വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്കായി ബിജെപി കാത്തിരിക്കുന്നു; രാഹുൽ മത്സരിച്ചാൽ പകരമാര് എന്നതിൽ വ്യക്തതയില്ല; മറ്റിടങ്ങളിലും സ്ഥാനാർത്ഥികളെ നിശ്ചയിക്കാനാകാതെ നേതൃത്വം
തിരുവനന്തപുരം: വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരെന്ന് അറിയാന്‍ ബിജെപി ദേശീയ നേതൃത്വം കാത്തിരിക്കും. വയനാട്ടില്‍ രാഹുല്‍ ഗാന്ധി വീണ്ടും മത്സരിച്ചാല്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കാനുള്ളതു കൊണ്ടാണ് ഇത്. തിരുവനന്തപുരത്തും ആറ്റിങ്ങലിലും തൃശൂരിലും പത്തനംതിട്ടയിലും സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ആറ്റിങ്ങളില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ മത്സരിക്കുമെന്നാണ് നേതൃത്വം നല്‍കുന്ന സൂചന. തൃശൂരില്‍ സുരേഷ് ഗോപിയും. എന്നാല്‍ ഇതു പോലും ഔദ്യോഗികമായി കേരളത്തിലെ നേതൃത്വത്തെ ദേശീയ നേതൃത്വം അറിയിച്ചിട്ടില്ല. തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയിലും കേരളത്തിലെ നേതാക്കള്‍ക്ക് വ്യക്തതയില്ല. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇതെല്ലാം പ്രതീക്ഷയായി അവശേഷിക്കുന്നത് കേരളത്തിലെ പ്രചാരണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
തിരുവനന്തപുരത്ത് ശോഭന മത്സരിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇതിനൊപ്പം എറണാകുളത്ത് ട്വന്റി 20 നേതാവ് സാബു ജേക്കബും ഉണ്ടാകില്ല. ഡല്‍ഹിയില്‍ എത്തി സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട നിർദേശം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്ര നേതാക്കള മനസ്സ് തുറന്നിട്ടില്ല. അതുകൊണ്ട് തന്നെ അന്തിമ പട്ടിക എന്താകുമെന്ന ആശങ്ക എങ്ങുമുണ്ട്. തിരുവനന്തപുരത്ത് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്നുണ്ട്. ഈ വരവില്‍ ചിത്രം തെളിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും സ്ഥാനാര്‍ ത്ഥികളുടെ കാര്യത്തിൽ ധാരണയുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ സ്ഥാനാര്‍ത്ഥികള്‍ വൈകുന്നത് പ്രതിസന്ധിയുണ്ടാക്കും എന്നാണ് കേരള നേതൃത്വത്തിന്റെ ആശങ്ക.
വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമോ എന്ന് ബിജെപിക്ക് ഉറപ്പില്ല. അതുകൊണ്ടാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കേന്ദ്ര നേതാക്കള്‍ക്കും മുമ്പോട്ട് പോകാന്‍ കഴിയാത്തത്. രാഹുലാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ ശക്തയായ സ്ഥാനാര്‍ത്ഥിയെ നിയോഗിക്കും. ശോഭാ സുരേന്ദ്രനെയാണ് പ്രധാനമായും പരിഗണിക്കുന്നത്. രാഹുല്‍ കേരളത്തില്‍ മത്സരിച്ചില്ലെങ്കില്‍ ശോഭയെ കോഴിക്കോട്ടോ പാലക്കാട്ടോ സ്ഥാനാര്‍ത്ഥിയാക്കും. ആറ്റിങ്ങലിലും സാധ്യതാ പട്ടിയില്‍ ശോഭയുണ്ടത്രേ. ഇതില്ലെല്ലാം തീരുമാനം എടുക്കണമെങ്കില്‍ വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയില്‍ വ്യക്തത വരണം. ഇതാണ് ദേശീയ നേതൃത്വം കേരളത്തിലെ തീരുമാനങ്ങള്‍ വൈകിപ്പിക്കാനുള്ള കാരണം. കേരളത്തിലെ സ്ഥനാര്‍ത്ഥികളുടെ സാധ്യതകളില്‍ കേന്ദ്ര നേതൃത്വം ഇപ്പോഴും രഹസ്യ സര്‍വ്വേ നടത്തുന്നുണ്ട്.
സംസ്ഥാനത്തെ ആറ് ലോക്‌സഭാ മണ്ഡലങ്ങളിലാണ്, ആഞ്ഞുപിടിച്ചാല്‍ വിജയിച്ചു കയറിവരാമെന്ന പ്രതീക്ഷ ബിജെപി നേതൃത്വം വെച്ചുപുലര്‍ത്തുന്നത്. ഇതില്‍ തന്നെ ഏറ്റവും ശ്രദ്ധേയമാകുന്നത് തിരുവനന്തപുരവും ആറ്റിങ്ങലിലും പത്തനംതിട്ടയും തൃശൂരുമാണ്. സിനിമാതാരം സുരേഷ് ഗോപി തൃശൂരില്‍ സീറ്റ് ഉറപ്പിച്ചതോടെ തിരുവനന്തപുരത്ത് സര്‍പ്രൈസ് സ്ഥാനാര്‍ഥി ഉണ്ടാകുമോയെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ ആകാംക്ഷ. ആറ്റിങ്ങലില്‍ വി മുരളീധരനും പ്രതീക്ഷയിലാണ്.
എന്നാല്‍ പത്തനംതിട്ടയില്‍ സര്‍വ്വത്ര ആശയക്കുഴപ്പമാണ്. പിസി ജോര്‍ജ്ജും മകന്‍ ഷോണ്‍ ജോര്‍ജും പരിഗണനാ പട്ടികയില്‍ ഉണ്ട്. ഇതിനൊപ്പം ഗോവാ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍ പിള്ളയും. പത്തനംതിട്ടയില്‍ എത്രയും വേഗം സ്ഥാനാര്‍ത്ഥിയില്‍ വ്യക്തത വരുത്തണമെന്ന ആഗ്രഹം ബിജെപി സംസ്ഥാന നേതൃത്വത്തിനുമുണ്ട്. ബിജെപിക്കുള്ളില്‍ തന്നെ പലവിധ അഭിപ്രായമുണ്ട്. ബിഡിജെഎസും പിസിക്കെതിരെ പരസ്യമായി രംഗത്തു വരുന്നു. ഇതെല്ലാം സാധ്യതകളെ ബാധിക്കാന്‍ ഇടയുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിച്ചതു കാരണമുണ്ടായ കോണ്‍ഗ്രസ് തരംഗത്തിലും ബിജെപിക്ക് മൂന്ന് ലക്ഷത്തിനുമേല്‍ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിഞ്ഞതു തിരുവനന്തപുരം മണ്ഡലത്തിൽ മാത്രമായിരുന്നു. 2014ല്‍ രാജഗോപാല്‍ നേടിയതിനേക്കാളും വോട്ട് ബിജെപിക്കുവേണ്ടി പിടിച്ചെടുക്കാന്‍ കുമ്മനം രാജശേഖരന് സാധിച്ചു. പക്ഷേ തരൂരിന്റെ ഭൂരിപക്ഷം ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കരുതലോടെ തീരുമാനം എടുക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here