ബിജെപിക്ക് കള്ളപ്പണമെത്തിയത് 6 ചാക്കുകളിലെന്ന് വെളിപ്പെടുത്തൽ; എല്ലാം പാർട്ടി അറിവോടെയെന്ന് മുൻ ഓഫീസ് സെക്രട്ടറി
കൊടകര കുഴല്‍പ്പണ കേസിൽ ബിജെപിയെ പ്രതിസന്ധിയിലാക്കി മുൻ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്നും കൂടുതൽ കാര്യങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നാണ് സതീഷിൻ്റെ വെളിപ്പെടുത്തൽ. പണം ചാക്കിൽ കെട്ടിയാണ് കൊണ്ട് വന്നത്. ധർമ്മരാജൻ എന്നൊരു വ്യക്തിയാണ് പണം കൊണ്ട് വന്നത്. ധർമ്മരാജന് മുറി എടുത്ത് കൊടുത്തത് താനാണെന്നും ബിജെപി മുൻ ഓഫീസ് സെക്രട്ടറി പറഞ്ഞു.
കൂടുതൽ വെളിപ്പെടുത്തലുകൾ വൈകാതെയുണ്ടാകും. ആറ് ചാക്ക് നിറയെ പണമുണ്ടായിരുന്നു. പണം ഓഫീസിൽ സൂക്ഷിച്ചു. പണമാണെന്ന് പിന്നീട് ആണ് അറിഞ്ഞത്. ബിജെപി ജില്ലാ ഓഫീസിന്റെ നിർദ്ദേശപ്രകാരണമാണ് താൻ എല്ലാം ചെയ്തതെന്നുമാണ് സതീഷ് പറയുന്നത്.
ധർമ്മരാജൻ ആദ്യമായി ജില്ലാ കമ്മറ്റി ഓഫീസിൽ വരുമ്പോൾ സംസ്ഥാന അധ്യക്ഷനും ജില്ലാ പ്രസിഡൻ്റും ഉണ്ടായിരുന്നു. അവരോട് സംസാരിച്ചതിനുശേഷം അയാൾ പോയി. ധർമ്മരാജൻ പോയതിനുശേഷമാണ് തിരഞ്ഞെടുപ്പിന് വേണ്ട മെറ്റീരിയലുകൾ എത്തിക്കുന്നയാളാണെന്ന് പറഞ്ഞത്. ആറുചാക്കുകൾ ഓഫീസിന് മുകളിൽ കൊണ്ടുവച്ചതിനുശേഷമാണ് അതിനുള്ളിൽ പണമാണെന്ന് അറിഞ്ഞത്’- തിരൂർ സതീഷ് പറയുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് ബിജെപിയെ പ്രതിക്കൂട്ടിലാക്കി കുഴൽപ്പണക്കേസ് ഉയര്‍ന്നത്. കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് കൊണ്ടുവന്ന കുഴൽപ്പണം ദേശീയപാതയിൽ കൊടകര വച്ച് ഒരു സംഘം കാർ തടഞ്ഞുനിറുത്തി തട്ടിയെടുത്തതോടെ ആയിരുന്നു വിവാദങ്ങളുടെ തുടക്കം. 25 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നായിരുന്നു കാറുടമ പരാതി നൽകിയത്. എന്നാൽ അന്വേഷണത്തിൽ 3.5 കോടി രൂപ നഷ്ടപ്പെട്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ എത്തിച്ച കളളപ്പണമാണ് ഇത് എന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ അതെല്ലാം ബിജെപി തള്ളുകയായിരുന്നു. ഇതിനിടയിലാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കി മുൻ ഓഫീസ് സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here