സുരേഷ് ഗോപിയുടെ വിജയശിൽപി കെ.സുരേന്ദ്രനെന്ന ബിജെപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തിരിച്ചടിക്കുന്നു; വിമര്‍ശിച്ചും ട്രോളിയും കമന്റുകള്‍ നിറയുന്നു
തൃശൂരിലെ വിജയത്തിന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് മുഴുവന്‍ ക്രഡിറ്റും നല്‍കി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ബിജെപിക്ക് പണിപാളി. ബിജെപി കേരളം എന്ന ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റിനു താഴെ വിമര്‍ശനങ്ങളും ട്രോളുകളും നിറയുകയാണ്. ബിജെപി പ്രവര്‍ത്തകരും മറ്റ് പാര്‍ട്ടിക്കാരുമെല്ലാം പരിഹാസവുമായി എത്തിയിരിക്കുകയാണ്. സുരേന്ദ്രനെ മാറ്റി ശോഭ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കണമെന്നും കമന്റുകളുണ്ട്.
“സുരേഷ് ഗോപി നേടിയ തകര്‍പ്പന്‍ വിജയത്തിനും ബിജെപിയുടെ കേരളത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തിനും പിന്നില്‍ കെ. സുരേന്ദ്രനെന്ന കരുത്തനായ നേതാവിന്റെ സംഘാടകമികവുണ്ട്. പാര്‍ട്ടിയിലെ പ്രവര്‍ത്തകരെ ഏകോപിപ്പിച്ചുകൊണ്ട് താഴേത്തട്ടില്‍വരെ നീളുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു. കേരളത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സഖ്യം നടത്തിയ നിരന്തര ശ്രമങ്ങളില്‍ തന്റെ പാര്‍ട്ടി കാര്യകര്‍ത്താക്കള്‍ തളരാതിരിക്കുവാന്‍ അവരെ മുന്നില്‍ നിന്നു നയിച്ച്, ഏവര്‍ക്കും പ്രചോദനവും വിജയപ്രതീക്ഷയും നല്‍കിയത് ശ്രീ കെ. സുരേന്ദ്രനാണ്. സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ച അദ്ദേഹത്തിന്റെ നേതൃത്വം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകും”. ഇങ്ങനെയായിരുന്നു ഔദ്യോഗിക പേജിലെ അവകാശവാദം.
ഇതിനു പിന്നാലെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എല്ലാവരേയും ജയിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വയം ജയിക്കാന്‍ കഴിയാത്ത സംസ്ഥാന പ്രസിഡന്റ്. കേസ് വന്നാല്‍ പിണറായിയുടെ കാല് പിടിച്ച് രക്ഷപ്പെടുന്ന ധൈര്യശാലി. ശബരിമല അടക്കം അനുകൂല ഘടകമുണ്ടായിട്ടും ഒരു നിയമസഭാ സീറ്റ് പോലും നേടാന്‍ കഴിയാത്ത പ്രസിഡന്റ്. ഇങ്ങനെ പോകുന്നു കമന്റുകള്‍. വി.മുരളീധരനേയും കെ.സുരേന്ദ്രനേയും നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വരെ ആവശ്യം ഉയരുന്നുണ്ട്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് തവണ പ്രചാരണത്തിനായി മാത്രം തൃശൂരിൽ എത്തിയത് തിരഞ്ഞെടുപ്പ് വിജയത്തിൽ സഹായിച്ചു എന്നോ മറ്റോ ഒരു പരാമർശം പോലുമില്ല. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂരിൽ എത്തിയത് പോലും ഫലത്തിൽ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു. ഇതെല്ലാം നിർണായകമാകുകയും ചെയ്തു. എന്നാൽ ബിജെപിയുടെ അവകാശവാദത്തോട് സുരേഷ് ഗോപി പ്രതികരിച്ചിട്ടില്ല. ശോഭ സുരേന്ദ്രൻ അടക്കം മറ്റ് നേതാക്കളും പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക നേതൃത്വത്തിൽ നിന്നാരെങ്കിലും ഈ വിഷയത്തിൽ സുരേന്ദ്രനെ പിന്തുണച്ച് രംഗത്തെത്തുമോ എന്നാണ് അറിയാനുള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here