ഹരിയാനയിലെ കനത്ത തോൽവിക്ക് പിന്നാലെ രാഹുൽ ഗാന്ധിക്ക് ഒരുകിലോ ജിലേബി അയച്ച് ബിജെപിയുടെ ‘മധുരപ്രതികാരം’

ഹരിയാനയിലെ കനത്ത തോൽവിക്കുപിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജിലേബി അയച്ച് ബിജെപിയുടെ മധുരപ്രതികാരം. രാഹുലിന്റെ ഡൽഹി ഓഫിസിലെ വിലാസത്തിലേക്ക് ഒരു കിലോ ജിലേബിയാണ് ബിജെപി ഹരിയാന ഘടകം അയച്ചിരിക്കുന്നത്.
”ഹരിയാനയിലെ ഭാരതീയ ജനതാ പാർട്ടിയുടെ എല്ലാ പ്രവർത്തകർക്കും വേണ്ടി, രാഹുൽ ഗാന്ധിയുടെ വീട്ടിലേക്ക് ജിലേബികൾ അയച്ചിട്ടുണ്ട്,” എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പാർട്ടി പറഞ്ഞു. ജിലേബി അയച്ചതിന്റെ സ്‌ക്രീൻഷോട്ടും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാന ആയുധമാക്കിയത് ഗൊഹാനയിലെ പ്രശസ്തമായ ജിലേബികളായിരുന്നു. തൊഴിലും വരുമാനവും സൃഷ്ടിക്കുന്നതിനായി ഈ പ്രദേശത്ത് നിന്നുള്ള ജിലേബികൾ രാജ്യത്തുടനീളം വൻതോതിൽ ഉൽപ്പാദിപ്പിക്കുകയും വിൽക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യണമെന്ന് ഗൊഹാനയിലെ ഒരു റാലിയിൽ രാഹുൽ പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ ജിഎസ്ടി ജിലേബി വിൽപനക്കാരെ വളരെയധികം ബാധിച്ചുവെന്നും രാഹുൽ അവകാശപ്പെട്ടിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ 48 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. 37 സീറ്റുകളിലാണ് കോൺഗ്രസിന് വിജയം നേടാനായത്. ഹരിയാനയിൽ കോൺഗ്രസ് ജയിക്കുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെ കാറ്റിൽ പറത്തിയായിരുന്നു മൂന്നാമതും ബിജെപി ഭരണം നിലനിർത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here