സെലിബ്രിറ്റി സ്ഥാനാർത്ഥികളെ അണിനിരത്തി ബിജെപി സ്ഥാനാർത്ഥി പട്ടിക; ആദ്യ ലിസ്റ്റിൽ എട്ട് സിനിമാതാരങ്ങളും ഒരു കായികതാരവും, കൂടുതൽപ്പേർ ഇനിയും ഉണ്ടാകാൻ സാധ്യത

ഡൽഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി കളത്തിലിറങ്ങുന്നവരിൽ സെലിബ്രിറ്റികളുടെ നിരയും. എട്ട് സിനിമാതാരങ്ങളും ഒരു കായികതാരവും ഉൾപ്പെടെ ഒൻപത് പേരാണ് ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ ഇടംനേടിയത്.

കേന്ദ്രമന്ത്രിയും അമേഠിയിലെ സ്ഥാനാനാർത്ഥിയുമായി സ്‌മൃതി ഇറാനി ബിജെപിയുടെ ശക്തയായ നേതാവാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് മുൻകാല നടി കൂടിയായ സ്‌മൃതി ഇറാനി പാർലമെൻറിൽ എത്തിയത്. ചരിത്രം അവർത്തിക്കാനാണ് സ്‌മൃതിയുടെ നീക്കം. ഇന്ത്യയുടെ ഡ്രീം ഗേൾ ഹേമ മാലിനിയാണ് മറ്റൊരു താരം. 2014മുതൽ ഉത്തർപ്രദേശിലെ മഥുരയിൽ നിന്നുള്ള ലോക്സഭാ എംപിയായ ഹേമ മാലിനി ഇത്തവണയും പതിവ് തെറ്റിക്കാതെ മത്സര രംഗത്തുണ്ട്.

മലയാളികളുടെ ആക്ഷൻ ഹീറോ സുരേഷ്ഗോപിയാണ് അടുത്ത സെലിബ്രിറ്റി. തൃശൂർ നിന്നാണ് സുരേഷ്‌ഗോപി ജനവിധി തേടുന്നത്. നാല് ഭോജ്‌പുരി സിനിമാ നടന്മാരും ബിജെപിക്കായി മത്സരിക്കുന്നുണ്ട്. 2019 മുതൽ ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ നിന്നുള്ള പാർലമെന്റ് അംഗം രവി കിഷനാണ് അതിലൊരാൾ. നടനും ഗായകനുമായ മനോജ് തിവാരി മൂന്നാം തവണയും വടക്ക്-കിഴക്കൻ ഡൽഹിയിൽ നിന്ന് മത്സരിക്കും. ഭോജ്പുരി നടൻ സിംഗ് പവൻ സിംഗാണ് മറ്റൊരു സെലിബ്രിറ്റി. പശ്ചിമ ബംഗാളിലെ അസൻസോൾ മണ്ഡലത്തിൽ നിന്നാണ് പവൻ സിംഗ് കന്നിയങ്കത്തിന് തയ്യാറെടുക്കുന്നത്. നിരാവ എന്നറിയപ്പെടുന്ന പ്രശസ്ത നടൻ ദിനേശ് ലാൽ യാദവും ഉത്തർപ്രദേശിലെ അസംഘർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് പരാജയപ്പെട്ട ദിനേശ് ലാൽ യാദവ് 2022ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ബംഗാളി നടിയും നർത്തകിയുമായ ലോക്കറ്റ് ചാറ്റർജിയാണ് പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി. ലോക്കറ്റ് ചാറ്റർജിയുടെ സിറ്റിംഗ് സീറ്റ് കൂടിയാണിത്. സിനിമാ താരങ്ങൾക്ക് പുറമെ പാരാലിമ്പിക് ജാവലിൻ ത്രോ താരം ദേവേന്ദ്ര ജജാരിയയും ഇത്തവണ മത്സര രംഗത്തുണ്ട്. പാരാലിമ്പിക്സിൽ ആദ്യമായി ഇരട്ട സ്വർണം നേടിയ ഇന്ത്യക്കാരനാണ് ജജാരിയ. ബിജെപിയുടെ വരാനിരിക്കുന്ന സ്ഥാനാർത്ഥി പട്ടികയിൽ കൂടിതൽ സെലിബ്രിറ്റികളും താരങ്ങളും പങ്കെടുക്കുമെന്നാണ് സൂചന.

1984ൽ രാജീവ് ഗാന്ധിയാണ് സിനിമ നടിമാരെയും നടന്മാരെയും മത്സരരംഗത്ത് ഇറക്കിത്തുടങ്ങിയത്. അമിതാഭ് ബച്ചൻ, വൈജയന്തിമാല, സുനിൽ ദത്ത്, രാജേഷ് ഖന്ന തുടങ്ങിയവരെ മത്സരിപ്പിച്ച് ജയിപ്പിച്ചു. പിന്നീടുള്ള തിരഞ്ഞെടുപ്പിൽ ബിജെപിയും സിനിമാതാരങ്ങളെ മത്സരിപ്പിച്ചു തുടങ്ങി. വിനോദ് ഖന്ന, സണ്ണി ഡിയോൾ, ധർമ്മേന്ദ്ര, ശത്രുഘ്നൻ സിൻഹ തുടങ്ങിയവർ ബിജെപിക്കായി മത്സരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top