ബിജെപിയില്‍ കടുംവെട്ട്; 37 സിറ്റിംഗ് എംപിമാര്‍ക്ക് സീറ്റില്ല; കേന്ദ്രമന്ത്രിമാര്‍ വരെ പുറത്ത്; വരുണ്‍ ഗാന്ധി വിമതനായേക്കും

ഡല്‍ഹി: ഒരു കാലത്ത് പാര്‍ട്ടിയിലെ കിടിലങ്ങളെന്ന് വിശേഷിക്കപ്പെട്ടിരുന്ന പല നേതാക്കളേയും സീറ്റ് നല്‍കാതെ മൂലക്കിരുത്താനുള്ള അസാധാരണമായ ധൈര്യം പ്രകടിപ്പിച്ച് ബിജെപി. ഈ വെട്ടിനിരത്തലിനിടയിലും പല സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കാനും ബിജെപി തയ്യാറായി.

വരുണ്‍ ഗാന്ധി, ജന. വി.കെ. സിംഗ്, അനന്ത്കുമാര്‍ ഹെഗ്‌ഡെ ഉള്‍പ്പടെ 37 സിറ്റിംഗ് എം പിമാരെയാണ് ഇത്തവണ ഒഴിവാക്കിയത്. സര്‍ക്കാരിനേയും പ്രധാനമന്ത്രി മോദിയേയും ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിക്കുന്ന വരുണ്‍ ഗാന്ധിക്ക് സീറ്റ് നിഷേധിച്ചത് പലരേയും ഞെട്ടിച്ചിട്ടുണ്ട്. 2009, 2014, 2019 എന്നീ തിരഞ്ഞെടുപ്പില്‍ യുപിയിലെ സുല്‍ത്താന്‍ പൂര്‍, പില്‍ബിത്ത് മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ച നേതാവാണ് വരുണ്‍ ഗാന്ധി. മുന്‍ മന്ത്രിയും വരുണിന്റെ അമ്മയുമായ മനേക ഗാന്ധിക്ക് സുല്‍ത്താന്‍പൂരില്‍ നിന്ന് പാര്‍ട്ടി ടിക്കറ്റ് നല്‍കിയിട്ടുണ്ട്.

സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ സമാജ് വാദി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി വരുണ്‍ മത്സരിക്കുമെന്ന് ചില സൂചനകളുണ്ട്. മത്സര രംഗത്തുണ്ടാകുമെന്ന സൂചന വരുണുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നാല് സെറ്റ് നാമനിര്‍ദേശ പത്രിക വരുണിന്റെ പേരില്‍ വാങ്ങിയതായി അദ്ദേഹത്തിന്റെ വക്താവ് മാലിക് വ്യക്തമാക്കി.ഏപ്രില്‍ 19 ന് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിലാണ് പില്‍ബിത്ത്. ഇവിടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചിട്ടുണ്ട്. വരുണിന് പകരം മുന്‍ കോണ്‍ഗ്രസ് നേതാവും യുപിയിലെ മന്ത്രിയുമായ ജിതിന്‍ പ്രസാദയാണ് ബിജെപി ടിക്കറ്റില്‍ പില്‍ബിത്തില്‍ മത്സരിക്കുന്നത്.

മാസങ്ങളായി ബിജെപി കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങളുമായി പല കാരണങ്ങളുടെ പേരില്‍ ഉടക്കിലാണ് വരുണ്‍. കര്‍ഷക സമരക്കാര്‍ക്കെതിരെ പോലീസ് നടത്തിയ ബലപ്രയോഗത്തിനെ അതിശക്തമായ വിമര്‍ശനമുയര്‍ത്തി രംഗത്ത് വന്ന നേതാവായിരുന്നു അദ്ദേഹം. മോദി സര്‍ക്കാരിന്റെ ആരോഗ്യ- തൊഴില്‍ നയങ്ങളെ തുറന്നെതിര്‍ക്കാനും ധൈര്യം കാണിച്ചിട്ടുണ്ട്. വരുണിനെ കൂടെക്കൂട്ടാന്‍ കോണ്‍ഗ്രസും ശ്രമം തുടങ്ങിയിട്ടുണ്ട്. അമേഠിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ വിമുഖത പ്രകടിപ്പിച്ച സാഹചര്യത്തില്‍ വരുണിനെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. വരുണിന്റെ പിതാവ് സഞ്ജയ് ഗാന്ധി 1980 ല്‍ അമേഠിയില്‍ നിന്ന് മത്സരിച്ച് ജയിച്ചിരുന്നു.

കര്‍ണാടകത്തിലെ തീപ്പൊരി ബിജെപി നേതാവും അഞ്ചു തവണ ലോകസഭാംഗവുമായ അനന്ത്കുമാര്‍ ഹെഗ്‌ഡെയ്ക്ക് ഉത്തരകന്നഡ സീറ്റ് നിഷേധിച്ചു. ബിജെപി ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വിജയം നേടിയാല്‍ ഭരണഘടന ദേദഗതി ചെയ്യുമെന്ന പ്രസ്താവനയാണ് സീറ്റ് നിഷേധിക്കാനിടയാക്കുയത്. ഹെഡ്‌നയുടെ പ്രസ്താവന ഇന്ത്യാ സഖ്യം പ്രചരണായുധമാക്കിയത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്നതില്‍ കുപ്രസിദ്ധനാണിദ്ദേഹം. 400 സീറ്റ് ഭൂരിപക്ഷം ഭരണഘടന പൊളിച്ചെഴുതാനെന്നായിരുന്നു ഹെഗ്‌ഡെയുടെ പ്രസ്താവന. കര്‍ണാടകത്തില്‍ മന്ത്രിയും സ്പീക്കറുമൊക്കെയായിരുന്ന ഹെഗ്‌ഡെക്ക് സീറ്റ് നിഷേധിച്ചതില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ അസ്വസ്ഥരാണ്. കര്‍ണ്ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സദാനന്ദ ഗൗഡയ്ക്കും സീറ്റ് നിഷേധിച്ചിരുന്നു.

മുന്‍ ആര്‍മി ജനറലും കേന്ദ്രമന്ത്രിയുമായ വി. കെ. സിംഗിനും ഇത്തവണ സീറ്റില്ല. ഗാസിയബാദ് മണ്ഡലത്തില്‍ ജന.സിംഗിന് പകരം അതുല്‍ ഗാര്‍ഗിനാണ് സീറ്റ്‌നല്‍കിയത്. ബീഹാറില്‍ നിന്നുള്ള കേന്ദ്രമന്ത്രി അശ്വിനി ചൗബേക്കും സീറ്റില്ല.

ഒഡീഷയില്‍ നിന്നുള്ള നാല് സിറ്റിംഗ് ബിജെപി എംപിമാര്‍ക്ക് ഇത്തവണ സീറ്റില്ല. ബംഗാളില്‍ നിന്നുള്ള ബിജെപി നേതാവ് എസ്. എസ്. അലുവാലിയ്ക്ക് പകരം ദിലീപ് ഘോഷാണ് ബര്‍ദമാന്‍ – ദുര്‍ഗാപൂരില്‍ നിന്ന് ഇപ്രാവശ്യം ജനവിധി തേടുന്നത്. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്ക് പകരം സുഷമാ സ്വരാജിന്റെ മകള്‍ ബാന്‍ സുരി സ്വരാജാണ് ന്യൂഡല്‍ഹി മണ്ഡലത്തില്‍ മത്സരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top