കേന്ദ്രമന്ത്രിയുടെ വായില്‍ നിന്ന് സത്യം പുറത്തു വീണുപോയി; മുനമ്പത്ത് ബിജെപി നടത്തിയത് തനിതട്ടിപ്പെന്ന് മുഖ്യമന്ത്രി

വഖഫ് വിഷയത്തിലും മുനമ്പത്തെ പ്രശ്‌നങ്ങളുടെ പേരിലും കുളം കലക്കി മീന്‍ പിടിക്കാനുള്ള ശ്രമം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമെന്ന് മുഖ്യമന്ത്രി. മുനമ്പത്തെ എല്ലാ പ്രശ്‌നങ്ങൾക്കും വഖഫ് ബില്‍ നിയമമാകുമ്പോള്‍ ശാശ്വത പരിഹാരമാകും എന്ന പ്രചാരണം തനിത്തട്ടിപ്പാണ്. പുതിയ നിയമം ഭരണഘടനയുടെ 26 ആം അനുച്ഛേദത്തിന്റെ ലംഘനമാണ്. മതസ്വാതന്ത്ര്യത്തിന്റെയും ഫെഡറലിസത്തിന്റെയും ലംഘനമാണത്.

ഇതെല്ലാം രാഷ്ട്രീയ നേട്ടത്തിനുള്ള അവസരമായാണ് സംഘപരിവാര്‍ കണ്ടത്. വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണ് ബില്ലിന്റെ ഉള്ളടക്കം. അങ്ങേയറ്റം ന്യൂനപക്ഷ വിരുദ്ധമായതും ഭൂരിപക്ഷ വര്‍ഗ്ഗീയതയെ തൃപ്തിപ്പെടുത്തുന്നതുമാണ്. അത് തിരിച്ചറിഞ്ഞാണ് കേരള നിയമസഭ പ്രമേയം പാസ്സാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനാ വിരുദ്ധമായ ബില്‍ പാര്‍ലമെന്റ് പാസാക്കിയ ശേഷം മുനമ്പത്തെ വിഷയത്തിനുള്ള ഒറ്റമൂലിയാണിതെന്ന ഒരു ആഖ്യാനം സംഘപരിവാര്‍ വലിയ രീതിയില്‍ പ്രചരിപ്പിച്ചു. ഇതിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളും കണക്കു കൂട്ടലുകളും ഉണ്ടായിരുന്നു. എന്നാൽ ഇന്നലെ കേന്ദ്രമന്ത്രി കിരണ്‍ റിജിജ്ജുവിന്റെ വായില്‍ നിന്നും സത്യം പുറത്തു വീണുപോയിട്ടുണ്ട്.

വഖഫ് ഭേദഗതിയിലൂടെ മാത്രം മുനമ്പം ജനതയ്ക്ക് നീതി ലഭിക്കില്ല എന്നാണ് കേന്ദ്രമന്ത്രിക്ക് സമ്മതിക്കേണ്ടി വന്നത്. അതോടെ ബിജെപി ഇവിടെ കെട്ടിഘോഷിച്ച വ്യാജ ആഖ്യാനങ്ങളെല്ലാം ഉടഞ്ഞു പോയി. പ്രശ്‌നപരിഹാരത്തിന് സുപ്രീം കോടതിയില്‍ നിയമ പോരാട്ടം തുടരണമെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ കേട്ട് ഞെട്ടിപ്പോയി എന്നാണ് മുനമ്പം സമരസമിതി കണ്‍വീനര്‍ക്ക് പ്രതികരിക്കേണ്ടി വന്നത്.

മുനമ്പം ജനതയെ പറഞ്ഞു പറ്റിക്കാനാണ് ബിജെപി ശ്രമിച്ചത് എന്നാണ് ഇതോടെ വ്യക്തമാകുന്നത്. മുനമ്പത്തെ ജനങ്ങളുടെ വിഷയങ്ങള്‍ ന്യായമാണ്. അതിന്റെ പരിഹാരത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ആ ജനതയെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top