സ്വത്ത് കണ്ടുകെട്ടിയിട്ടും എസി മൊയ്തീനെ പ്രതിയാക്കുന്നില്ല; ഒരു ബൂത്തില്‍ 15 വോട്ടുവീതം സുരേഷ് ഗോപിക്ക് നല്‍കാന്‍ ധാരണയെന്ന് അനില്‍ അക്കര

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് എസി മൊയ്തീന്‍ എംഎല്‍എയുടെ 40 ലക്ഷം രൂപയുടെ കള്ളപ്പണം കണ്ടുകെട്ടിയിട്ടും കേസില്‍ പ്രതിചേര്‍ക്കാത്തതിനു പിന്നില്‍ സിപിഎം- ബിജെപി ധാരണയെന്ന് അനില്‍ അക്കര. മൊയ്തീന്‍റെ പക്കല്‍ നിന്നും കണ്ടെടുത്ത 40 ലക്ഷം രൂപ കള്ളപ്പണത്തിന്‍റെ പരിധിയില്‍ വരുന്നതാണെന്ന് കള്ളപ്പണക്കേസുകള്‍ കൈകാര്യം ചെയ്യുന്ന അഡ്ജൂഡിക്കേറ്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. എന്നിട്ടും മൊയ്തീനെ പ്രതി ചേര്‍ക്കാന്‍ എന്‍ഫോഴ്മെന്റ് അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് അനില്‍ അക്കര മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎമ്മിലെ ഉന്നത നേതാക്കളെ തുടരെത്തുടരെ ഇഡി ചോദ്യം ചെയ്ത്, അന്വേഷണം നടക്കുന്നെന്ന പ്രതീതി ജനിപ്പിക്കുകയാണ്. ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയില്‍ അല്ല മുന്നോട്ട് പോകുന്നത്. സിപിഎം നേതാക്കളെ രക്ഷിക്കാന്‍ ഇരുപാര്‍ട്ടികളുടെയും സംയുക്ത നീക്കമാണ് നടക്കുന്നത്. 2023 ഓഗസ്റ്റിലാണ് കേസിലെ ആദ്യ ഇഡി റെയ്ഡ് നടന്നത്. അന്ന് പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നവരുടെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചിരുന്നു. പിന്നീടുണ്ടായ നടപടിക്രമങ്ങളെല്ലാം അതീവരഹസ്യമായാണ് കേന്ദ്ര ഏജന്‍സികളും പ്രതികളും സൂക്ഷിച്ചിരുന്നത്.

കേസില്‍ ഇഡിക്ക് ലഭിച്ച തൊണ്ടിമുതല്‍ സതീഷ്‌ കുമാറിന്റെയും എസി മൊയ്തീന്റെയും കള്ളപ്പണമാണ്. അന്ന് റെയ്ഡ് ചെയ്യപ്പെട്ട അന്‍പതോളം ആളുകളില്‍ എസി മൊയ്തീന്‍ ഒഴികെയുള്ള എല്ലാവരും പ്രതികളാണ്. മൊയ്തീനെ ഭീഷണിപ്പെടുത്തിക്കൊണ്ട് തൃശൂരിലെ തിരഞ്ഞെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ശ്രമിക്കുകയാണ് ബിജെപി. ഇവരുടെ കരാര്‍ അനുസരിച്ച് 1275 ബൂത്തുകളില്‍നിന്ന് ഒരു ബ്രാഞ്ചില്‍ നിന്നും 15 വോട്ടുകള്‍ വീതം സിപിഎം മറിച്ചു നല്‍കാമെന്നാണ് രഹസ്യധാരണ. ഇങ്ങനെ 50,000 വോട്ടുകള്‍ സുരേഷ് ഗോപിക്ക് നല്‍കാനുള്ള അണിയറ നീക്കമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം അനുകൂലമല്ലെങ്കില്‍ കേസ് തുടരുമെന്ന സന്ദേശമാണ് ബിജെപി കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്നതെന്ന് അനില്‍ അക്കര പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top