ജനങ്ങളുടെ പണം കൊളളയടിച്ചവരെ തലകീഴായി കെട്ടിത്തൂക്കും; ജാര്‍ഖണ്ഡില്‍ മാസ് ഡയലോഗുമായി അമിത് ഷാ
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആവേശത്തിലാക്കി കേന്ദ്രമന്ത്രി അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലി. ജാര്‍ഖണ്ഡ് ഭരണ കക്ഷിയായ ജെഎംഎമ്മിനേയും കോണ്‍ഗ്രസിനേയും കടന്നാക്രമിച്ചാണ് അമിത് ഷായുടെ പ്രചരണം. സംസ്ഥാനത്തെ അഞ്ച് വര്‍ഷത്തിനിടെ നടന്നത് വലിയ അഴിമതിയാണെന്ന് അമിത് ഷാ ആരോപിച്ചു. പാവപ്പെട്ട ആദിവാസികളുടേയും ദളിതരുടേയും പണം കൊള്ളയടിച്ചവരെ ബിജെപി അധികാരത്തിലെത്തിയാല്‍ തലകീഴായി കെട്ടിത്തൂക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോടിക്കണക്കിന് രൂപയാണ് ജെഎംഎം, കോണ്‍ഗ്രസ് നേതാക്കളുടെ പക്കല്‍ നിന്നും പിടികൂടിയത്. ഇതെല്ലാം അഴിമതി നടത്തിയുണ്ടാക്കിയതാണ്. പാവപ്പെട്ട അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അവകാശപ്പെട്ടതാണ്. ബിജെപി അധികാരത്തില്‍ എത്തിയാല്‍ അഴിമതിക്കാരില്‍ നിന്ന് ഈ പണമെല്ലാം തിരിച്ചുപിടിക്കുമെന്നും അമിത്ഷാ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണ റാലികളില്‍ വലിയ പ്രഖ്യാപനങ്ങള്‍ മാത്രം നടത്തുന്ന ആളാണ്. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടുന്ന ഉറപ്പുകളല്ല. എന്നാല്‍ നരേന്ദ്ര മോദിയുടെ ഉറപ്പുകള്‍ കല്ലില്‍ എഴുതിയതാണ്. അത് നിറവേറ്റുമെന്നും അമിത് ഷാ പറഞ്ഞു.
ജാര്‍ഖണ്ഡില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് നാളെയാണ്. രണ്ടാം ഘട്ടം നവംബര്‍ 20ന് നടക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here