കാര്യമായ നേട്ടങ്ങളില്ലാതെ സുരേന്ദ്രന്റെ പടിയിറക്കം; ബിജെപിക്ക് വോട്ട് കൂടിയെന്നത് യാഥാര്‍ത്ഥ്യം; നാണക്കേടായി കൊടകര കുഴല്‍പ്പണക്കേസ്

സംസ്ഥാന പ്രസിഡന്റില്ലാതെ ഏറെക്കാലം മുന്നോട്ടുപോയ ബിജെപി 2020 ഫെബ്രുവരി 15നാണ് കെ സുരേന്ദ്രനെ പ്രസിഡന്റായി നിയമിച്ചത്. കേന്ദ്രമന്ത്രിയായിരുന്ന വി മുരളീധരന്റെ നോമിനിയായി സുരേന്ദ്രന്‍ എത്തിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഏറെ പ്രതീക്ഷിച്ചു. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി സുരേന്ദ്രന്‍ പടിയിറങ്ങുമ്പോള്‍ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കാന്‍ സുരേന്ദ്രന് കഴിഞ്ഞോ എന്നത് സംശയമാണ്. പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവിലും വിഭാഗീയതയിലും കലുഷിതമായ സാഹചര്യങ്ങളിലൂടെയാണ് ബിജെപി മുന്നോട്ടു പോകുന്നത്. ഇവ പരിഹരിക്കുന്നതിന് പകരം, കക്ഷിചേര്‍ന്ന് തന്റെ ഒപ്പമുള്ളവര്‍ക്കായി പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ വെട്ടിപ്പിടിക്കുകയാണ് സുരേന്ദ്രന്‍ ചെയ്തത്.

ശബരിമല പ്രക്ഷോഭകാലത്തെ അറസ്റ്റും ജയില്‍വാസവുമെല്ലാമായി താരപരിവേഷത്തിൽ ആയിരുന്നു സുരേന്ദ്രന്‍ പാര്‍ട്ടിയെ നയിക്കാന്‍ എത്തിയത്. എന്നാല്‍ അതിന്റെ ഗുണം പാര്‍ട്ടിക്കുണ്ടായി എന്ന് പറയാന്‍ കഴിയില്ല. വോട്ട് ശതമാനത്തില്‍ വര്‍ദ്ധനയുണ്ടായി എന്നത് ശരിയാണ്. എന്നാല്‍ അത് സംസ്ഥാന പ്രസിഡന്റിന്റെ ക്രെഡിറ്റായി കണക്കാക്കാന്‍ കഴിയില്ല. സ്ഥാനാര്‍ത്ഥി മികവില്‍ ചില മണ്ഡലങ്ങളിലെ നേട്ടത്തിന്റെ ഭാഗമാണ് ഈ വോട്ട് ശതമാനത്തിലെ വര്‍ദ്ധന. ഇതിനിടെ കൈവശമുണ്ടായിരുന്ന ഒരു നിയമസഭാ സീറ്റ് നഷ്ടമായതും സുരേന്ദ്രന് തിരിച്ചടിയാണ്.

തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയമാണ് സുരേന്ദ്രന്‍ കാലത്തെ ബിജെപിയുടെ ഏറ്റവും വലിയ നേട്ടം. അതില്‍ കാര്യമായ അവകാശവാദം സുരേന്ദ്രന് ഉന്നയിക്കാന്‍ കഴിയില്ല. കാരണം സുരേഷ് ഗോപി തന്നെ സുരേന്ദ്രനടക്കമുളള നേതാക്കളുമായി പലവട്ടം കോര്‍ത്തിട്ടുണ്ട്. വ്യക്തിപരമായി ലഭിച്ച വോട്ട് എന്ന് പറയുകയും ചെയ്തിട്ടുണ്ട്.

ബിജെപിയെ സമാനതകളില്ലാത്ത നാണക്കേടില്‍ വീഴ്ത്തിയ കൊടകര കുഴപ്പണക്കേസും സുരേന്ദ്രന്റെ കാലത്താണ്. ഇത് സുരേന്ദ്രനെ എല്ലാ കാലത്തും വേട്ടയാടും എന്ന് ഉറപ്പാണ്. കൂടാതെ രണ്ട് തിരഞ്ഞെടുപ്പ് കേസുകളും. സംസ്ഥാന സർക്കാരിൻ്റെ കീഴിലെ ബന്ധുനിയമനങ്ങളില്‍ വലിയ വിമര്‍ശനം ഉന്നയിക്കുന്ന കാലത്താണ് സുരേന്ദ്രന്റെ മകൻ്റെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിലെ നിയമനം വിവാദമായത്. പാലക്കാട്ടെ തോല്‍വി സുരേന്ദ്രന് അവസാനം ഉണ്ടായ തിരിച്ചടിയാണ്. കൂടാതെ സുരേന്ദ്രനെ പരസ്യമായി വിമര്‍ശിച്ച് സന്ദീപ് വാര്യര്‍ പാര്‍ട്ടിവിട്ടതും ക്ഷീണമായി.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പദവിയില്‍ നിന്നും മാറുന്നയാള്‍ക്ക് മറ്റൊരു കൃത്യമായ സ്ഥാനം ഉറപ്പാക്കുന്ന പതിവും സുരേന്ദ്രന്റെ കാര്യത്തില്‍ ബിജെപി മാറ്റിവച്ചു. സുരേന്ദ്രന്റെ മുന്‍ഗാമികളായിരുന്ന വി മുരളീധരന്‍ കേന്ദ്രമന്ത്രിയായി കുമ്മനം രാജശേഖരന്‍, പിഎസ് ശ്രീധരന്‍ പിള്ള എന്നിവര്‍ ഗവര്‍ണര്‍മാരായി. സുരേന്ദ്രന്റെ കാര്യത്തില്‍ അത്തരമൊരു ചര്‍ച്ച പോലും നടക്കുന്നില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top