പിഎസ്‌സി കോഴയില്‍ അന്വേഷണം വേണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

പിഎസ്‌സി മെമ്പര്‍ സ്ഥാനം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഡിജിപിക്ക് പരാതി നല്‍കി. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയിലെ നിയമനങ്ങള്‍ സിപിഎം കൈക്കൂലി വാങ്ങി നടത്തുന്നുവെന്നത് ഗൗരവമായ കാര്യമാണ്. ഇപ്പോള്‍ പുറത്തുവന്നത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. പിഎസ്‌സിയുടെ വിശ്വാസ്യത തന്നെ തകര്‍ക്കുന്ന ആരോപണത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സിപിഎം പുറത്താക്കിയ പ്രമോദ് കോട്ടൂളിയെന്ന ഏര്യാ കമ്മറ്റിയംഗം മാത്രം വിചാരിച്ചാല്‍ ഒരു പിഎസ്‌സി അംഗത്തെ നിയമിക്കാനാവില്ല. അതുകൊണ്ട് തന്നെ ഈ കോഴ ഇടപാടിന് പിന്നില്‍ വലിയ ശക്തികളുണ്ട്. സമഗ്രമായ അന്വേഷണം നടത്തി മുഖ്യപ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പരാതിക്കാരന്റെ വീടിന് മുന്നില്‍ രാത്രിയില്‍ പോയി പ്രതിഷേധിക്കുന്നതാണ് ഭയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്. കോഴയായി കൈമാറിയ 25 ലക്ഷം രൂപ കള്ളപ്പണ ഇടപാടിന്റെ പരിധിയില്‍ വരുന്നതാണോയെന്നും പരിശോധിക്കേണ്ടതുണ്ട്. ഇതെല്ലാം സംഭവിക്കുമ്പോഴും കേരള പോലീസ് കാഴ്ചക്കാരെ പോലെ നോക്കി നില്‍ക്കുകയാണെന്നും സുരേന്ദ്രന്‍ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.

സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ കൃത്യമായ അന്വേഷണം വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top