പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക അതിക്രമങ്ങള്‍ പുറത്ത് കൊണ്ടുവന്ന ബിജെപി നേതാവ് പീഡനക്കേസില്‍ അറസ്റ്റില്‍. ദേവരാജ് ഗൗഡ പീഡിപ്പിച്ചെന്ന് 36 കാരിയുടെ പരാതി

ബംഗലൂരു: കടുവയെ കിടുവ പിടിച്ചു എന്ന് കേട്ടിട്ടേ ഉള്ളു. ഇതാ ഇപ്പൊ അതും സംഭവിച്ചു. ജനതാദള്‍(എസ്) എംപി പ്രജ്വല്‍ രേവണ്ണ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നകാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതിയ ബിജെപി നേതാവ് അഡ്വ. ദേവരാജെ ഗൗഡ അറസ്റ്റില്‍. ഹാസനിലെ 36-കാരി നല്‍കിയ ലൈംഗിക പീഡന പരാതിയിലാണ് അറസ്റ്റ് എന്നാണ് പുറത്തുവരുന്ന വിവരം. പ്രജ്വല്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിലാണ് അറസ്റ്റെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വസ്തു വില്‍ക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം ദേവരാജ ഗൗഡക്കെതിരെ കേസെടുത്തിരുന്നു. പ്രജ്വലിന്റെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് ദേവരാജെ ഗൗഡ നേതൃത്വത്തെ അറിയിക്കുകയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എച്ച്ഡി രേവണ്ണക്കെതിരെ ഹൊളെനരസി പുരയില്‍ ബിജെപി സ്ഥാനാര്‍ഥി ആയിരുന്നു ദേവരാജെ ഗൗഡ. അദ്ദേഹത്തിന്റെ അറസ്റ്റിനോട് പ്രതികരിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ജനതാദളും ബിജെപിയും തമ്മില്‍ കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയത്.

പ്രജ്വലിന് ഹാസന്‍ സീറ്റ് നല്‍കുന്നതിനെതിരെ ബിജെപി സംസ്ഥാന ഘടകത്തിന് ദേവരാജ് ഗൗഡ കഴിഞ്ഞ ഡിസംബറില്‍ കത്തയച്ചിരുന്നു. പ്രജ്വലിനെതിരെയുള്ള ലൈംഗിക ആരോപണങ്ങളെക്കുറിച്ച് ഇദ്ദേഹം കത്തില്‍ വിശദമാക്കിയിരുന്നു.പക്ഷേ, നേതൃത്വം ഈ ആക്ഷേപങ്ങളൊന്നും പരിഗണിക്കാതെയാണ് സീറ്റ് നല്‍കിയത്.

തിരഞ്ഞെടുപ്പിന് പിറ്റേന്ന് വിദേശത്തേക്ക് കടന്ന പ്രജ്വല്‍ രേവണ്ണയെ പിടിക്കാന്‍ ഇതേ വരെ കഴിഞ്ഞിട്ടില്ല. പ്രജ്വലുമായി ബന്ധപ്പെട്ട 200ലധികം സ്ത്രീകളുടെ 1976 ലൈംഗിക ദൃശ്യങ്ങളാണ് നാടാകെ പരന്നിരിക്കുന്നത്. നിലവില്‍ മൂന്ന് കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്റര്‍പോള്‍ 156 രാജ്യങ്ങളില്‍ പ്രജ്വലിനെ തിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top