വോട്ട് വിഹിതത്തില്‍ തൃശൂരില്‍ വന്‍കുതിപ്പ് നടത്തി ബിജെപി, ഒന്നേകാൽ ലക്ഷത്തോളം വോട്ടിൻ്റെ വർധന; കിതച്ചത് കോണ്‍ഗ്രസ്; നഷ്ടമില്ലാതെ എൽഡിഎഫ്

തൃശൂരില്‍ സുരേഷ് ഗോപിയിലൂടെ ബിജെപി നടത്തിയത് വമ്പന്‍ കുതിപ്പ്. 2019ല്‍ നേടിയ വോട്ടിനേക്കാള്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ അധികമായി നേടിയാണ് സുരേഷ് ഗോപി താമര വിരിയിച്ചത്. 4,12,338 വോട്ടുകളാണ് തൃശൂരില്‍ ബിജെപി അക്കൗണ്ടില്‍ എത്തിയത്. 2019ല്‍ അത് 2,93,822 ആയിരുന്നു. 1,18,516 വോട്ടുകള്‍ അധികമായി നേടി. ഇതോടെയാണ് 74,686 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷം ലഭിച്ചത്. ഒരുഘട്ടത്തില്‍ പോലും എതിരാളികള്‍ക്ക് മുന്നിലെത്താന്‍ സുരേഷ് ഗോപി അവസരം നല്‍കിയില്ല.

വോട്ടുകളുടെ കണക്കില്‍ വലിയ തിരിച്ചടി തൃശൂരില്‍ ഉണ്ടായിരിക്കുന്നത് കോണ്‍ഗ്രസിനാണ്. 2019ലെ 4,15,089 എന്ന കണക്കില്‍ നിന്ന് കോണ്‍ഗ്രസ് 3,28,124 വീണു. കെ.മുരളീധരനെ പോലെ വലിയൊരു നേതാവിനെ മത്സരിപ്പിച്ചിട്ടും 86,965 വോട്ടുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

എന്നിട്ടും ഇടതുപക്ഷത്തിന് കാര്യമായ വോട്ടുനഷ്ടം ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 2019ല്‍ നേടിയ 3,21,456 വോട്ടിന് പുറമെ 16,196 കൂടി അധികമായി ലഭിച്ചു. എൽഡിഎഫിന് ആകെ കിട്ടിയ വോട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ കണക്ക് പ്രകാരം 3,37,652 ആണ്. വോട്ട് ശതമാന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും.

കടുത്ത രാഷ്ട്രീയ മത്സരം നടന്ന തൃശൂരില്‍ സിപിഎം വോട്ടുകള്‍ ബിജെപിക്ക് മറിക്കുമെന്ന് കോണ്‍ഗ്രസ് തുടക്കം മുതല്‍ ആരോപിച്ചിരുന്നതാണ്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിന്റെ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണിതെന്നും പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതോടെ ഈ ആരോപണങ്ങളെ പ്രതിരോധിക്കാമെന്ന ആശ്വാസത്തിലാണ് സിപിഎം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top