കുഴല്‍പണം, ആംബുലന്‍സ് യാത്ര, പൂരം, കേന്ദ്ര അവഗണന, ഉള്‍പാര്‍ട്ടിപ്രശ്‌നം; ഉപതിരഞ്ഞെടുപ്പില്‍ എക്കാലത്തെയും വലിയ പ്രതിസന്ധിയിലായി ബിജെപി

സംസ്ഥാനത്തു നടക്കുന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകള്‍ ബിജെപി നേതൃത്വത്തിന് കടുത്ത അഗ്‌നിപരീക്ഷയായി മാറുന്നു. സമീപകാലത്തൊന്നും ഉണ്ടാകാത്ത നിലയില്‍ ബിജെപിക്കെതിരെ വിവാദങ്ങളുടെ വേലിയേറ്റമായി കഴിഞ്ഞു. കൊടകര കുഴല്‍പ്പണക്കേസില്‍ മുന്‍ ഓഫീസ് സെക്രട്ടറി ഉയര്‍ത്തിവിട്ട ആരോപണ ശരങ്ങളാണ് ഒടുവിലത്തേത്. സംസ്ഥാന അധ്യക്ഷനും നിരവധി ബിജെപി നേതാക്കളും ഇതുവഴി സംശയമുനയിലായി കഴിഞ്ഞു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിവാദങ്ങളെ അടക്കം ഇതുവഴി മറികടക്കാനായി സംസ്ഥാന സര്‍ക്കാര്‍ കൊടകരക്കേസില്‍ പുനരന്വേഷണത്തിന് നീക്കം തുടങ്ങി കഴിഞ്ഞു. ഇത് ബിജെപി സംസ്ഥാന നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത് ആണ്. ഇതിനു പുറമേയാണ് പാലക്കാട് സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതിന്റെ പേരില്‍ ശോഭാ സുരേന്ദ്രനും, യോഗവേദിയിലെ അപമാനത്തിന്റെ പേരില്‍ സന്ദീപ് വാര്യരും ഉയര്‍ത്തുന്ന എതിര്‍സ്വരങ്ങള്‍ വെല്ലുവിളി തീര്‍ത്തത്.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിനായി പ്രത്യേകമായൊരു കേന്ദ്രസഹായം നാളിതുവരെ കേരളത്തിന് ലഭിച്ചിട്ടില്ല. ഇതിനു പുറമേയാണ് വിഴിഞ്ഞം പദ്ധതി നടത്തിപ്പിനായി അനുവദിച്ച വയബിലിറ്റി ഗ്യാപ്പ് ഫണ്ട് സഹായത്തില്‍ കേന്ദ്രം നടത്തിയ ഒളിച്ചുകളി മറനീക്കപ്പെട്ടത്. പൂര്‍ണമായും കേന്ദ്രസഹായമെന്ന് കരുതിയ 900 കോടിയോളം രൂപ വരുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് വിഴിഞ്ഞം പദ്ധതിക്ക് ലോണ്‍ ആയി അനുവദിക്കാനാണ് ഇപ്പോള്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്‍മേല്‍ കേന്ദ്രം പലിശ ചുമത്തുമെന്നും ഇപ്പോള്‍ അറിയിപ്പു വന്നു. ചുരുക്കത്തില്‍ ഒരു രൂപയുടെ പോലും കേന്ദ്ര ഗ്രാന്റില്ലാത്ത പദ്ധതിയാണ് നിലവില്‍ അദാനി ഗ്രൂപ്പ് പൂര്‍ത്തിയാക്കുന്ന വിഴിഞ്ഞം തുറമുഖം എന്നാണ് വരുന്നത്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച സ്വപ്നപദ്ധതിയായി സംസ്ഥാനമൊട്ടുക്കും ബിജെപി പ്രചരിപ്പിച്ച പദ്ധതി പൂര്‍ണമായും കേരള സര്‍ക്കാര്‍ പ്രോജക്ട് ആയി മാറുകയാണ്. ഇത് ചെറിയ പ്രതിസന്ധിയല്ല പ്രചാരണ രംഗത്ത് ബിജെപിക്ക് ഇനിയുണ്ടാക്കുക.

ഇതിനിടെയാണ് തൃശൂര്‍ പൂരംകലക്കും സുരേഷ് ഗോപിയുടെ വിവാദ ആംബുലന്‍സ് യാത്രയുമെല്ലാം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍. പാര്‍ട്ടിയെയോ നേതൃത്വത്തേയോ വകവയ്ക്കാതെ തുടക്കം മുതല്‍ സുരേഷ് ഗോപി നടത്തിയ ഇടപെടലുകള്‍ തൃശൂര്‍ സീറ്റ് ബിജെപിക്ക് ഉറപ്പാക്കിയെങ്കിലും നിലവില്‍ അത് പാര്‍ട്ടിക്കുണ്ടാക്കുന്നത് ചെറുതല്ലാത്ത പൊല്ലാപ്പാണ്. കഴിഞ്ഞ ദിവസം പാലക്കാട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഈയൊരൊറ്റ വിഷയം മുന്‍നിര്‍ത്തി ബിജെപി ഹിന്ദു വിരുദ്ധ പാര്‍ട്ടിയാണെന്ന് വരെ പറഞ്ഞുവച്ചു. തൃശൂര്‍ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധം ഏതാണെന്ന് ചൂണ്ടിക്കാട്ടാനാണ് വേണുഗോപാല്‍ ആവശ്യപ്പെട്ടത്. അങ്ങനെയൊരു ആക്ഷേപം അവര്‍ക്കില്ലെന്നും സീറ്റുറപ്പാക്കാന്‍ ബിജെപിയും സിപിഎമ്മും നടത്തിയ ഒത്തുകളിയാണ് പൂരത്തില്‍ നടന്നതെന്നും പിണറായിയും സംഘ്പരിവാറും തമ്മില്‍ ധാരണയുണ്ട് എന്നുമുള്ള പ്രചരണമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ശക്തിപ്പെടുത്തുന്നത്. പാലക്കാട് പോലെയുള്ള ഒരു മണ്ഡലത്തില്‍ ഇത്തരമൊരു പ്രചാരണം ബിജെപിക്ക് കനത്ത പ്രതിസന്ധി ഉണ്ടാക്കാന്‍ പോന്നതാണ്.

ശോഭാ സുരേന്ദ്രന്‍ ഉറപ്പായും സീറ്റ് പ്രതീക്ഷിച്ചിരുന്ന പാലക്കാട്ട് പ്രാദേശികവാദം ഉന്നയിച്ചാണ് സുരേന്ദ്രന്‍ അനുകൂലികള്‍ അവരുടെ പേര് വെട്ടിയത്. വെള്ളാപ്പള്ളി നടേശന്റെ പൂര്‍ണ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയായി പാലക്കാട്ട് അവതരിക്കാനിരുന്ന ശോഭ പ്രതിഷേധം നിലനിര്‍ത്തിക്കൊണ്ട് തന്നെ പിന്നീട് പ്രചാരണത്തിന് എത്തുകയായിരുന്നു. കഴിഞ്ഞ തവണ ഇ ശ്രീധരനിലൂടെ കാഴ്ചവക്കാനായ ശക്തമായ പോരാട്ടം ഇത്തരം കടുത്ത വെല്ലുവിളികള്‍ക്കിടയിലും ആവര്‍ത്തിക്കേണ്ട അനിവാര്യതയാണ് സുരേന്ദ്രനും സംഘത്തിനും വന്ന് ചേര്‍ന്നിരിക്കുന്നത്.

ഭരണവിരുദ്ധ വികാരത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ള വോട്ടുകള്‍ പൂര്‍ണമായും കോണ്‍ഗ്രസിലേക്ക് ഏകീകരിക്കാതെ നോക്കുകയെന്നതും സുരേന്ദ്രന് വെല്ലുവിളിയാണ്. സംഘടനാ പുനസംഘടന നടപടികളിലേക്ക് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ബിജെപിക്ക് കടക്കേണ്ടി വരും. 40 % ഭാരവാഹികളെ നിര്‍ബന്ധമായും മാറ്റണമെന്ന വ്യവസ്ഥ ഉള്ളതിനാല്‍ ഉപതെരഞ്ഞെടുപ്പില്‍ മികവുള്ള ഫലം ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏറ്റവും പ്രതിസന്ധിയിലാവുക കെ സുരേന്ദ്രനാകും എന്നത് ഉറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top