ബിജെപി ഓഫീസ് അടിച്ച് തകർത്തു; സ്ഥാനാർത്ഥി പട്ടികക്കെതിരെ രാജസ്ഥാനിലും പ്രവർത്തകരുടെ പ്രതിഷേധം

ജയ്പൂർ: രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ രാജസ്ഥാനിലും ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. ടയറുകള്‍ ഉള്‍പ്പടെ കത്തിച്ചാണ്. പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. ജയ്‌പൂരിൽ ബിജെപി ആസ്ഥാനത്തിന് പുറത്ത് കൂട്ടം കൂടിയാണ് പ്രതിഷേധം. രാജ്‌സമന്ദിലെ ബിജെപി ഓഫീസ് പ്രതിഷേധക്കാർ അടിച്ചുതകര്‍ത്തു.

ചിത്തോർഗഡ്, ഉദയ്പൂർ, അൽവാർ, ബുന്ദി തുടങ്ങിയ സ്ഥലങ്ങളിലാണ് ബിജെപി പ്രവർത്തകർ സ്ഥാനാർഥികൾക്കെതിരെ രംഗത്തെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.പി. ജോഷിക്ക് എതിരായാണ് വ്യാപകമായി പ്രതിഷേധം ഉയരുന്നത്. ഇന്നലെ 83 സ്ഥാനാര്‍ഥികളുടെ രണ്ടാം ഘട്ട പട്ടിക ബിജെപി പുറത്തിറക്കിയിരുന്നു.

ഉദയ്പൂരിൽ താരാചന്ദ് ജെയിന് സീറ്റ് നൽകിയതിൽ ഒരു വിഭാഗം പ്രവർത്തകർക്ക് എതിർപ്പുണ്ട്. ബുന്ദി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി അശോക് ദോഗ്രയ്‌ക്കെതിരെയും പ്രവർത്തകർക്കിടയിൽ പ്രതിഷേധമുയരുന്നുണ്ട്. അൽവാർ സിറ്റിയിൽ സഞ്ജയ് ശർമയെ തുടർച്ചയായി രണ്ടാം തവണയും സ്ഥാനാർഥിയാക്കിയതിലും പാർട്ടിയിലെ ഒരു വിഭാഗത്തിന് അമർഷമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

200 അംഗ നിയമസഭ സീറ്റുകളില്‍ 124 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് ബിജെപി ഇതുവരെ പ്രഖ്യാപിച്ചത്. ആദ്യഘട്ട സീറ്റ് പ്രഖ്യാപനത്തിന് പിന്നാലെ പട്ടികയില്‍ നിന്ന് പുറത്തായ ബിജെപി എംഎല്‍എമാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. വസുന്ധര രാജെ പക്ഷത്ത് നിന്നുള്ളവരായിരുന്നു പ്രതിഷേധവുമായി എത്തിയത്. സീറ്റ് ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടിക്കെതിരെ മത്സരിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.

അതേ സമയം; അവസാന ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ മധ്യപ്രദേശിലും ഒരു വിഭാഗം ബിജെപി പ്രവർത്തകരും നേതാക്കളും പ്രതിഷേധത്തിലാണ്. ജബൽപൂർ നോർത്ത് മണ്ഡലത്തിൽ കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവിനെ വളഞ്ഞ് പ്രവർത്തകരും നേതാക്കളും പ്രതിഷേധിച്ചു. സംഭവത്തിൽ മൂന്ന് ബിജെപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രമന്ത്രിയെ പ്രവർത്തകർ തടഞ്ഞുവയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മന്ത്രിയുടെ ഒപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യുന്നതായും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top