കശ്മീർ സ്വതന്ത്ര രാജ്യമെന്ന് വാദിക്കുന്ന ഗ്രൂപ്പുമായി സോണിയക്ക് ബന്ധം; ജോർജ് സോറോസ് പണം നൽകുന്ന സംഘടനയുടെ ഉപാധ്യക്ഷയാണെന്ന് ബിജെപി
കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്ക് അമേരിക്കന്‍ കോടീശ്വരന്‍ ജോർജ്ജ് സോറോസ് ധനസഹായം നൽകുന്ന സംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ സ്ഥാപനങ്ങളുടെ സ്വാധീനം പ്രകടമാക്കുന്നതാണ് കോൺഗ്രസ് പാർട്ടിയുടെ ഈ ബന്ധമെന്നും ബിജെപി ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു. ഫോറം ഓഫ് ഡെമോക്രാറ്റിക് ലീഡേഴ്‌സ് ഇൻ ഏഷ്യാ പസഫിക് (FDL-AP) ഫൗണ്ടേഷൻ്റെ ഉപാധ്യക്ഷയാണ് സോണിയ. ഈ സംഘടനക്കാണ് സോറോസ് ഫൗണ്ടേഷൻ ധനസഹായം നൽകുന്നത്. കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്നും സ്വതന്ത്ര രാജ്യമെന്നുമാണ് എഫ്‌ഡിഎൽ-എപി ഫൗണ്ടേഷൻ നിലപാടെന്നും ബിജെപി കുറ്റപ്പെടുത്തി.
ശതകോടീശ്വരനായ ജോർജ് സോറോസുമായി ബന്ധമുണ്ടെന്ന പേരിൽ രാഹുൽ ഗാന്ധിക്കെതിരെ കടന്നാക്രമണം നടത്തുന്നതിന് ഇടയിലാണ് സോണിയക്കെതിരെയും ബിജെപി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിക്ക് സോറോസുമായി അടുത്ത ബന്ധമുണ്ടെന്നും അയാളെ ഉപയോഗിച്ച് ഇന്ത്യയെ തകർക്കാൻ ശ്രമിക്കയാണെന്നുമായിരുന്നു ബിജെപി നേതാക്കൾ പാർലമെൻ്റ് സമ്മേളനങ്ങളിൽ ലോക്സഭാ പ്രതിപക്ഷ നേതാവിനുമെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. നിഷികാന്ത് ദുബേ, സംബിത് പാത്ര എന്നീ നേതാക്കൾ കഴിഞ്ഞ ദിവസവും പാർലമെൻ്റിൽ ഇക്കാര്യം ആവർത്തിച്ച് ഉന്നയിച്ചിരുന്നു.
സോറോസിന്റെ സഹായത്തിൽ പ്രവർത്തിക്കുന്ന ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട് (Organized Crime and Corruption Reporting Projetc( OCCRP) എന്ന മാധ്യമസംഘടനയും കോൺഗ്രസും ഒറ്റക്കെട്ടാണെന്നാണ് ബിജെപിയുടെ കുറ്റപ്പെടുത്തൽ. ഗൗതം അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നിലും സോറോസ് ആണെന്നും ബിജെപി അവകാശപ്പെടുന്നു. കോൺഗ്രസ് കാ ഹാത്ത് സോറോസ് കേ സാത്ത് (കോൺഗ്രസിൻ്റെ കൈ സോറോസിൻ്റെ ഒപ്പം) എന്ന മുദ്രാവാക്യമാണ് ബിജെപി അംഗങ്ങൾ ലോക്സഭയിൽ രാഹുലിനെതിരെ ഉയർത്തിയത്. രാഹുൽഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം. ഇതിന് പിന്നാലെയാണ് സഭയ്ക്ക് പുറത്ത് സോണിയ ഗാന്ധിക്കെതിരെയും സമാന ആരോപണവുമായി ബിജെപി എത്തിയിരിക്കുന്നത്.
അതേസമയം ശതകോടിശ്വരനായ ജോർജ് സോറോസ് സാമ്പത്തിക വിദഗ്ധൻ കൂടിയാണ്. ഡെമോക്രാറ്റിക് പാർട്ടി അംഗമായ അദ്ദേഹം രാഷ്ട്രീയ രംഗത്തും നിറസാന്നിധ്യമാണ്. ബരാക് ഒബാമ,ഹിലരി ക്ലിന്റണ്‍ , ജോ ബൈഡന്‍ എന്നിവർക്ക് വേണ്ടി അമേരിക്കന്‍ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സോറോസ് സജീവ സാന്നിധ്യവുമായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here