ബെലഗാവി സമ്മേളനത്തിലെ ഇന്ത്യയുടെ ഭൂപടം വിവാദത്തില്‍; കോൺഗ്രസ് ആധുനിക മുസ്ലിം ലീഗെന്ന് ബിജെപി

ഇന്നും നാളെയുമായി കർണാടകയിലെ ബെലഗാവിൽ നടക്കുന്ന കോൺഗ്രസ് വർക്കിംഗ് കമ്മറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. പരിപാടിയുടെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ ആക്രമണം. ഇന്ത്യയുടെ ഭൂപടം കോൺഗ്രസ് വികലമാക്കി അവതരിപ്പിച്ചെന്നാണ് കുറ്റപ്പെടുത്തൽ.

കശ്മീരിനെ പാക്കിസ്ഥാൻ്റെ ഭാഗമായി ചിത്രീകരിച്ച് ഇന്ത്യയുടെ പരമാധികാരത്തോട് തികഞ്ഞ അനാദരവ് കാട്ടിയെന്നാണ് കർണാടക ബിജെപി പറയുന്നത്. സോഷ്യൽ മീഡിയകളിൽ കോൺഗ്രസ് പരിപാടിയുടെ ബോർഡുകളും പങ്കുവച്ചിട്ടുണ്ട്. ഇതെല്ലാം കോൺഗ്രസിൻ്റെ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണ്. അത് ലജ്ജാകരമാണെന്നും ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ബിജെപി കുറിച്ചു.

മഹാത്മാ ഗാന്ധി അധ്യക്ഷനായ വർക്കിംഗ് കമ്മറ്റിയുടെ 100 വാർഷികമാണ് കർണാടകയിലെ ബെലഗാവിൽ കോൺഗ്രസ് ആഘോഷിക്കുന്നത്. ‘ചരിത്രപരമായ’ ഈ യോഗത്തെ കളവ് പറയാൻ വേണ്ടി കോൺഗ്രസ് ഉപയോഗിക്കുകയാണെന്നും ബിജെപി ആരോപിച്ചു. പാർട്ടിയുടെ കർണാടക ഘടകത്തിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ആരംഭിച്ച തർക്കം ഇപ്പോൾ ബിജെപി ദേശീയ നേതൃത്വവും ഏറ്റെടുത്തിട്ടുണ്ട്.

Also Read: വൈക്കത്ത് നിന്ന് ലഭിച്ച ഊർജത്തിൽ കോൺഗ്രസ് പ്രസിഡൻ്റായ ഗാന്ധി; ബെലഗാവിയിൽ അന്ന് സംഭവിച്ചതും ഇന്ന് സംഭവിക്കാൻ പോകുന്നതും…

ജമ്മു കശ്മീരിനെ പാക്കിസ്ഥാന് കൈമാറുക എന്നത് കോൺഗ്രസിൻ്റെ അജണ്ടയാണ് എന്നും ബിജെപി നേതാക്കൾ പറഞ്ഞു. അതിപ്പോള്‍ വീണ്ടും തുറന്നു കാട്ടപ്പെട്ടിരിക്കുന്നു എന്നും അവർ കുറ്റപ്പെടുത്തി. ഇത് കോൺഗ്രസിൻ്റെ പ്രീണന രാഷ്ട്രീയത്തിൻ്റെ ഭാഗമാണെന്ന് മുതിർന്ന ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. ഇന്ത്യയിലെ മുസ്ലിങ്ങൾ പാകിസ്ഥാനോട് കൂടുതൽ കൂറുപുലർത്തുന്നുവെന്നാണ് കോൺഗ്രസിൻ്റെ വിശ്വാസം. കോൺഗ്രസ് ആധുനിക മുസ്ലിം ലീഗാണെന്നും മാളവ്യ പരിഹസിച്ചു.


ആരോപണങ്ങൾക്ക് പ്രതിരോധം തീർത്ത് കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. വിവാദങ്ങൾക്ക് പിന്നിൽ ബിജെപിയും ആർഎസ്എസുമാണെന്ന് കോൺഗ്രസ് നേതാവ് ബിവി ശ്രീനിവാസ് തിരിച്ചടിച്ചു. മഹാത്മാ ഗാന്ധി കോൺഗ്രസിൻ്റെ പ്രസിഡൻ്റായി ചുമതലയേറ്റ ബെലഗാവ് സമ്മേളനത്തിൻ്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിൽ അവർക്ക് അസഹിഷ്ണുതയുണ്ട്. അതിനാൽ അവർ നുണകൾ പ്രചരിപ്പിക്കുകയാണെന്നും ശ്രീനിവാസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top