‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ഉടൻ; ബിജെപിയുടെ വാഗ്ദാനം നടപ്പാക്കാൻ പ്രതിപക്ഷ സമവായത്തിന് കേന്ദ്രം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സ്കീം ഉടൻ നടപ്പാക്കാൻ കേന്ദ സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇപ്പോൾ നടക്കുന്ന പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് നീക്കമെന്നാണ് സൂചനകള്‍. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കമ്മറ്റിയുടെ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു കഴിഞ്ഞു. ബില്ലിൽ പ്രതിപക്ഷവുമായി സമവായമുണ്ടാക്കാൻ സർക്കാർ ഇപ്പോൾ ആഗ്രഹിക്കുന്നുവെന്നും വിശദമായ ചർച്ചകൾക്കായി സംയുക്ത പാർലമെൻ്ററി കമ്മിറ്റിക്ക് (Joint Parliamentary Committee/ JPC) അയക്കാനാണ് നീക്കമെന്നുമാണ് റിപ്പോർട്ട്.

എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളുമായി ജെപിസി ചർച്ച നടത്തും. തിരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെടെയുള്ളവർ ചർച്ചയുടെ ഭാഗമാകും. എല്ലാ സംസ്ഥാന അസംബ്ലികളിലെയും സ്പീക്കർമാരെയും ബുദ്ധിജീവികളെയും സാധാരണ പൗരൻമാരുമായും അഭിപ്രായങ്ങൾ ആരായും. സമവായത്തിൻ്റെ അടിസ്ഥാനത്തിലല്ലാതെ നിലവിലെ സംവിധാനം മാറ്റുന്നത് അങ്ങേയറ്റം വെല്ലുവിളിയാകുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നീക്കം.

ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് പദ്ധതി നടപ്പിലാക്കുമ്പോൾ ഭരണഘടന ഭേദഗതി ചെയ്യുന്നതിനായി കുറഞ്ഞത് ആറ് ബില്ലുകളെങ്കിലും പാർലമെൻ്റിൽ പാസാക്കേണ്ടി വരും. അതിന് സർക്കാരിന് പാർലമെൻ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. പാർലമെൻ്റിൻ്റെ ഇരുസഭകളിലും എൻഡിഎയ്ക്ക് കേവലഭൂരിപക്ഷം ഉണ്ടെങ്കിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്നത് ഒരു ഭാരിച്ച വെല്ലുവിളിയാണ്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് പുതിയ തന്ത്രവുമായി കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്.

2019, 2024 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയിലെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതി. 2029ൽ ഒറ്റ തിരഞ്ഞെടുപ്പ് നടത്താമെന്നാണ് രാംനാഥ് കോവിന്ദ് കമ്മറ്റി ശുപാർശ നൽകിയത്‌. കോൺഗ്രസ്‌, സിപിഎം, സിപിഐ, തൃണമൂൽ, ബിഎസ്‌പി, എഎപി തുടങ്ങി 15 പ്രതിപക്ഷ പാർട്ടികൾ കമ്മറ്റിയുടെ തീരുമാനത്തിനെതിരെ നേരിട്ട് വിയോജിപ്പറിയിച്ചിരുന്നു.

എൻഡിഎ സഖ്യകക്ഷികളടക്കം 36 പാർട്ടികൾ യോജിച്ചുവെങ്കിലും ടിഡിപി അഭിപ്രായം വ്യക്തമാക്കിയിട്ടില്ല. ടിഡിപിയെ കൂടാതെ ലോക്സഭയില്‍ കേവലഭൂരിപക്ഷമില്ലാത്ത ബിജെപിക്ക്‌ അവരെ പിണക്കി മുന്നോട്ടുപോകാനാകില്ല എന്ന അവസ്ഥയാണ് നിലവിലുള്ളത്. ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് ആശയം അപ്രായോഗികമാണെന്നാണ് പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിൻ്റെ വിമർശനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top