിക്കറ്റ് വേട്ടയിൽ ലോകത്ത് മൂന്നാം സ്ഥാനത്തായിരുന്നു ബേദി. ഓസിസിൻ്റെ ഫ്രെഡി ട്രൂമാനും വെസ്റ്റിൻഡീസിന്റെ ലാൻസ് ഗിബ്സുമായിരുന്നു അന്ന് അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നത്.
1946 സെപ്റ്റംബർ 25ന് അമൃത്സറിലായിരുന്നു ബേദിയുടെ ജനനം. പതിനഞ്ചാം വയസിൽ ഉത്തര പഞ്ചാബ് ടീമിലൂടെയായിരുന്നു ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. ജനിച്ചത് പഞ്ചാബിലാണെങ്കിലും പിന്നീട് ഡൽഹി ടീമിൽ ഇടംനേടി. രണ്ട് തവണ ബേദിയുടെ കീഴിൽ ഡൽഹി രഞ്ജി ട്രോഫി കിരീടം ചൂടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയുടെ റെക്കോർഡും ബേദിയുടെ പേരിലാണ്. 370 മത്സരങ്ങളിൽനിന്നായി 1,560 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.
1966ൽ വെസ്റ്റ്ഇൻഡീസിനെതിരെ ടെസ്റ്റ് കരിയർ ആരംഭിച്ച ബേദിയുടെ പേരിലായിരുന്നു ഒരു കാലത്ത് ഏറ്റവും അധികം റൺസ് നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡും ഉണ്ടായിരുന്നത്. 1985ൽ കപിൽദേവാണ് ബേദിയുടെ ബാറ്റിംഗിലുള്ള ഇന്ത്യൻ റെക്കോർഡ് തകർത്തത്. ഇന്ത്യയുടെ ആദ്യ ഏകദിന ലോകകപ്പ് മത്സര വിജയത്തിലും നിർണായക പങ്കുവഹിച്ച് ചരിത്രത്തിന്‍റെ ഭാഗമാകാന്‍ ബേദിക്ക് ഭാഗ്യമുണ്ടായി. 1975 എകദിന ലോകകപ്പിൽ ഈസ്റ്റ് ആഫ്രിക്കയ്ക്കെതിരായ മത്സരത്തിലായിരുന്നു ഇന്ത്യയുടെ ആദ്യ വിജയം. അന്ന് ബേദി കുറിച്ച റെക്കോർഡ് ഇന്നും ആർക്കും തൊടാനായിട്ടില്ല. 12 ഓവറിൽ 8 മെയ്ഡൻ ഓവറടക്കം 6 റൺസ് വഴങ്ങി 1 വിക്കറ്റാണ് അന്ന് ബേദി സ്വന്തമാക്കിയത്. 60 ഓവർ ഏകദിന ക്രിക്കറ്റിലെ ലോക റെക്കോർഡാണിത്. പത്ത് ഏകദിനങ്ങൾ കളിച്ച അദ്ദേഹം ഏഴ് വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
22 ടെസ്‌റ്റുകളിലാണ് ക്യാപ്റ്റൻ എന്ന നിലയിൽ ബിഷൻ സിങ് ബേദി ഇന്ത്യയെ നയിച്ചത്. അതിൽ 6 എണ്ണത്തിൽ വിജയം നേടി. ഇന്ത്യ രണ്ടാം തവണ പാകിസ്ഥാൻ പരമ്പരക്ക് പോയപ്പോൾ ബേദിയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. എന്നാൽ മൂന്ന് ടെസ്‌റ്റിൽ രണ്ടിലും ഇന്ത്യ പരാജപ്പെട്ടപ്പോൾ ബേദിയുടെ ക്യാപ്റ്റൻ സ്ഥാനവും നഷ്ടപ്പെട്ടു.
കരിയറിൽ റെക്കോർഡുകളുടെ തോഴൻ മാത്രമായിരുന്നില്ല ബേദി. എന്നും വിവാദങ്ങളിലും അദ്ദേഹം നിറഞ്ഞ് നിന്നു. എന്തും വെട്ടിതുറന്ന് പറയുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തെ വിവാദങ്ങളുടേയും തോഴനാക്കിയത്. പതിമൂന്ന് വര്‍ഷങ്ങള്‍ നീണ്ട അദ്ദേഹത്തിൻ്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചത് 1981ലായിരുന്നു. നല്ല രീതിയിലായിരുന്നില്ല അദ്ദേഹത്തിൻ്റെ വിടവാങ്ങൽ. ബോർഡുമായി അസ്വാരസ്യങ്ങൾ നിലനിൽക്കെയായിരുന്നു അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നത്. വിക്കറ്റ് വേട്ടയിൽ ഒന്നാമത് എത്താനുള്ള മോഹം ഉപേക്ഷിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പടിയിറക്കം. ക്രിക്കറ്റിന് അപകീർത്തി ഉണ്ടാക്കിയത് ക്രിക്കറ്റല്ല താരങ്ങളാണെന്ന് എപ്പോഴും പറയാറുള്ള ബേദി സത്യസന്ധതയിലും ധർമത്തിലും അധിഷ്‌ഠിതമായതാണ് ക്രിക്കറ്റ് എന്ന് ഉറച്ചുവിശ്വസിച്ചിരുന്ന വ്യക്തിത്വമായിരുന്നു.
കളിക്കാരൻ, നായകൻ എന്നതിലുപരി പരിശീലൻ എന്ന നിലയിലും ബേദി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ പരിശീലകനാണ് ബേദി. 1990ലാണ് അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. ക്യാപ്റ്റൻ മുഹമ്മദ് അസ്‌ഹറുദ്ദീനുമായുണ്ടായ അഭിപ്രായ വ്യത്യാസം ബേദിയുടെ പരിശീലക സ്ഥാനം തെറിപ്പിച്ചു. ന്യൂസീലൻഡിൽ ഇന്ത്യ ഒരു മത്സരത്തിൽ തോറ്റപ്പോൾ പരിശീലകനായ ബേദി കളിക്കാർക്കെതിരെ തുറന്നടിച്ചതും അദ്ദേഹത്തിന് തിരിച്ചടിയായി. പിന്നീട് ലോർഡ്‌സിൽ ടോസ് നേടിയിട്ടും കോച്ചിന്റെ ഉപദേശം വകവയ്ക്കാതെ അതിനു വിപരീതമായി തീരുമാനമെടുത്ത അസ്‌ഹറുമായി ബേദി കൂടുതൽ തെറ്റി. ഇന്ത്യയിൽ തിരിച്ചെത്തിയ ഉടൻ ക്യാപ്റ്റൻ കോച്ചിനെതിരെയും പത്രസമ്മേളനം വിളിച്ചു. “ഞങ്ങൾക്ക് ഒരു മാനേജരുടെ ആവശ്യമില്ല ” എന്ന് അസ്ഹർ പ്രഖ്യാപിച്ചു. ഇതോടെ ബേദി പുറത്തായി.
തൻ്റെ സഹതാരങ്ങൾക്കെതിരെയും ക്രിക്കറ്റ് ബോർഡിനുമെതിരെയും മാത്രമല്ല ബേദി തൻ്റെ തുറന്ന് പറച്ചിൽ നടത്തിയിട്ടുള്ളത്. രാഷ്ട്രീയക്കാരും ഭരണാധികാരികളുമടക്കം ബേദിയുടെ വിമർശനങ്ങളുടെ ചൂടറിഞ്ഞു. സമകാലികനും തന്റെ ക്യാപ്റ്റനുമായിരുന്ന സുനിൽ ഗാവസ്‌കറെ ഇന്ത്യൻ ക്രിക്കറ്റിലെ ‘നശീകരണ സാന്നിധ്യ’മായിട്ടാണ് ബേദി വിശേഷിപ്പിച്ചത്. ഗാവസ്‌കർ ഉത്തരവാദിത്തമില്ലാത്ത അധികാരം സ്വന്തമാക്കുന്നതിൽ മിടുക്കനാണെന്ന് പറഞ്ഞതും വിവാദമായിരുന്നു.
ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ കൈ മടക്കിയാണ് പന്തെറിയുന്നത് എന്ന ആരോപണം ഏറ്റവും കൂടുതൽ ഉന്നയിച്ച ആളായിരുന്നു ബേദി. മുരളീധരന്റെ ‘ദൂസ്‌ര’ ചട്ടവിരുദ്ധമായതിനാൽ രാജ്യാന്തര ക്രിക്കറ്റ് അസോസിയേഷനോട് (ഐസിസി) നടപടിയെടുക്കാനും അദ്ദേഹം പല തവണ ആവശ്യപ്പെട്ടു. ‘ ജാവലിൻ ഏറുകാരനെന്നും ഷോട്ട്പുട്ട് ഏറുകാരനെന്നുമൊക്കെ മുരളീധരനെ ബേദി വിശേഷിപ്പിച്ചു. “ആളുകൾ പറയുന്നു, 800 വിക്കറ്റ് കിട്ടിയെന്ന്. ഞാൻ പറയുന്നു 800 റണ്ണൗട്ടുകളെന്ന് ” – ബേദി മുരളിക്കുനേരെ എറിഞ്ഞ ‘ദൂസ്‌ര’യായിട്ടാണ് ക്രിക്കറ്റ് ആരാധകർ ബേദിയുടെ പരാമർശത്തെ വിലയിരുത്തുന്നത്.
മറ്റുള്ളവരെ വിമർശിക്കുന്നതിനോടൊപ്പം ആത്മവിമർശനവും ബിഷൻ സിംഗ് ബേദി നടത്തിയിരുന്നു. അദ്ദേഹത്തിൻ്റെ സുവർണ കാലത്ത് രാജ്യാന്തര ക്രിക്കറ്റിലേക്ക് വഴിമുടക്കപ്പെട്ട പ്രതിഭകളായിരുന്നു രജീന്ദർ ഗോയൽ, പദ്മാകർ ശിവാൽക്കർ എന്നിവർ. ശിവാൽക്കർ മുംബൈയുടെയും ഗോയൽ ഹരിയാനയുടെയും താരങ്ങളായിരുന്നു. രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ എന്ന നേട്ടം ഗോയലിന്റെ പേരിലാണുള്ളത്. ബേദിയുടെ പ്രഭാവത്തിന് മുന്നിൽ ഇരുവരും ആഭ്യന്തര ക്രിക്കറ്റിൽ മാത്രം ഒതുങ്ങിപ്പോകുകയായിരുന്നു. ഗോയൽ തന്നെക്കാൾ മിടുക്കനായിരുന്നുവെന്നും ഭാഗ്യംകൊണ്ടാണു താൻ ഇന്ത്യൻ ടീമിലേക്ക് എത്തിയതെന്നും തുറന്ന് പറയാനുംബേദി മടിച്ചില്ല.
ക്രിക്കറ്റ് വെറുതേ കളിക്കുകയല്ല, അതിലൂടെ ജീവിക്കുകയാണു വേണ്ടതെന്ന് തെളിയിച്ച അപൂർവ്വം താരങ്ങളിലൊരാളാണ് ബിഷൻ സിംഗ് ബേദി.ഐക്യരാഷ്ട്ര സംഘടനയുടെ ക്ഷണപ്രകാരം ഒരിക്കൽ സ്‌പോർട്‌സിലെ വർണവിവേചനത്തിനെതിരെ സംസാരിക്കാൻ അദ്ദേഹത്തിന് അവസരമുണ്ടായി. 1969ൽ അർജുന അവാർഡും 1970ൽ പത്മശ്രീയും നൽകി രാഷ്ട്രം ആദരിച്ചു. ഇന്ത്യൻ ക്രിക്കറ്റിന് പുതിയ അർത്ഥവും ദിശയും സമ്മാനിച്ച് ലോകത്തിൻ്റെ നെറുകയിൽ അടയാളപ്പെടുത്തിയ ‘സ്പിൻ മാന്ത്രികൻ’ വിട പറയുമ്പോൾ അവസാനിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഒരു ചരിത്രം കൂടിയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here