കൊടകരയില്‍ കുളം കലക്കി ശോഭ സുരേന്ദ്രന്‍; സംസ്ഥാന പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് തീപ്പൊരി വാര്‍ത്താ സമ്മേളനങ്ങള്‍
കേരളത്തിലെ ബിജെപി നേതൃത്വവും പ്രത്യേകിച്ച് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പ്രതിരോധത്തിലാകുന്നതാണ് കൊടകര കുഴല്‍പ്പണക്കേസ്. ആദ്യം ഈ വിഷയം ഉയര്‍ന്നപ്പോള്‍ മുതല്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ പോലും നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. സിപിഎമ്മുമായി ഏറെ വിട്ടുവീഴ്ചകള്‍ ചെയ്താണ് ഈ ആരോപണം ബിജെപി 2021ല്‍ ഒതുക്കിയത് എന്ന് ആരോപണവും ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ ഒതുക്കിവച്ചിരുന്ന വിഷയം പൊടുന്നനെ വീണ്ടും ചര്‍ച്ചയായപ്പോള്‍ തന്നെ നേതൃത്വം അപകടം മണത്തതാണ്. ഇത് ശരിവക്കുന്ന തരത്തിലാണ് പിന്നീട് പുറത്തു വരുന്ന വാര്‍ത്തകള്‍.
ബിജെപിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന തീരൂര്‍ സതീശ് നടത്തിയ വെളിപ്പെടുത്തലാണ് കൊടകര കുഴല്‍പ്പണക്കേസിനെ വീണ്ടും ചര്‍ച്ചകളില്‍ എത്തിച്ചത്. തിരഞ്ഞെടുപ്പ് സാമഗ്രികള്‍ എന്ന പേരില്‍ ചാക്കുകളില്‍പണം എത്തിച്ചെന്നും ഈ സമയം കെ സുരേന്ദ്രന്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ ഉണ്ടായിരുന്നതായും സതീശന്‍ പറഞ്ഞു. ഇക്കാര്യം ശോഭാ സുരേന്ദ്രന്‍ പറഞ്ഞിട്ടാണ് വെളിപ്പെടുത്തുന്നതെന്നും സതീശന്‍ ആരോപിച്ചു. ഇങ്ങനെയാണ് വിഷയത്തില്‍ ശോഭ സുരേന്ദ്രന്റെ എന്‍ട്രി.
പിന്നീട് കളം പിടിക്കാനായി തീപ്പൊരി ഡയലോഗുകളിലുള്ള വാര്‍ത്താ സമ്മേളനവുമായി വനിതാ നേതാവ് രംഗത്തെത്തി. സതീശന്‍ പറയുന്നതെല്ലാം നുണയാണെന്നും ഇതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മുമാണൈന്ന് ആരോപിച്ചു. ഒപ്പം കടുത്ത ഭാഷയില്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. ഇതോടൊപ്പം തന്റെ സംഘടനാപ്രവര്‍ത്തനത്തിന്റെ ചരിത്രവും വിളിച്ചു പറഞ്ഞു. നൂലില്‍ കെട്ടിയിറക്കിയ നേതാവല്ലെന്നും ഒരു ഗോഡ്ഫാദറും വളര്‍ത്തിവിട്ട ആളല്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പ്രത്യക്ഷ വിമര്‍ശനം സിപിഎമ്മിനു നേരെയാണെങ്കിലും ശോഭയുടെ ലക്ഷ്യം ബിജെപിയിലെ സുരേന്ദ്രന്‍ പക്ഷം തന്നെയാണ്.
താന്‍ പറഞ്ഞിട്ടാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്ന സതീശന്റെ ആരോപണങ്ങള്‍ ശോഭ തള്ളുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ വീട്ടില്‍ ശോഭ എത്തിയ ചിത്രങ്ങള്‍ പുറത്തുവിട്ടായിരുന്നു സതീശന്റെ മറുപടി. ഇത്രയും കാര്യങ്ങള്‍ പുറത്തു വന്നിട്ടും ശോഭ സുരേന്ദ്രനെ പരസ്യമായി തള്ളിപ്പറയാനോ പേരിന് ഒന്ന് വിമര്‍ശിക്കാന്‍ പോലും സംസ്ഥാന നേതൃത്വം തയാറായിട്ടില്ല. ഇത് ശോഭയുടെ പ്രതികരണം ഏത് രീതിയിലാകും എന്ന് മനസിലാക്കി തന്നെയാണ്. ബിജെപി നേതാക്കളുടെ പേര് വലിച്ചിഴയ്ക്കുന്നത് ദുരുദ്ദേശ്യപരമാണ്. ശോഭയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസം ഉണ്ടാക്കാനാണ് ശ്രമം. സതീശന് പിന്നില്‍ ശോഭാ സുരേന്ദ്രനാണെന്ന് ആര് പറഞ്ഞാലും വിശ്വസിക്കില്ലെന്നും പറഞ്ഞ് വിവാദങ്ങളെ മയപ്പെടുത്താനാണ് ഇന്നും കെ സുരേന്ദ്രന്‍ ശ്രമിച്ചത്.
പാലക്കാട് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ ശോഭ സുരേന്ദ്രന്‍ അസ്വസ്ഥയാണ്. ഇതോടെയാണ് കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് കസേരയില്‍ നിന്നിറക്കി അവിടെ ഇരിക്കാനുള്ള ശ്രമം ശോഭ സജീവമാക്കിയത്. ദേശീയ നേതൃത്വത്തിനും ശോഭയുടെ കാര്യത്തില്‍ താല്പ്പര്യമുണ്ട്. ഈ അനുകൂല സാഹചര്യം മുതലാക്കാനാണ് ശോഭ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്. അണികളെ ആവേശത്തിലാക്കുന്ന തരത്തിലാണ് ശോഭയുടെ വാര്‍ത്താസമ്മേളനങ്ങള്‍. ഒപ്പം തനിക്കെതിരെ മോശം വാര്‍ത്ത നല്‍കിയെന്ന പേരില്‍ രണ്ട് മാധ്യമങ്ങളെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വിലക്കിയും അതിന്റെ ഉടമകള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചും കളം നിറയുകയാണ്.
2026ലാണ് ബജെപിയില്‍ സംഘടനാ പുനസംഘടന നടക്കേണ്ടത്. നിലവില്‍ കെ സുരേന്ദ്രന്‍ ആധിപത്യം ഉറപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലാ പ്രസിഡന്റുമാരുടെ കാര്യത്തിലടക്കം സുരേന്ദ്രനും വി മുരളീധരനും നേതൃത്വം നല്‍കുന്ന വിഭാഗം ഏകപക്ഷീയമായ നീക്കങ്ങള്‍ നടത്തുകയാണ്. സംഘടനാ തിരഞ്ഞെടുപ്പിലൂടെ വരാന്‍ കഴിയില്ലെന്ന് ശോഭക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് ലഭിച്ച അവസരത്തില്‍ പരമാവധി കുളം കലക്കി നിലവിലെ നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കുന്നത്. ഇത് ഫലം കാണുമോ എന്നാണ് ഇനി അറിയേണ്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here