കടിച്ച വിഷപ്പാമ്പിനെ കഴുത്തിൽ കുത്തിപ്പിടിച്ച് ഒരാൾ ആശുപത്രിയിൽ!! ഞെട്ടിച്ച് ബീഹാർ യുവാവിന്റെ പ്രകടനം

അത്യന്തം ഞെട്ടിക്കുന്ന രംഗങ്ങൾക്കാണ് ബീഹാർ ഭഗൽപൂരിലെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. കൊടിയ വിഷമുള്ള അണലി ഇനത്തിൽപ്പെട്ട പാമ്പിൻ്റെ കടിയേറ്റയാൾ ആശുപത്രിയിൽ എത്തിയത് അതിനെ പിടികൂടി കഴുത്തിൽ തൂക്കിയിട്ട നിലയിൽ. പാമ്പിനെ മനസ്സിലാക്കിയ ശേഷം അതനുസരിച്ച് തന്നെ ചികിത്സിക്കണമെന്ന് ഇയാൾ ഡോക്ടർമാരോട് അഭ്യർത്ഥിച്ചു. പ്രകാശ് മണ്ഡൽ എന്നയാളുടെ പ്രകടനത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ആശുപത്രിയിൽ എത്തിയ പ്രകാശ് മണ്ഡൽ തന്നെ കടിച്ച പാമ്പാണ് ഇതെന്നും എത്രയും വേഗം ചികിൽസ വേണമെന്നും ഉറക്കെ വിളിച്ചു പറയുകയായിരുന്നു. അതിനുശേഷം പാമ്പിനെ കയ്യിൽ മുറുകെ പിടിച്ച് ആശുപത്രി വരാന്തയിൽ കിടന്നു. പാമ്പിനെ കണ്ട ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ഭയന്നു മാറിനിന്നു. പിന്നീട് ഇയാളെ സ്ട്രെച്ചറിൽ കിടത്തി. അപ്പോഴും പാമ്പിനെ വിട്ടില്ല. വേദന കൊണ്ട് പുളയുമ്പോഴും കയ്യിൽ തന്നെ കടിച്ച പാമ്പുണ്ടോയെന്ന് അയാൾ നോക്കുന്നത് പുറത്തുവന്ന വീഡിയോയിൽ കാണാം.

കയ്യിൽ പാമ്പിനെ പിടിച്ചിരുന്നാൽ ചികിൽസ നൽകാൻ ബുദ്ധിമുട്ടാകുമെന്ന് ഡോക്ടർ പറഞ്ഞതോടെയാണ് പ്രകാശ് മണ്ഡൽ പിടിവിട്ടത്. പ്രകാശിന്റെ ആരോഗ്യനില സംബന്ധിച്ച വിവരമൊന്നും പുറത്തുവന്നിട്ടില്ല. മായാഗാഞ്ചിലെ ഇയാളുടെ വീട്ടിൽ വച്ച് ഉറക്കത്തിലാണ് പാമ്പ് കടിച്ചത് എന്നാണ് അറിയിച്ചത്. തുടർന്ന് പാമ്പിനെ പിടികൂടി, കടിയേറ്റ ഭാഗം ചുറ്റിക്കെട്ടി വച്ച ശേഷമാണ് കുടുംബവുമൊത്ത് ആശുപത്രിയിലേക്ക് പുറപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top