ഇന്ത്യൻ കമ്പനികളെ അവഗണിച്ച് ചൈനീസ് പിപിഇ കിറ്റുകൾ; കോവിഡ് അഴിമതിക്കേസില്‍ ബിജെപി മുൻ മുഖ്യമന്ത്രി വിചാരണ നേരിടേണ്ടിവരും
കർണാടകയിലെ ബിജെപി സർക്കാരിൻ്റെ കാലത്ത് നടന്ന കോവിഡ് ഫണ്ട് ദുരുപയോഗം ചെയ്തെന്ന കേസിൽ അന്നത്തെ മുഖ്യമന്ത്രിയേയും ആരോഗ്യ മന്ത്രിയേയും വിചാരണ ചെയ്യും. അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി മൈക്കിൾ ഡികുൻഹ അന്വേഷണ കമ്മിഷന്‍ സമർപ്പിച്ച റിപ്പോർട്ടിലാണ് പ്രോസിക്യൂഷന് ശുപാർശ ചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 പ്രകാരം മുഖ്യമന്ത്രിയായിരുന്ന ബിഎസ് യെദ്യൂരപ്പയേയും ആരോഗ്യ മന്ത്രിയായിരുന്ന ബി ശ്രീരാമുലുവിനെയും വിചാരണ ചെയ്യാനാണ് കമ്മിഷന്‍ നിര്‍ദേശം.
2020ൽ കോവിഡ് മഹാമാരി സമയത്ത് സമയത്ത് ചൈനീസ് കമ്പനികളിൽ നിന്ന് മൂന്ന് ലക്ഷം പിപിഇ കിറ്റുകൾ വാങ്ങിയതിലെ ക്രമക്കേടുകൾ ഉണ്ടെന്നായിരുന്നു ആരോപണം. ജസ്റ്റിസ് ഡികുൻഹ ഇക്കഴിഞ്ഞഓഗസ്റ്റ് 31 ന് കർണാടക സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് വിചാരണ ചെയ്യാൻ ശുപാർശ ചെയ്തത്. 2020 മാർച്ചിലും ഏപ്രിലിലും പിപിഇ കിറ്റുകൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വൻതോതിൽ വാങ്ങാൻ അനുമതി നൽകിയതാണ് പരാതികൾക്ക് ഇടയാക്കിയത്. പ്രാദേശിക കമ്പനികളെ അവഗണിച്ച് ചൈനീസ് വിതരണക്കാരായ ഡിഎച്ച്ബി ഗ്ലോബൽ, ബിഗ് ഫാർമസ്യൂട്ടിക്കൽസ് എന്നിവയിൽ നിന്നാണ് ഇവ കൂടുതലും വാങ്ങിയത്.
ALSO READ: സർക്കാർ ആശുപത്രികളിൽ മരുന്നുകൾ കിട്ടാനില്ല, കുറിപ്പടിയുമായി പാവങ്ങൾ നെട്ടോട്ടത്തിൽ
പ്ലാസ്റ്റി സർജ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് പോലുള്ള കമ്പനികൾ വളരെ കുറഞ്ഞ നിരക്കിലാണ് പിപിഇ കിറ്റുകൾ വാഗ്ദാനം ചെയ്തിരുന്നത്. പ്രാദേശിക കമ്പനികളെ ഒഴിവാക്കിയ സമീപനത്തെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പിന്തുണച്ചതായും റിപ്പോർട്ടുണ്ട്. കുറഞ്ഞ വില വാഗ്‌ദാനം ചെയ്‌ത കമ്പനികളെ ഒഴിവാക്കി ഡിഎച്ച്‌ബി ഗ്ലോബലിന് അനുകൂലമായി കരാറുണ്ടാക്കിയ വകയിൽ ഏകദേശം 68 ലക്ഷം രൂപയുടെ (67,69,000 ) സാമ്പത്തിക നഷ്ടത്തിന് കാരണമായി എന്നാണ് റിപ്പോർട്ടുകൾ. ബിജെപി സർക്കാരിൻ്റെ കാലത്ത് 150 കോടി കോടി രൂപയുടെ അഴിമതി നടന്നെന്നാണ് ആരോപണമുയർന്നിരുന്നത്.
അന്ന് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ഇപ്പോൾ ജസ്റ്റിസ് കുൻഹയുടെ കണ്ടെത്തലുകൾ ശരിവയ്ക്കുനതായി കർണാടക ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. കോവിഡ്ക്കാലത്ത് ജനങ്ങൾ മരിക്കുമ്പോൾ മുൻ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പണം സമ്പാദിക്കാനുള്ള വഴിയാണ് തേടിയതെന്നും അദ്ദേഹം ആരോപിച്ചു. തന്നെയും മുൻ ആരോഗ്യ മന്ത്രിയെയും വിചാരണ ചെയ്യാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് യെദ്യൂരപ്പ പ്രതികരിച്ചു. എല്ലാ ചട്ടങ്ങളും പാലിച്ചാണ് കരാർ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here