ബിജെപിയേക്കാള്‍ രാഹുല്‍ ഗാന്ധിയെ സിപിഎം ‘ടാര്‍ഗറ്റ്’ ചെയ്തത് തോല്‍വിക്ക് കാരണമായെന്ന് മാര്‍ കൂറിലോസ്; ഇടതുപക്ഷം ‘ഇടത്ത്’ തന്നെ നില്‍ക്കണമെന്നും ബിഷപ്പ്

ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍ നിന്ന് ഇനിയും പാഠം പഠിക്കാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയാകുമെന്ന് യാക്കോബായ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളെ അതിരൂക്ഷമായ ഭാഷയിലാണ് ബിഷപ്പ് വിമര്‍ശിച്ചിരിക്കുന്നത്. ഇടത് സഹയാത്രികനെന്ന് അറിയപ്പെടുന്നയാളാണ് മാർ കൂറിലോസ്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം അതിശക്തമായ ഭരണവിരുദ്ധ വികാരമാണ്. സിപിഎം എത്ര നിഷേധിക്കാന്‍ ശ്രമിച്ചാലും അത് ഒരു യാഥാര്‍ത്ഥ്യമാണ്. സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കം ഇല്ലായ്മ, ധൂര്‍ത്ത്, വളരെ മോശമായ പൊലിസ് നയങ്ങള്‍, മാധ്യമ വേട്ട, സഹകരണ ബാങ്കുകളില്‍ ഉള്‍പ്പെടെ നടന്ന അഴിമതികള്‍, ക്ഷേമപെന്‍ഷന്‍ മുടങ്ങിയത് അടക്കം പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങള്‍, എസ്എഫ്‌ഐയുടെ അക്രമ രാഷ്ട്രീയം, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, മത -സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങള്‍, വലതു വല്‍ക്കരണ നയങ്ങള്‍, തുടങ്ങിയ നിരവധി കാരണങ്ങള്‍ ഈ തോല്‍വിക്ക് കാരണമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ബിജെപിയെക്കാള്‍ കോണ്‍ഗ്രസിനെയും ഫാസിസത്തിനെതിരെ ധീരമായി പോരാടിയ രാഹുല്‍ ഗാന്ധിയെയും ‘ടാര്‍ഗറ്റ്’ ചെയ്തുകൊണ്ടുള്ള ഇടതുപക്ഷ പ്രചാരണം മതേതര വിശ്വാസികളില്‍ സംശയമുണ്ടാക്കി. ഒന്നാം പിണറായി സര്‍ക്കാരിനെ അപേക്ഷിച്ച് രണ്ടാം സര്‍ക്കാരിന്റെ നിലവാര തകര്‍ച്ച മറ്റൊരു പ്രധാന കാരണമാണ്. ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണ്. ധാര്‍ഷ്ട്യവും ധൂര്‍ത്തും ഇനിയും തുടര്‍ന്നാല്‍ ഇതിലും വലിയ തിരിച്ചടികള്‍ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുന്നതെന്നും മെത്രാപ്പോലീത്ത മുന്നറിയിപ്പു നല്‍കുന്നുണ്ട്.
എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല. ‘കിറ്റ് രാഷ്ട്രീയത്തില്‍’ ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ലെന്നും അദ്ദേഹം പരിഹസിച്ചു. താനൊരു ഇടതുപക്ഷക്കാരനാണെന്ന് പരസ്യമായി പറയാന്‍ ധൈര്യം കാണിച്ചിട്ടുള്ള ബിഷപ്പാണ് മാര്‍ കൂറിലോസ്. ഇടതുപക്ഷം ഇടത്തു തന്നെ നില്‍ക്കണം. ഇടതേക്ക് ഇൻഡിക്കേറ്റർ ഇട്ടിട്ട് വലതേക്ക് വണ്ടിയോടിച്ചാൽ അപകടം ഉണ്ടാകും. തൊലിപ്പുറത്തെ ചികിത്സയല്ല, ആഴത്തിലുള്ള ചികിത്സ വേണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇതാദ്യമായാണ് ഒരു ക്രൈസ്തവ സഭാ നേതാവ് സര്‍ക്കാരിനെ കീറിമുറിച്ച് വിമര്‍ശിക്കാന്‍ മുന്നോട്ട് വന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here