കങ്കണയോട് നാവടക്കാൻ ബിജെപി; നടി പാര്‍ട്ടിക്ക് ബാധ്യതയാകുന്നു
ചലച്ചിത്ര നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിന് താക്കീത് നൽകി ബിജെപി കേന്ദ്ര നേതൃത്വം. കർഷക സമരത്തെക്കുറിച്ചുള്ള നടിയുടെ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് ശാസന. കങ്കണയുടെ അഭിപ്രായങ്ങൾ പാർട്ടിയുടെ അഭിപ്രായമല്ലെന്നും അത് ബിജെപി നിലപാടെന്ന് വ്യാഖ്യാനിക്കരുതെന്നും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഹരിയാനയിലെയും പഞ്ചാബിലെയും നേതാക്കൾ നടിയുടെ പരാമർശത്തിന് എതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിൻ്റെ ഇടപെടൽ.
പാർട്ടിയുടെ നയപരമായ കാര്യങ്ങൾ സംസാരിക്കാൻ നടിയ്ക്ക് അധികാരമില്ല. കർഷകരെക്കുറിച്ച് സംസാരിക്കാൻ ആരും കങ്കണയെ ചുമതലപ്പെടുത്തിയിട്ടില്ല. നടിയുടെ പ്രസ്താവന വ്യക്തിപരമാണ്. പ്രധാനമന്ത്രി മോദിയുടെയും ബിജെപിയുടേയും നിലപാട് കർഷക സൗഹാർദത്തിൽ ഊന്നിയതാണ്. പ്രതിപക്ഷ പാർട്ടികൾ ബിജെപിക്ക് എതിരെ പ്രവർത്തിക്കുന്നതിന് തുല്യമാണ് വിവാദ പ്രസ്താവന. മേലിൽ ഇത്തരം പ്രകോപനപരമായ വാക്കുകൾ ഉപയോഗിക്കരുതെന്നും പഞ്ചാബിലെ മുതിർന്ന ബിജെപി നേതാവ് ഹർജിത് ഗ്രേവാൾ പറഞ്ഞു.
കർഷക പ്രക്ഷോഭത്തെ കേന്ദ്ര സർക്കാർ അടിച്ചമർത്തി ഇല്ലായിരുന്നെങ്കിൽ രാജ്യം അരാജകത്വത്തിലേക്ക് പോകുമായിരുന്നു എന്നായിരുന്നു കങ്കണയുടെ പ്രസ്താവന. സർക്കാർ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഇന്ത്യ ബംഗ്ലാദേശ് നേരിട്ട പോലത്തെ പ്രതിസന്ധി നേരിടുമായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു. ഹിമാചൽ പ്രദേശില മാണ്ഡിയിൽ നിന്നുള്ള ബിജെപി നിന്നുള്ള എംപിയാണ് നടി. ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പരാമർശത്തെ കോൺഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്ര നേതൃത്വം കങ്കണയ്ക്ക് താക്കീത് നൽകിയിരിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വം തുടരുന്ന മൗനം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല രംഗത്ത് എത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here