മുനമ്പത്തെ കത്തിച്ചുനിര്‍ത്തി വോട്ട് നേടാനുള്ള ബിജെപി- ക്രിസംഘി ശ്രമം പാളി; വോട്ട് മാറ്റി ചെയ്യാൻ പറഞ്ഞ തട്ടില്‍ തിരുമേനിക്കും തിരിച്ചടി
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകൾ നേടാനുള്ള ബിജെപി ശ്രമം എല്ലാം അമ്പേപാളി. മുനമ്പം ഭൂമിപ്രശ്‌നത്തില്‍ സമരം ചെയ്യുന്ന ക്രൈസ്തവ വിശ്വാസികളെ പിന്തുണക്കുന്നതിലൂടെ ക്രിസ്ത്യാനികളുടെ വോട്ട് ബിജെപിക്ക് അനുകൂലമായി മറിക്കാം എന്നായിരുന്നു ധാരണ. എന്നാല്‍ ഇത് ഒരു തരത്തിലും വിജയിച്ചില്ല എന്നതാണ് പാലക്കാട്ടെ ഫലം തെളിയിക്കുന്നത്. പതിനായിരത്തോളം ക്രിസ്ത്യന്‍ വോട്ടുകളാണ് പാലക്കാട് ഉണ്ടായിരുന്നത്. ഇതില്‍ കാര്യമായൊന്നും ബിജെപി പെട്ടിയില്‍ എത്തിയില്ലെന്ന് ഉറപ്പിച്ച് പറയാം. വർഗീയത കത്തിക്കാൻ ഉദ്ദേശിച്ച് സുരേഷ് ഗോപി നടത്തിയ നീക്കങ്ങളും എട്ടുനിലയിൽ പൊട്ടിയ കാഴ്ചയാണ് പാലക്കാട്ട് പെട്ടികൾ പൊട്ടിച്ചപ്പോൾ കണ്ടത്.
സംഘപരിവാറിനോടും ബിജെപിയോടും ആഭിമുഖ്യം പുലർത്തുകയും സ്വയം ക്രിസംഘികള്‍ എന്ന് അവകാശപ്പെടുകയും ചെയ്യുന്ന വിഭാഗമാണ് മുനമ്പത്തെ മുൻനിർത്തി ക്രൈസ്തവ വോട്ടുകൾ മറിക്കാൻ അത്യധ്വാനം ചെയ്തത്. സീറോ മലബാര്‍ സഭയിലെ ഒരുവിഭാഗം വൈദികരും അത്മായരും ചേര്‍ന്ന് നടത്തുന്ന ഈ പ്രചാരണത്തിന് സഭാതലവനായ മാർ റാഫേൽ തട്ടിൽ പോലും ചൂട്ടുപിടിക്കുന്ന കാഴ്ചയാണ് ഉപ തിരഞ്ഞെടുപ്പുകൾ ചൂടുപിടിച്ചപ്പോൾ കണ്ടത്. ഇതിന് തൊട്ടുപിന്നാലെയാണ് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ മുനമ്പത്തെത്തി സമരക്കാരെ കണ്ടത് എന്നതും യാദൃഛികമല്ല.
“ബാലറ്റ് പേപ്പര്‍ കയ്യില്‍ക്കിട്ടുമ്പോള്‍ എല്ലാത്തവണവും വോട്ടു ചെയ്ത് പരിചയമുള്ളവര്‍ക്ക് വോട്ടുചെയ്യണമെന്ന് ഇത്തവണ നിര്‍ബന്ധം പിടിക്കരുത്. മറിച്ചു ചെയ്യാനും അറിയാമെന്ന് നിങ്ങള്‍ തെളിയിക്കണം.”- മാര്‍ റാഫേല്‍ തട്ടില്‍ സമരപ്പന്തലില്‍ പറഞ്ഞ ഈ വാചകങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷപൂര്‍വം കൊണ്ടാടി. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ഈ പ്രസംഗമോ നിലപാട് മാറ്റാനുള്ള ആഹ്വാനമോ യുഡിഎഫ് അനുകൂല പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകളെ മറിക്കാന്‍ പര്യാപ്തമായില്ല എന്നാണ് വോട്ടിംഗ് നില വ്യക്തമാക്കുന്നത്. പണ്ടത്തെപ്പോലെ മെത്രാന്‍മാരുടെ ആഹ്വാനം കേട്ട് വോട്ട് ചെയ്യുന്ന കാലം മാറിയെന്നാണ് ഇത് വ്യക്തമാക്കുന്നത്. പരസ്യമായി ബിജെപിക്ക് വോട്ടുപിടിക്കുന്ന ഈ ലൈൻ സഭാനേതൃത്വം എത്രനാൾ കൊണ്ടുനടക്കും എന്നാണ് അറിയാനുള്ളത്.
ബിജെപി ഭരിക്കുന്ന മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങൾ കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ സജീവ ചര്‍ച്ചാ വിഷയമാണ്. പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തതും വടക്കെ ഇന്ത്യയില്‍ ക്രൈസ്തവർക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന വിദ്വേഷ പ്രചരണങ്ങളും ആക്രമണങ്ങളും യുഡിഎഫും എല്‍ഡിഎഫും നിരന്തരം പ്രചരണത്തിന് ഉപയോഗിക്കുന്നതാണ്. ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 673 ആക്രമണങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്നുവെന്ന യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്കുകളും ക്രിസംഘികൾക്ക് തിരിച്ചടിയാണ്. വടക്കേ ഇന്ത്യയില്‍ ആക്രമിക്കുകയും കേരളത്തില്‍ വാരിപ്പുണരുകയും ചെയ്യുന്ന ബിജെപിയെ തുറന്ന് കാണിക്കുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചു എന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here