പാര്‍ട്ടി വിടുന്ന ദള്‍ നേതാക്കളുടെ എണ്ണം കൂടുന്നു; കേരളത്തിലെ നേതൃത്വവും അകന്ന് നില്‍ക്കുന്നു; അനുനയ നീക്കവുമായി കുമാരസ്വാമി രംഗത്ത്

ബെംഗളൂരു: ബിജെപി സഖ്യമായതോടെ പാര്‍ട്ടി വിടുന്ന നേതാക്കളുടെ എണ്ണം കൂടുന്നതില്‍ ജെഡിഎസില്‍ അസ്വസ്ഥത. കേരളത്തിലെ ജനതാദള്‍ (എസ്) ഘടകത്തിനെയും അനുനയിപ്പിക്കാന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയ്ക്ക് കഴിഞ്ഞിട്ടില്ല. അനുനയ നീക്കങ്ങള്‍ സജീവമാക്കുകയാണ് ദള്‍ നേതൃത്വം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിൽ പാർട്ടിയെ രക്ഷിക്കാൻ ബിജെപി സഖ്യമല്ലാതെ മറ്റു വഴിയില്ലെന്നു ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്.

ചികിത്സയെത്തുടർന്ന് വിശ്രമിക്കുന്ന നിയമസഭാകക്ഷി നേതാവ് കുമാരസ്വാമി ഇട‍ഞ്ഞുനിൽക്കുന്ന നേതാക്കളോട് ഫോണിൽ സംസാരിക്കുന്നുണ്ട്. എംഎൽഎമാരെ നേരിട്ടു കണ്ട് ചർച്ച നടത്താൻ മകനും പാർട്ടി യുവജനവിഭാഗം പ്രസിഡന്റുമായ നിഖിൽ ഗൗഡയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
സംസ്ഥാന പ്രസിഡന്റ് സി.എം.ഇബ്രാഹിം ഉൾപ്പെടെ പ്രമുഖ നേതാക്കളും പത്തോളം എംഎൽഎമാരും പാർട്ടി വിട്ട് കോൺഗ്രസിൽ ചേരുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു.മൈസൂരു ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഷാഫി അഹമ്മദ് രാജിവച്ചതിനു പിന്നാലെ ന്യൂനപക്ഷ ദൾ കർണാടക സെക്രട്ടറി അബ്ദുൽ ഖാദർ ഷാഹിദിന്റെ നേതൃത്വത്തിൽ മൈസൂരു ഘടകത്തിലെ 60 ൽ അധികം ഭാരവാഹികൾ പാർട്ടി വിട്ടിരുന്നു.

ബിജെപിയുമായി സഖ്യമുണ്ടാക്കിയതോടെ പ്രതിസന്ധിയിലായ കേരള ഘടകത്തിന് ഓഫറുമായി ദേവെഗൗഡ രംഗത്ത് വന്നിരുന്നു. ദേശീയ പ്രസിഡന്റായി തുടരാൻ താൽപര്യമില്ലെന്നും കേരള സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസിനെ പാര്‍ട്ടി ദേശീയ അധ്യക്ഷസ്ഥാനം ഏൽപിക്കാൻ തയാറാണെന്നാണ് ഗൗഡ പറഞ്ഞത്. 2006ൽ പാർട്ടിയെ രക്ഷിക്കാൻ കുമാരസ്വാമി ബിജെപിയുമായി സഖ്യമുണ്ടാക്കിയപ്പോൾ മാത്യു ടി.തോമസ് പിന്തുണച്ചതും അദ്ദേഹം ഓർമിപ്പിച്ചിരുന്നു.

കർണാടകയിൽ ദളിനെ സംരക്ഷിക്കാൻ ബിജെപി ബന്ധം അനിവാര്യമായിരുന്നു. കേരള ഘടകത്തിനു സ്വതന്ത്രമായി നിലപാടെടുക്കാമെന്നും ഗൗഡ ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് തുടരുന്നതിന്നിടെയാണ് ഗൗഡ കേരള ഘടകത്തിന്റെ പ്രശ്നങ്ങള്‍ മനസിലാക്കി രംഗത്ത് വന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top