മോദി ഗ്യാരൻ്റിയിൽ നാണംകെട്ട് സംസ്ഥാന ബിജെപി; പദ്ധതികളൊന്നും കിട്ടാത്തതിൽ കടുത്ത നിരാശയിൽ സുരേന്ദ്രനും കൂട്ടരും

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറന്നാൽ വികസനത്തിൻ്റെ പാലും തേനും ഒഴുക്കുമെന്ന് കൊട്ടിഘോഷിച്ചവർക്ക് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതോടെ മിണ്ടാട്ടം മുട്ടി. നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ കേരളത്തിൻ്റെ പേര് പോലും പരാമർശിച്ചില്ല. പത്ത് രൂപയുടെ ഒരു പുതിയ പദ്ധതി പോലും സംസ്ഥാനത്തിന് അനുവദിച്ചില്ല. മോദി ഗ്യാരൻ്റി വെറും ബഡായി മാത്രമെന്ന് രാഷ്ട്രീയ ശത്രുക്കൾ പറഞ്ഞു പരത്താനും തുടങ്ങി. തൃശൂരിൽ നിന്ന് ബിജെപി ടിക്കറ്റിൽ സുരേഷ് ഗോപി ജയിച്ച് മന്ത്രിയായിട്ടും കേരളത്തിന് ആനമുട്ട എന്നാണ് ഇടത്- വലത് മുന്നണികളുടെ പ്രചരണം.

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളോടുള്ള അവഗണനയാണ് ബജറ്റിൽ പ്രതിഫലിച്ചതെന്ന വാദത്തിന് ബലം കൂട്ടുന്ന അനുഭവമാണ് കേരളത്തിനും ഉണ്ടായത്. രണ്ട് കേന്ദ്രമന്ത്രിമാർ സംസ്ഥാനത്ത് നിന്നുണ്ടായിട്ടും അവരുടെ വകുപ്പുകളിൽ പോലും മതിയായ വിഹിതമോ പദ്ധതികളോ പ്രഖ്യാപിച്ചില്ല. എയിംസ് കൊണ്ടുവരും, കൊണ്ടുവന്നിരിക്കും എന്നൊക്കെയുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സിനിമാറ്റിക് ഡയലോഗുകൾ വെറും ഡയലോഗ് മാത്രമായി അവശേഷിച്ചു. അക്കൗണ്ട് തുറന്നാലും ഇല്ലെങ്കിലും കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ അവഗണനക്ക് ഒരു മാറ്റവുമില്ലെന്നാണ് ബജറ്റ് പ്രഖ്യാപനം സൂചിപ്പിക്കുന്നത്.

കേന്ദ്ര അവഗണനയെക്കുറിച്ച് എന്ത് പറയണമെന്നറിയാതെ നട്ടംതിരിയുകയാണ് സംസ്ഥാന ബിജെപി നേതൃത്വം. അവർ നിരാശരും ദു:ഖിതരുമാണ്. രാഷ്ടീയമായി പിടിച്ചു നിൽക്കാൻ ഒരു കച്ചിത്തുരുമ്പു പോലുമില്ലാത്ത അവസ്ഥയിലാണ് കെ.സുരേന്ദ്രനും കൂട്ടരും. വിഴിഞ്ഞം പദ്ധതി, എയിംസ്, നാഷണൽ ഹൈവെ വികസനം, റെയിൽവെ വികസനം ഇങ്ങനെ കുറെ പദ്ധതികൾക്ക് പണം അനുവദിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും തരാതെ സംസ്ഥാനത്തെ പറ്റിച്ചു എന്ന തോന്നലിനെ മറികടക്കാൻ ബിജെപി നേതാക്കൾ പെടാപാടിലാണ്. വരാനിരിക്കുന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളിൽ കേന്ദ്ര അവഗണന മുഖ്യ പ്രചരണ ആയുധമായാൽ ബിജെപി വെള്ളം കുടിക്കും.

ദേശീയ തലത്തിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രാഹുൽ ഗാന്ധിയും കോൺഗ്രസും ശക്തമായ പോരാട്ടമാണ് നടത്തുന്നത്. യുഡിഎഫും അതേ പാതയിലാവും മുന്നോട്ട് പോവുക. നേരത്തെ കേന്ദ്രത്തിനെതിരെ സംയുക്ത പോരാട്ടത്തിന് എതിര് നിന്ന യുഡിഎഫ്‌, മാറിയ സാഹചര്യത്തിൽ ഇടത് മുന്നണിയുമായി യോജിച്ച് കേന്ദ്ര അവഗണനക്കെതിരെ പോരാടുമോ എന്നാണ് രാഷ്ടീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചായത്ത്, മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പിടിച്ചു നിൽക്കണമെങ്കിൽ കേന്ദ്രത്തിൽ നിന്ന് എന്തെങ്കിലും പ്രഖ്യാപനമുണ്ടായാലേ പറ്റൂ എന്ന നിലയിലാണ് സംസ്ഥാന ബിജെപി. പാർട്ടിയുടെ മോഹങ്ങൾക്ക് തിരിച്ചടി നൽകുന്ന ബജറ്റിൽ നിന്ന് കരകയറാൻ പുതിയ ചവിട്ടുപടികൾ സൃഷ്ടിച്ചില്ലെങ്കിൽ ദയനീയമായ പതനം ഉണ്ടാവുമെന്ന് അവർ ഭയപ്പെടുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top