‘കാസ’ക്കെതിരെ പരോക്ഷ വിമർശനവുമായി മാർ പാംപ്ലാനി; പെൺകുട്ടികളുടെ സംരക്ഷണമെന്ന പേരിൽ വർഗീയത പാടില്ല; പ്രണയക്കെണിയിൽ പെടുമെന്ന് പ്രചരിപ്പിച്ച് അവരുടെ അഭിമാനം കളയരുത്
കണ്ണൂര്‍: ലൗജിഹാദ് ആരോപണം ഉയർത്തുന്ന കാസ അടക്കം സംഘടനകളുടെ പ്രവർത്തനങ്ങളെ പരോക്ഷമായി വിമർശിച്ച് തലശേരി രൂപതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി. കത്തോലിക്കാ പെൺകുട്ടികളുടെ സംരക്ഷണമെന്ന പേര് പറഞ്ഞ് ആരും വര്‍ഗീയത വളർത്തേണ്ട. പ്രണയം നടിച്ച് മതംമാറ്റി പെൺകുട്ടികളെ കടത്തിക്കൊണ്ട് പോകുന്നുവെന്ന് പ്രചരിപ്പിക്കുന്നവർ ഈ പെൺകുട്ടികളുടെ അഭിമാനബോധത്തെയാണ് ചോദ്യം ചെയ്യുന്നതെന്ന് മാർ പാംപ്ലാനി ഓർമ്മിപ്പിച്ചു.
കണ്ണൂര്‍ ചെമ്പേരിയില്‍ കത്തോലിക്കാ യുവജന പ്രസ്ഥാനം, കെസിവൈഎമ്മിന്‍റെ യുവജന സംഗമത്തിലായിരുന്നു രൂക്ഷമായ ഭാഷയിൽ മാർ പാംപ്ലാനിയുടെ മുന്നറിയിപ്പ്. അതിരൂപതയിലെ പെണ്‍കുട്ടികളുടെ പേര് പറഞ്ഞ് ആരും വര്‍ഗീയതയുടെ വിഷം വിതയ്ക്കാന്‍ പരിശ്രമിക്കേണ്ട. അവരെ സംരക്ഷിക്കാന്‍ നമ്മുടെ സമുദായത്തിന് അറിയാം. അവരുടെ അഭിമാനത്തിന് വില പറയാന്‍ ഒരാളേപ്പോലും അനുവദിക്കില്ല. മറ്റ് സംഘടനകളെയോ പ്രസ്ഥാനങ്ങളെയോ ഇത്തരം കാര്യം ഏറ്റെടുക്കാന്‍ അനുവദിക്കരുതെന്നും മാർ പാംപ്ലാനി പറഞ്ഞു.
“ആരൊക്കെയോ പറഞ്ഞുണ്ടാക്കിയ ഭീകരമായ കഥകള്‍ കേട്ട് നമ്മുടെ പെണ്‍കുട്ടികളുടെ അഭിമാനത്തിന് വില പറയുന്ന സാഹചര്യം ഈ നാട്ടില്‍ സംജാതമായിട്ടുണ്ട്. ക്രൈസ്തവ യുവതികളുടെ രക്ഷകരായി പലരും രംഗപ്രവേശനം ചെയ്യുന്നു. ആരും സ്വയം പ്രഖ്യാപിത സംരക്ഷകരാകേണ്ട. കന്നുകാലി ചക്കമടൽ കണ്ടാൽ കൂട്ടില്‍ കയറുന്നത് പോലെ നമ്മുടെ പെൺകുട്ടികളെല്ലാം വിവേചനവും വിവേകവുമില്ലാതെ പ്രണയക്കുരുക്കിൽ പെട്ടുപോകുകയാണ് എന്നാണ് പ്രചാരണം. അവരുടെ അഭിമാനത്തിനാണ് ഇത് ക്ഷതം വരുത്തുന്നത്.”
“സഹോദരിമാരെ ഞാന്‍ നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. തലശ്ശേരിയിലെ ഒറ്റ പെണ്‍കുട്ടിയെ പോലും ആര്‍ക്കും ചതിയിലോ പ്രണയക്കുരുക്കിലോ വീഴ്ത്താനാകാത്ത വിധം നട്ടെല്ലുള്ള പെണ്‍കുഞ്ഞുങ്ങളാണ് ഇവിടെയുള്ളത്”, അദ്ദേഹം കൂട്ടിച്ചേർത്തു. ലൗജിഹാദിൽ നിന്ന് കത്തോലിക്കാ പെൺകുട്ടികളെ സംരക്ഷിക്കുക എന്നത് പ്രധാന അജണ്ടയാക്കി പ്രവർത്തിക്കുന്ന കാസ സംഘടന കത്തോലിക്കാ സഭയിലെ ഒരുവിഭാഗം മതമേലധ്യക്ഷരുടെ അനുഗ്രഹാശിസുകളോടെ തന്നെയാണ് മുന്നോട്ടുപോകുന്നത് എന്നിരിക്കെ മാർ ജോസഫ് പാംപ്ലാനി ഇപ്പോഴത്തെ നിലപാട് ഇക്കൂട്ടരെയെല്ലാം ആശയക്കുഴപ്പത്തിലാക്കുമെന്ന് ഉറപ്പാണ്.
വിവാദസിനിമ കേരള സ്റ്റോറിയുടെ ഇടുക്കി രൂപതയിലെ പ്രദർശനത്തിന് ശേഷം മാർ പാംപ്ലാനി മെത്രാനായ തലശേരി രൂപതയിലും പ്രദർശിപ്പിക്കാൻ നീക്കം നടത്തിയിരുന്നു. അന്നതിന് മുന്നിട്ടിറങ്ങിയ കെസിവൈഎമ്മിൻ്റെ ചടങ്ങിലാണ് രൂപതാധ്യക്ഷൻ്റെ ഇന്നത്തെ മുന്നറിയിപ്പ് എന്നതാണ് ശ്രദ്ധേയം. റബ്ബർവില വർധിപ്പിച്ചാൽ കേരളത്തിൽ നിന്നൊരു എംപിയെ ബിജെപിക്ക് നൽകാമെന്ന മാർ പാംപ്ലാനിയുടെ സമീപകാല പ്രസ്താവന വ്യാപകവിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. ലൗജിഹാദ് വിഷയത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ഇപ്പോഴത്തെ ഈ നിലപാടാകട്ടെ സംഘപരിവാർ കേന്ദ്രങ്ങൾക്കും ക്രിസംഘികൾ എന്നറിയപ്പെടുന്ന ക്രൈസ്തവരിലെ ബിജെപി അനുകൂലപക്ഷത്തിനും വൻ തിരിച്ചടിയാകുമെന്നും ഉറപ്പാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here