ഹിന്ദി ഹൃദയഭൂമിയിൽ പതിവ് തെറ്റിക്കുന്ന ബിജെപി; എതിരാളികൾക്ക് ആശങ്ക സമ്മാനിക്കുന്ന ഹരിയാന വിജയം

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരുന്നത്. അതിന് തൊട്ടുമുമ്പും ശേഷവും നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മുന്നേറ്റമുണ്ടാക്കാനും കഴിഞ്ഞിരുന്നു. ബിജെപി ഏഴ് സംസ്ഥാനങ്ങളിലാണ് 2014ന് ശേഷം സർക്കാർ രൂപീകരിച്ചത്. ഉത്തർപ്രദേശ് , ഉത്തരാഖണ്ഡ്, രാജസ്ഥാൻ , ബിഹാർ (ജെഡിയുവിന് ഒപ്പം) , മധ്യപ്രദേശ് , ഛത്തീസ്ഗഡ് , ഹരിയാന എന്നിയാണ് ആ സംസ്ഥാനങ്ങൾ. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ ഇവിടെയെല്ലാം ഭരണം നിലനിർത്തിയെങ്കിലും സീറ്റുകളുടെ എണ്ണം കുറഞ്ഞിരുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും അടുത്തിടെ ഹിന്ദി ഹൃദയ ഭൂമിയിൽ ബിജെപി തിരിച്ചടി നേരിടുന്നു എന്ന വിലയിരുത്തലുകൾക്ക് ഇടയിലാണ് അതിന് അപവാദമായി ഹരിയാന ഫലം പുറത്തുവന്നത്. ഹരിയാനയിൽ 90ൽ 48 സീറ്റുകളും നേടി ചരിത്ര വിജയത്തോടെയാണ് ബിജെപി മൂന്നാം തവണയും ഭരണം നിലനിർത്തിയത്. സംസ്ഥാനത്ത് പാർട്ടി നേടുന്ന സീറ്റുകളുടെ എണ്ണത്തിൽ സർവകാല റെക്കോർഡാണിത്. 40 സീറ്റുകൾ നേടി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന അവസ്ഥയ്ക്കാണ് ഇത്തവണ മാറ്റമുണ്ടായത്. അതായത് ഹിന്ദി ഹൃദയഭൂമിയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് ബിജെപി ലഭിച്ച സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നത്.

403 അംഗ നിയമസഭയിൽ 312 സീറ്റുകൾ നേടിയാണ് ബിജെപി 2017ൽ യുപിയിൽ എക്കാലത്തെയും മികച്ച പ്രകടനം നടത്തിയത്. എന്നാൽ 2022 ൽ കേവല ഭൂരിപക്ഷം നേടി ഭരണം നിലനിർത്തിയെങ്കിലും സീറ്റുകളുടെ എണ്ണം 255ആയി കുറഞ്ഞു. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ 80 ൽ 71 സീറ്റുകളും ബിജെപി നേടിയിരുന്നു. 2019ൽ ലോക്‌സഭയിൽ ബിജെപിയുടെ ആകെ സീറ്റുകൾ 282ൽ നിന്ന് 303 ആയി ഉയർന്നെങ്കിലും യുപിയിൽ തിരിച്ചടി നേരിട്ടു. സീറ്റുകൾ 62 ആയി കുറഞ്ഞു. 2024ലത് 33 ആയി ഇടിഞ്ഞു. കേന്ദ്രത്തിൽ അധികാരം നഷ്ടമായില്ലങ്കിലും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതെ 240 സീറ്റിലേക്ക് ബിജെപി ചുരുങ്ങുകയായിരുന്നു.


ഉത്തരാഖണ്ഡിൽ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും സംസ്ഥാനത്തെ അഞ്ച് ലോക്‌സഭാ സീറ്റുകളും ബിജെപി തൂത്തുവാരി. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാണുണ്ടായത്. 2017ലെ ആകെയുള്ള 70ൽ 56 സീറ്റിലാണ് പാർട്ടി വിജയിച്ചത്. ഭരണത്തുടർച്ച ഉറപ്പാക്കിയെങ്കിലും 2022ൽ 47 സീറ്റിലേക്ക് ബിജെപി ചുരുങ്ങി.

2017ൽ ഹിമാചൽ പ്രദേശി 68 അംഗ നിയമസഭയിൽ 44 സീറ്റുകൾനേടി ബിജെപി അധികാരം പിടിച്ചിരുന്നു. എന്നാൽ 2022ൽ കോൺഗ്രസ് ഭരണം തിരിച്ചു പിടിച്ചപ്പോൾ ബിജെപി 25 സീറ്റുകളിലൊതുങ്ങിയിരുന്നു.എന്നാൽ 2019ലും 2024ലും ലോക്സഭാ തിരഞ്ഞെടുപ്പിലെ നാലിൽ നാല് സീറ്റുകളും ബിജെപി നേടി. ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജാർഖണ്ഡിൽ, 2014ൽ 14 ലോക്സഭാ സീറ്റുകളിലും 2019 ൽ 12 സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. എന്നാൽ സീറ്റുകളുടെ എണ്ണം 2024ൽ എട്ടിലേക്ക് താഴ്ന്നിരുന്നു.

മധ്യപ്രദേശിലും ഛത്തീസ്ഗഢിലും 2014ൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻ മുന്നേറ്റത്തിന് ശേഷം നിയമസഭകളിൽ ബിജെപിക്ക് അധികാരം നഷ്ടമായി. എന്നാൽ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ തിരിച്ചുവരാനും അവർക്കായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലവും തൊട്ടുമുമ്പു നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളും ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി പിന്നോട്ട് പോകുന്നു എന്നതിൻ്റെ അടയാളമാണെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിയിരുന്നത്. ഇതിനെല്ലാം ഹരിയാന തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകിയിരിക്കുകയാണ് ബിജെപി. ഹരിയാനയിൽ പാർട്ടി തകർന്നടിയും എന്ന എല്ലാ എക്സിറ്റ് പോൾ ഫലങ്ങളെയും അപ്രസക്തമാക്കിയാണ് ഹിന്ദി ഹൃദയഭൂമിയിൽ വീണ്ടും ബിജെപി ചരിത്ര മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top