സാക്ഷാല്‍ സുഷമ സ്വരാജിന്റെ പിന്‍ഗാമി; രേഖ ഗുപ്ത ബിജെപിയുടെ പെണ്‍പുലി; ഇനി രാജ്യതലസ്ഥാനം ഭരിക്കും

1998ല്‍ സുഷമ സ്വരാജ് 52 ദിവസം ഡല്‍ഹി ഭരിച്ചതൊഴിച്ചാല്‍ ബിജെപി എല്ലായിപ്പോഴും അധികാരത്തിന് പുറത്തായിരുന്നു. 27 വര്‍ഷത്തിന് ശേഷം ഡല്‍ഹി പിടിച്ചപ്പോള്‍ സ്വഷമയുടെ പിന്‍ഗാമി അവരെ പോലെ തന്നെ മികച്ചതാകണം എന്ന ബിജെപി തീരുമാനമാണ് രേഖ ഗുപ്തയുടെ മുഖ്യമന്ത്രി സ്ഥാനം. മാനത്ത് നിന്നും പൊട്ടിവീണ് നേതാവായ ആളല്ല രേഖ ഗുപ്ത. എബിവിപിയില്‍ തുടങ്ങി പാര്‍ട്ടിയുടെ താഴെത്തട്ടു മുതല്‍ പ്രവര്‍ത്തിച്ച് വളര്‍ന്ന നേതാവ്. ശരിക്കും ബിജെപിയുടെ പെണ്‍പുലി.

ഇന്ന് രാവിലെ 11മണിക്ക് ഡല്‍ഹി രാംലീല മൈതാനിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ ബിജെപിക്ക് രാജ്യത്തുള്ള ഏക വനിത മുഖ്യമന്ത്രിയായി രേഖ ഗുപ്ത മാറും. 1974 ല്‍ ഹരിയാനയിലെ ജുലാനയ്ക്കു സമീപം നന്ദ്ഗഡ് ഗ്രാമത്തിലായിരുന്നു രേഖയുടെ ജനനം. എസ്ബിഐയില്‍ ഓഫിസറായിരുന്ന പിതാവിനൊപ്പം രണ്ടാം വയസിലാണ് അവര്‍ ഡല്‍ഹിയില്‍ എത്തുന്നത്.

ഡല്‍ഹി സര്‍വകലാശാലയിലെ ദൗലത്ത് റാം കോളേജില്‍ പഠിക്കവെയാണ് എബിവിപിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. 1996-97 ല്‍, ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി. 2007ല്‍ നോര്‍ത്ത് പിതംപുരയില്‍നിന്ന് കോര്‍പറേഷന്‍ കൗണ്‍സിലറായി വിജയിച്ചാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം തുടങ്ങിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാലിമാര്‍ ബാഗ് നിയോജകമണ്ഡലത്തില്‍ നിന്നാണ് 29,595 വോട്ടുകള്‍ക്കു എഎപിയുടെ ബന്ദനാ കുമാരിയെ പരാജയപ്പെടുത്തിയത്. 2020, 2015 തിരഞ്ഞെടുപ്പുകളില്‍ രേഖ ഗുപ്ത, ബന്ദനാ കുമാരിയോട് പരാജയപ്പെട്ടിരുന്നു. ഇതിനുള്ള മധുര പ്രതികാരമായിരുന്നു ഇത്തവണത്തെ വിജയം. പിന്നാലെ പാര്‍ട്ടി വലിയ ഉത്തരവാദിത്വവും ഏല്‍പ്പിച്ചിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top