കുഴല്‍പ്പണത്തില്‍ കറങ്ങി ബിജെപി; കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിയാതെ നേതാക്കള്‍; മാധ്യമങ്ങളെ പഴി പറഞ്ഞ് പ്രതിരോധം

കൊടകര കുഴല്‍പ്പണക്കേസില്‍ ഒരിക്കല്‍ കൂടി കാലിടറി സംസ്ഥാനത്തെ ബിജിപി നേതൃത്വം. ബിജെപി ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലോടെയാണ് വീണ്ടും ഈ വിഷയം വിവാദത്തിലേക്ക് ഉയര്‍ന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ ആരോപണ നിഴലിലാകുന്ന കുഴല്‍പണ ഇടപാട് പ്രതിരോധിക്കാന്‍ ബുദ്ധിമുട്ടുകയാണ് ബിജെപി.

കുഴല്‍പ്പണ ഇടപാട് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. അത് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടായി എന്നത് ഗുരുതരമാണ്. ഇതില്‍ ഇഡി അടക്കമുള്ള അന്വേഷണം എന്തുകൊണ്ട് ഉണ്ടായില്ലെന്ന ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാതെ ഉഴലുകയാണ് നേതാക്കള്‍. ഇതിനൊപ്പമാണ് മൂന്നു വര്‍ഷം മുമ്പ് തന്നെ പോലീസ് ഇഡി അന്വേഷണം ആവശ്യപ്പെട്ടു എന്ന വിവരം കൂടി പുറത്തുവന്നത് ചര്‍ച്ചയായി. ഇതോടെ എങ്ങനെ പ്രതിരോധിക്കും എന്ന് അറിയാത്ത സ്ഥിതിയാണ്.

പരിഹസിച്ചും മാധ്യമങ്ങളെ പ്രതിസ്ഥാനത്താക്കിയും രക്ഷപ്പെടാനാണ് ബിജെപി ശ്രമം. ഒപ്പം സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ആരോപണം എന്ന ദുര്‍ബലമായ പ്രതിരോധം ഉന്നയിക്കുകയുമാണ് ചെയ്യുന്നത്. മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനാണ് ഇന്ന് ആദ്യം രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് കാലമെന്നത് എകെജി സെന്ററില്‍നിന്ന് തിരക്കഥാകൃത്തുക്കള്‍ രംഗത്തിറങ്ങുന്ന സമയമാണെന്ന് പരിഹസിച്ച് പ്രതിരോധം തീര്‍ക്കാനാണ് ശ്രമിച്ചത്. ഒപ്പം വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ഓഫീസ് സെക്രട്ടറി എന്നുപറഞ്ഞാല്‍ ചായ വാങ്ങിക്കൊടുക്കാന്‍ നിര്‍ത്തുന്ന ആളാണ്. അയാളാണോ കോടികള്‍ക്ക് കാവല്‍ നില്‍ക്കുന്നത്. ഈ തിരക്കഥ കേരളത്തിലെ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ പര്യാപ്തമല്ലെന്നും മുരളീധരന്‍ പറഞ്ഞു.

എന്തുകൊണ്ട് ഇഡി അന്വേഷണം ഇല്ല എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഏറെ ശ്രദ്ധേയം മൂന്നുകൊല്ലം ഉറക്കമായിരുന്നോ കേരളാ പോലീസ്? കേരളാ പോലീസ് കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇഡി അന്വേഷണം നടത്താത്തത് മൂന്നുകൊല്ലം കഴിഞ്ഞ് ഉറക്കം ഉണര്‍ന്നപ്പോഴാണോ അറിഞ്ഞത്? ബിജെപിയുടെ ഒരുനേതാവും നെഞ്ചുവേദന അനുഭവിച്ചിട്ടില്ല. ഇഡി വിളിക്കുമ്പോള്‍ നെഞ്ചുവേദന അനുഭവിക്കുന്നവരെ എല്ലാവര്‍ക്കുമറിയാം എന്നെല്ലാം പറഞ്ഞ് വീണിടത്ത് കിടന്ന് ഉരുളുകയായിരുന്നു മുരളീധരന്‍.

അടുത്ത ഊഴം കെ സുരേന്ദ്രന്റേതായിരുന്നു. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം ചര്‍ച്ച ചെയ്യാതിരിക്കാനുള്ള നീക്കമെന്ന സിദ്ധാന്തമാണ് സുരേന്ദ്രന്‍ പറഞ്ഞത്. ഒപ്പം സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിപ്പറയുകയും ചെയ്തു. ഓരോ തിരഞ്ഞെടുപ്പിലും ഓരോ അവതാരങ്ങളെ ഇറക്കുകയാണ്. ഇതിനേക്കാള്‍ വലിയ മൊഴികള്‍ വന്നിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് അരണയുടെ ബുദ്ധിയാണ്. അതുകൊണ്ടാണ് ഇതെല്ലാം മറക്കുന്നത്. നേരത്തെ നടന്ന അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കും. ബിജെപി വിജയം മുന്‍കൂട്ടി കണ്ടുളള പ്രചരണമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കുഴല്‍പണം ഇടപാട് നടന്നിട്ടുണ്ടെങ്കില്‍ ആ പണം എവിടെ പോയി എന്ന് കണ്ടെത്തണം. പോലീസ് ഒരു മൊഴി എഴുതികൊടുത്തിട്ട് അത് വലിയ സംഭവമാക്കുകയാണ്. അത് തെറ്റാണെന്ന് കോടതിയില്‍ പുഷ്പം പോലെ തെളിയിക്കും. ഇഡി അന്വേഷണം സംബന്ധിച്ച് ആരെങ്കിലും ഹൈക്കോടതിയെ സമീപിച്ചാല്‍ അന്വേഷിച്ചുവെന്ന് മറുപടി ലഭിക്കുമെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. ഒപ്പം മാധ്യമങ്ങള്‍ ഇക്കാര്യങ്ങളില്‍ വേണ്ട പഠനം നടത്തില്ലെന്ന് വിമര്‍ശനം പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top